07 November Thursday
ബിജെപി ഷാഫിക്ക്‌ 
നൽകിയ കള്ളപ്പണമോ?

പരിശോധന തടയാൻ ശ്രമിച്ചത്‌ രണ്ട്‌ എംപിമാരുടെ 
 നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സംഘം , തടസ്സപ്പെടുത്താൻ സംഘർഷവുമായി ബിജെപി പ്രവർത്തകരും

പ്രത്യേക ലേഖകൻUpdated: Thursday Nov 7, 2024


പാലക്കാട്‌
ഉപതെരഞ്ഞെടുപ്പിൽ കള്ളപ്പണം തടയാനുള്ള പൊലീസിന്റെ സ്വാഭാവിക പരിശോധന തടസ്സപ്പെടുത്താൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചതിൽ അടിമുടി ദുരൂഹത. രണ്ട്‌ എംപിമാരുടെ  നേതൃത്വത്തിലാണ് പൊലീസ്‌ പരിശോധനയ്‌ക്ക്‌ അനാവശ്യ പ്രതിരോധം തീർത്തത്‌.  ചൊവ്വ രാത്രി 12 മുതലാണ്‌ പാലക്കാട്‌ നഗരത്തിലെ കെപിഎം റീജൻസിയിൽ പൊലീസ്‌ പരിശോധന തുടങ്ങിയത്‌.

സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്‌, എം വിജിൻ എംഎൽഎ, എം വി നികേഷ്‌കുമാർ എന്നിവരുടെ മുറികൾ ഉൾപ്പെടെ പരിശോധിച്ചു. ആരും തടസ്സപ്പെടുത്തിയതേയില്ല. കോൺഗ്രസ്‌ നേതാവ്‌ ഷാനിമോൾ ഉസ്‌മാൻ  വനിതാ പൊലീസ്‌ ഇല്ലാതെ പരിശോധിക്കാൻ അനുവദിക്കില്ലെന്ന്‌ വാശിപിടിച്ചു.
വനിതാ പൊലീസ്‌ എത്തിയിട്ടും ഷാനിമോൾ ഉസ്‌മാൻ മുറി തുറക്കാൻ സമ്മതിച്ചില്ല. അപ്പോഴേക്കും ഷാഫി പറമ്പിൽ, വി കെ ശ്രീകണ്‌ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ പ്രവർത്തകരുമായെത്തി തർക്കംതുടർന്നു.

മണിക്കൂറുകളോളം സംഘർഷം നിലനിർത്തുന്നതിനിടയിൽ കള്ളപ്പണം സുരക്ഷിതമായി മാറ്റിയെന്നും സംശയിക്കുന്നു. ഇതിനിടയിൽ ബിജെപി പ്രവർത്തകരും സംഘർഷത്തിന്‌  ശ്രമിച്ചു. അതും പൊലീസ്‌ റെയ്‌ഡ്‌ തടസ്സപ്പെടുത്താനാണെന്ന സംശയവും ഉയരുന്നു. ഷാഫിയും ശ്രീകണ്‌ഠനും യുഡിഎഫ്‌ സ്ഥാനാർഥിയും ആ ഹോട്ടലിൽ അല്ല താമസിക്കുന്നത്‌. പിന്നെ എന്തിനാണ്‌ അവർ അവിടെ എത്തിയതെന്നതും സംശയാസ്‌പദമാണ്‌. ചൊവ്വാഴ്‌ച രാത്രി 11ന്‌ ഹോട്ടലിൽനിന്നുപോയ ഷാഫിയും ശ്രീകണ്‌ഠനും ഒന്നര മണിക്കൂറിനുശേഷം പ്രവർത്തകരുമായി സംഘടിച്ചെത്തി പരിശോധന തടസ്സപ്പെടുത്തുകയായിരുന്നു.

യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽകാർഡ്‌ ഉണ്ടാക്കിയതിൽ പ്രതിസ്ഥാനത്തുള്ള ഫെനി നൈനാനാണ്‌ നീല ട്രോളി ബാഗുമായി ഹോട്ടലിൽ എത്തിയത്‌. ഈ സമയം വി കെ ശ്രീകണ്‌ഠനും ഒപ്പമുണ്ടായി. ഇതിൽ കള്ളപ്പണമെന്നാണ്‌ ആരോപണം. പരിശോധന 
രഹസ്യവിവരത്തിന്റെ 
അടിസ്ഥാനത്തിൽ കള്ളപ്പണം എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ചൊവ്വാഴ്‌ച രാത്രി കെപിഎം റീജൻസിയിൽ പരിശോധന നടത്തിയതെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.  സംഘർഷം 
സൃഷ്ടിച്ച്‌  
എസ്‌ പി 
ഓഫീസ്‌ മാർച്ച്‌ പരിശോധന തടസ്സപ്പെടുത്തിയതിൽ പ്രതിരോധത്തിലായ യുഡിഎഫ്‌, ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസിലേക്ക്‌ ബുധനാഴ്‌ച പകൽ മാർച്ച്‌ നടത്തി സംഘർഷത്തിന്‌ ശ്രമിച്ചു.

