07 November Thursday

വെര്‍ച്വല്‍ ക്യൂവിനൊപ്പം 
കെഎസ്ആര്‍ടിസി ടിക്കറ്റും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


പത്തനംതിട്ട
ശബരിമല തീര്‍ഥാടകര്‍ക്ക്‌ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭിക്കും. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ശബരിമല ഒരുക്ക അവലോകനയോഗത്തിലാണ് തീരുമാനം.
40പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്പ് സീറ്റ് ബുക്ക് ചെയ്യാം. സ്ഥലം സ്‌റ്റേഷനില്‍നിന്ന്‌ 10 കിലോമീറ്ററിനുള്ളിലാണെങ്കിൽ അവിടെയത്തി തീർഥാടകരെ കയറ്റും. നിലയ്ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. വാഹനങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കാൻ ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിങ്‌ സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവ സജ്ജമാക്കും.

തീര്‍ഥാടനത്തിന്റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്‌. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും. അരമിനിറ്റ്‌ ഇടവിട്ട് 200 ബസുകള്‍ നിലയ്‌ക്കല്‍–- പമ്പ സര്‍വീസ് നടത്തും. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ തീർഥാടകർക്ക് ബസില്‍കയറാന്‍ പാര്‍ക്കിങ്ങ് സ്ഥലത്തുതന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍വരെ റോഡിന്റെ ഇരുവശത്തും സ്വകാര്യവാഹനങ്ങളുടെ അനധികൃതപാര്‍ക്കിങ്‌ നിരോധിക്കും.
പമ്പയില്‍നിന്ന്‌ ആവശ്യത്തിന് തീർഥാടകർ കയറിയാല്‍ നിലയ്ക്കലിൽ പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക്‌ തിരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ 20 സ്ക്വാഡുകള്‍ 2.50 കിലോമീറ്റര്‍ ദൂരം ഉണ്ടാകും. അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനകം സംഭവസ്ഥലത്തെത്തും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാൻ ആറു ഭാഷകളിൽ വീഡിയോ പ്രദർശിപ്പിക്കും.

ഇലക്ട്രിക്‌ വാഹനങ്ങളാകും പട്രോളിങ്ങിന് ഉപയോഗിക്കുക. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളില്‍ റിഫ്ലക്ടറുകള്‍ സ്ഥാപിക്കും. തമിഴ് തീർഥാടകർക്കായി ആര്യങ്കാവില്‍നിന്ന് പമ്പയിലേക്ക് ബസ് ഏര്‍പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ , കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top