08 October Tuesday
ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്‌, മാത്യു കുഴൽനാടൻ തുടങ്ങിയവർ സ്‌പീക്കറുടെ 
ഡയസിലേക്ക്‌ തള്ളിക്കയറി

ഒളിച്ചോടി പ്രതിപക്ഷം ; തുറന്നുകാട്ടപ്പെടുമെന്ന്‌ പേടി , സ്പീക്കറെ മറച്ച്‌ ബാനർ പിടിച്ച്‌ ബഹളം

പ്രത്യേക ലേഖകൻUpdated: Monday Oct 7, 2024

നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകി മുഖ്യമന്ത്രി സംസാരിക്കുമ്പോൾ 
സ്‌പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറുന്ന പ്രതിപക്ഷ എംഎൽഎമാർ


തിരുവനന്തപുരം
മലപ്പുറത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയം ചർച്ചചെയ്യാൻ സർക്കാർ തയ്യാറായതോടെ നിയമസഭയെ അഭിമുഖീകരിക്കാതെ പ്രതിപക്ഷം  ഭയന്നോടി. ‘മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും ലഭിക്കുന്ന പണം ദേശവിരുദ്ധപ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നുവെന്ന ദേശീയ മാധ്യമങ്ങളിലെ വാർത്ത ’ സംബന്ധിച്ചായിരുന്നു നോട്ടീസ്‌. എന്നാൽ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതോടെ  പ്രതിപക്ഷം വെട്ടിലായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം അടിയന്തരമായി ചർച്ച ചെയ്യാമെന്ന്‌ സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ  നിലപാടെടുത്തു.  ഉച്ചയ്‌ക്ക്‌ 12ന്‌ ചർച്ച നടത്താമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പ്രഖ്യാപിച്ചു.

പ്രമേയം ചർച്ചചെയ്‌താൽ തങ്ങൾ തുറന്നുകാട്ടപ്പെടുമെന്ന്‌ മനസിലായ പ്രതിപക്ഷ നേതാവ്‌, ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷും തന്നെക്കുറിച്ച്‌  മോശം പരാമർശം നടത്തിയെന്ന കഥയുമായി രംഗത്തെത്തി. തുടർന്ന്‌ അംഗങ്ങളെവിട്ട്‌ പ്രശ്നമുണ്ടാക്കുകയായിരുന്നു.  സ്‌പീക്കറുടെ ഡയസിലേക്ക്‌ തള്ളിക്കയറാനായി അടുത്ത ശ്രമം. സ്‌പീക്കറെ മറച്ച്‌ ബാനറുയർത്തി ബഹളവുംവച്ചു. ഐ സി ബാലകൃഷ്‌ണൻ, അൻവർ സാദത്ത്‌, മാത്യു കുഴൽനാടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്‌പീക്കറുടെ ഡയസിന്റെ കൈവരി ചാടിക്കടക്കാനും സ്‌പീക്കറെ കടന്നാക്രമിക്കാനും പലവട്ടം ശ്രമിച്ചു.  ഉമ തോമസടക്കമുള്ളവർ ഡയസിലേക്ക്‌ കയറാൻ ശ്രമിച്ചെങ്കിലും വനിതാ വാച്ച്‌ ആൻഡ് വാർഡുമാർ തടഞ്ഞു.  

ഇതിനിടെ മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന പ്രതിപക്ഷ നേതാവിന്റെ അധിക്ഷേപം പ്രതിഷേധത്തിനിടയാക്കി. ‘കാപട്യത്തിന്റെ മൂർത്തീഭാവമാണ് സതീശൻ’എന്ന്‌ തുറന്നടിച്ച മുഖ്യമന്ത്രി, കണ്ണാടിയിൽ നോക്കേണ്ടത് നിങ്ങളാണെന്നും  ഈ നാട് എന്താണെന്ന്‌ ആദ്യം മനസ്സിലാക്കണമെന്നും പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. തുടർന്ന്‌ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.

