08 November Friday

വഴിയിലുപേക്ഷിച്ചത്‌ സ്വന്തം പ്രമേയം ; കെണിയിൽവീണ്‌ പ്രതിപക്ഷം

ദിനേശ്‌ വർമUpdated: Monday Oct 7, 2024



തിരുവനന്തപുരം
മലപ്പുറത്തെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തിയും പുകമറ സൃഷ്ടിച്ചും പതിവ്‌ രീതിയിൽ നിയമസഭയിൽ നടത്താൻ നിശ്ചയിച്ച ‘ഷോ’ പൊളിഞ്ഞതിന്റെ ജാള്യം മറയ്‌ക്കാനാവാതെ പ്രതിപക്ഷം. മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ച്‌ അരുതാത്തതെന്തോ പറഞ്ഞെന്ന  കുപ്രചാരണത്തിന്റെ മുന ഒടിക്കാൻ തന്നെയാണ്‌ അടിയന്തര പ്രമേയം ചർച്ചക്കെടുക്കാൻ സർക്കാർ തയ്യാറായത്‌. അഭിമുഖം പ്രസിദ്ധീകരിച്ച പത്രം തന്നെ  പിശക്‌ തുറന്നുപറഞ്ഞ്‌ ഖേദം പ്രകടിപ്പിച്ചിരുന്നു. അതോടെ തീരേണ്ട വിഷയമാണ്‌ സഭയിൽ വലിച്ചിഴക്കാൻ ശ്രമിച്ചത്‌.  

പ്രമേയം ചർച്ച ചെയ്‌താൽ തങ്ങളുടെ ഗൂഢലക്ഷ്യം പുറത്താകുമെന്ന്‌ ബോധ്യപ്പെട്ടതോടെ പ്രതിപക്ഷം സഭ അലങ്കോലമാക്കി. മലപ്പുറത്തെ സംബന്ധിച്ച്‌ എന്തെങ്കിലും മോശം പരാമർശം സർക്കാരുമായി ബന്ധപ്പെട്ടവരോ മുഖ്യമന്ത്രിയോ നടത്തിയിട്ടില്ലെന്ന്‌ വ്യക്തമാകുന്നതിനൊപ്പം എൽഡിഎഫ്‌ സർക്കാർ ചെയ്ത നന്മകളും ചർച്ചയാവുമായിരുന്നു. കോൺഗ്രസ്‌ സർക്കാരുകളും നേതാക്കളും മലപ്പുറവുമായി ബന്ധപ്പെട്ട്‌ എടുത്ത സമീപനങ്ങളും പുറത്തുവരും, കൃത്യമായ വിവരങ്ങളും കണക്കുകളും ലോകമറിയും. സ്വയം കെണിയിലായത്‌ മനസ്സിലായതോടെയാണ്‌ വി ഡി സതീശന്റെ നേതൃത്വത്തിൽ തടിരക്ഷപ്പെടാൻ നോക്കിയത്‌. തന്നെയുമല്ല, ഇതുവരെ ചർച്ചയ്‌ക്ക്‌ എടുത്ത അടിയന്തര പ്രമേയങ്ങളിലെല്ലാം പ്രതിപക്ഷം വല്ലാതെ വിയർക്കുകയായിരുന്നുവെന്ന  അനുഭവവും അവരെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു.

ഒടുവിൽ ചർച്ച ഏതുവിധേനയും ഒഴിവാക്കുക  മാത്രമായി ലക്ഷ്യം. സപീക്കറുടെ ഡയസിനുമുന്നിൽ കൂട്ടബഹളമുണ്ടാക്കിയതും ബാനർപിടിച്ചതും അതിനായിരുന്നു. സഭയ്‌ക്ക്‌  അന്തസ്സും പ്രവർത്തന പാരമ്പര്യവുമുണ്ടെന്നും അതാരും ലംഘിക്കരുതെന്നുമുള്ള മുൻപ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വാക്കുകൾ എടുത്ത്‌ തന്നെയാണ്‌ മുഖ്യമന്ത്രി സതീശന്‌ മറുപടി കൊടുത്തത്‌.

ചോദ്യോത്തര വേളയിലോ, ബഹിഷ്‌കരണം കഴിഞ്ഞ്‌ മടങ്ങിവന്നശേഷമോ ഉന്നയിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ്‌ എടുത്തിട്ടതുതന്നെ ബഹളമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും അധിക്ഷേപിച്ചെന്ന്‌ അതിനുമുൻപ്‌ പറഞ്ഞിട്ടേയില്ല. സ്‌പീക്കറുടെ ഡയസിനു മുന്നിൽ ബഹളം തുടങ്ങിയ ഉടൻ തന്നെ ബാനർ എത്തിച്ചതിലും ആസൂത്രണം വ്യക്തമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top