നാദാപുരം
വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ പ്രതിരോധങ്ങൾക്ക് തിരിച്ചടിയായി കോടതിവിധി. അശ്ലീല പരാമർശം ഫെയ്‌സ്‌ബുക്കിൽ കമന്റായി ഇട്ട യൂത്ത് കോൺഗ്രസ് നേതാവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു ദിവസത്തെ തടവും 15,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തൊട്ടിൽപ്പാലം ചാപ്പൻതോട്ടം താമസിക്കും പെരുമ്പള്ളതിൽ മെബിൻ തോമസിനെയാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ യുഡിഎഫ് പ്രവർത്തകർ അങ്ങേയറ്റം മോശമായി കെ കെ ശൈലജക്കെതിരെ വ്യാപക സൈബർ ആക്രമണം നടത്തിയിരുന്നു. യുഡിഎഫ് സ്ഥാനാർഥിയുടെയും നേതാക്കളുടെയും മൗനസമ്മതത്തിലായിരുന്നു ഇതേറെയും നടന്നത്. തെളിവുസഹിതം എൽഡിഎഫ് ഇതുന്നയിച്ചശേഷവും തള്ളിപ്പറയാനോ അണികളെ തിരുത്താനോ യുഡിഎഫ് തയ്യാറായിരുന്നില്ല. വിഷയം വിവാദമായതോടെ ഇതിനുപിന്നിൽ തങ്ങളുടെ ആളുകളല്ലെന്ന് പറഞ്ഞ് പരാതിക്കാരെതന്നെ പ്രതികളാക്കി പ്രതിരോധിക്കാനായിരുന്നു യുഡിഎഫ് ശ്രമം. സ്ത്രീവിരുദ്ധതയെ പിന്തുണച്ച യുഡിഎഫിന്റെ കപടമുഖംകൂടിയാണ് കോടതിവിധിയോടെ വെളിവായത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിന്റെ അടുത്ത അനുയായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് ശിക്ഷിക്കപ്പെട്ട മെബിൻ തോമസ്. കോടതി പിരിയുംവരെയായിരുന്നു തടവുശിക്ഷ. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..