പ്രതിപക്ഷ നടപടി 
സഭയുടെ അവകാശലംഘനം
നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾക്ക്‌ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ അനുവദിക്കുന്നതിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്ന്‌ സ്പീക്കർ എ എൻ ഷംസീർ. ഇതുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളിൽ റൂളിങ്‌ നൽകുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങൾക്കായി ലഭിക്കുന്ന നോട്ടീസുകൾ യാതൊരു വിവേചനവുമില്ലാതെ ചട്ടപ്രകാരമാണ്‌ പരിഗണിക്കുന്നതെന്നും സ്പീക്കർ റൂളിങിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള നോട്ടീസുകൾ വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതാണ്‌. തദ്ദേശീയ പ്രാധാന്യം മാത്രമുള്ള വിഷയങ്ങളാണെന്ന വസ്തുത കൂടി പരിഗണിച്ചാണ്‌ നക്ഷത്ര ചിഹ്നമിടാത്തതായി പരിഗണിച്ചത്‌.

നിയമസഭാ ചട്ടപ്രകാരം ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയിൽ മറുപടി നൽകുന്ന ദിവസം വരെ യാതൊരു പ്രചാരണവും നൽകാൻ പാടില്ല. ചട്ടം ലംഘിച്ച്‌  പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ പ്രചരിപ്പിച്ച  നടപടിയെ വിമർശിച്ചു. ഇത്‌ സഭയുടെ അവകാശത്തിന്റെ ലംഘനമാണെന്നും സ്പീക്കർ പറഞ്ഞു.

പ്രതിപക്ഷത്തിന്‌ ആത്മവിശ്വാസം 
നഷ്ടപ്പെട്ടു: മന്ത്രിമാർ
അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന്‌ മന്ത്രിമാരായ പി രാജീവ്‌, എം ബി രാജേഷ്‌, കെ രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രമേയം ചർച്ചയ്‌ക്കെടുത്താൽ തങ്ങളുടെ കാപട്യം തുറന്നുകാണിക്കപ്പെടുമെന്ന്‌ അവർ ഭയന്നാണ്‌ അടിയന്തര പ്രമേയം ചർച്ചയിൽനിന്ന്‌ ഒളിച്ചോടിയത്‌–- പി രാജീവ്‌ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ്‌ പരിഗണിക്കുന്നതിന്‌ മുമ്പായി പ്രതിപക്ഷ നേതാവിന്‌ മൈക്ക്‌ ആവശ്യപ്പെടാനും തന്റെ വിയോജിപ്പ്‌ രേഖപ്പെടുത്താനും അവസരമുണ്ടായിരുന്നു. എന്നാൽ അടിയന്തര പ്രമേയം എങ്ങനെയും തടസപ്പെടുത്താനാണ്‌ വി ഡി സതീശൻ ശ്രമിച്ചത്‌. ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കറുടെ മേശപ്പുറത്ത്‌ കയറി. സഭയുടെ നിലവാരം നഷ്ടമായെന്ന്‌   മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ വരെ പറയേണ്ടി വന്നു–- രാജീവ്‌ പറഞ്ഞു. ബോധപൂർവം പ്രകോപനമുണ്ടാക്കാനാണ്‌ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിയെയും സ്‌പീക്കറെയും അധിക്ഷേപിച്ചതെന്ന്‌ എം ബി രാജേഷ്‌ പറഞ്ഞു. നിങ്ങൾ എന്ന്‌ സ്‌പീക്കറെ കൈചൂണ്ടി വിളിക്കുന്ന രീതി സഭാചരിത്രത്തിൽ ഇല്ല. പക്വതയില്ലെന്ന വിമർശം ശരിവക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്‌–- രാജേഷ്‌ പറഞ്ഞു.

ആസൂത്രിതമായ അജൻഡ നടപ്പാക്കാൻ കഴിയാത്തതിന്റെ അസ്വസ്ഥതയാണ്‌ പ്രതിപക്ഷം സഭയോടും ജനങ്ങളോടും കാണിച്ചതെന്ന്‌ കെ രാജൻ പറഞ്ഞു. എന്തിനാണ്‌ നിയമസഭ ബഹിഷ്‌കരിച്ചതെന്ന്‌ അവർ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ പരാമർശമായിരുന്നു പ്രശ്‌നമെങ്കിൽ നിയമസഭാ ചട്ടപ്രകാരം സഭാരേഖകളിൽനിന്ന്‌ മാറ്റാൻ ആവശ്യപ്പെടാമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കേണ്ട രീതിയിലല്ല  പ്രതിപക്ഷ നേതാവ്‌ പ്രതികരിച്ചത്‌–- രാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top