ഇതാ ആ നീല ട്രോളി ബാഗ്‌
കഴിഞ്ഞ രണ്ടുദിവസം കേരളത്തിലും പ്രത്യേകിച്ച്‌ പാലക്കാട്ടും പ്രധാന ചർച്ചാവിഷയം നീല ട്രോളി ബാഗ്. ഉപതെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ യുഡിഎഫ്‌ കൊണ്ടുവന്നതെന്ന്‌ സംശയിക്കുന്ന കള്ളപ്പണമെത്തിച്ചത്‌ ഈ ബാഗിലായിരുന്നു. പാലക്കാട്‌ കെപിഎം റീജൻസിയിൽ ചൊവ്വ രാത്രി 10.59ന്‌ നീല ട്രോളി ബാഗിൽ കള്ളപ്പണമെത്തിച്ചുവെന്ന്‌ പൊലീസിന്‌ രഹസ്യവിവരം ലഭിക്കുന്നു. ആ വിവരം നൽകിയത്‌ കോൺഗ്രസുകാർ തന്നെയെന്നാണ്‌ പുറത്തുവരുന്നത്‌. ആദ്യം നീല ട്രോളി ബാഗ്‌ ഇല്ലെന്ന്‌ വാദിച്ച യുഡിഎഫ്‌ സ്ഥാനാർഥി ബുധൻ പകൽ മൂന്നിന്‌ നടത്തിയ വാർത്താസമ്മേളനത്തിൽ നീല ട്രോളി ബാഗ്‌ പ്രദർശിപ്പിച്ചു. അതിൽ വസ്‌ത്രങ്ങളായിരുന്നുവെന്നാണ്‌ വാദിച്ചത്‌. ആദ്യം ഇല്ലെന്ന്‌ പറഞ്ഞ ബാഗ്‌ പ്രത്യക്ഷപ്പെട്ടപ്പോൾ അതിൽ വസ്‌ത്രങ്ങളായി. ബുധൻ വൈകിട്ട്‌ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ വാർത്താ ചാനലുകളും സംപ്രേഷണം ചെയ്‌തപ്പോൾ താരമായതും നീല ട്രോളി ബാഗാണ്‌.

ബിജെപി ഷാഫിക്ക്‌ 
നൽകിയ കള്ളപ്പണമോ?
ബിജെപിയുടെ കൊടകര കുഴൽപ്പണ ഇടപാടിലെ മുഖ്യസാക്ഷി ധർമരാജൻ കോൺഗ്രസ്‌ നേതാവ്‌ ഷാഫി പറമ്പിലിന്‌ നൽകിയ നാലുകോടി രൂപയാണ്‌ പാലക്കാട്ടെത്തിച്ചതെന്ന്‌ സംശയം. ധർമരാജൻ ഷാഫിക്ക്‌ നാലുകോടി നൽകിയെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനാണ്‌ വെളിപ്പെടുത്തിയത്‌. ഒരാഴ്‌ച കഴിഞ്ഞിട്ടും ഇക്കാര്യം നിഷേധിക്കാനോ, തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാനോ ഷാഫിയും കോൺഗ്രസും തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവുൾപ്പെടെ പ്രവർത്തിക്കുന്നത്‌ സംഘപരിവാറിനുവേണ്ടിയാണെന്നും പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌–- ബിജെപി ധാരണയുണ്ടെന്ന്‌ ആരോപിച്ചതും അവരുടെ നേതാക്കളായിരുന്നു. ആദ്യം കെപിസിസി ഡിജിറ്റൽ മീഡിയ കോ–-ഓർഡിനേറ്ററായിരുന്ന ഡോ. പി സരിൻ, പിന്നാലെ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌ എന്നിവരാണ്‌ ധാരണ തുറന്നുകാണിച്ചത്‌.  ഷാഫി പറമ്പിൽ വടകരയിലേക്ക്‌ മത്സരിക്കാൻ പോയതോടെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബിജെപിയുമായി ധാരണയുണ്ടാക്കി. വ്യാപകമായി കള്ളപ്പണം ഇറക്കി തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനാണ്‌ യുഡിഎഫ്‌ ലക്ഷ്യമിട്ടത്‌.

എന്തിനായിരുന്നു 
ഫെയ്‌സ്‌ബുക്ക്‌ ലൈവ്‌
കള്ളപ്പണമടങ്ങിയതെന്ന്‌ സംശയിക്കുന്ന നീല ട്രോളി ബാഗ്‌ കെപിഎം റീജൻസിയിൽ എത്തിച്ചശേഷം രാത്രി 11ന്‌ കോഴിക്കോട്ടേക്ക്‌ മടങ്ങിയെന്ന്‌ പറയുന്ന യുഡിഎഫ്‌ സ്ഥാനാർഥി പുലർച്ചെ രണ്ടരയ്‌ക്ക്‌ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നതിലും ദുരൂഹത. പരിശോധന നടക്കുമ്പോൾ അവിടെ താനില്ല എന്ന്‌ വരുത്തുന്നതിന്റെ ഉദ്ദേശ്യമെന്ത്‌ എന്നതിലും സംശയം ഉയരുന്നു.

ബാഗ്‌ കൊണ്ടുവന്നത്‌ വ്യാജതിരിച്ചറിയൽ 
കാർഡ്‌ നിർമാണത്തിലെ ഒന്നാം പ്രതി
കുഴൽപ്പണമടങ്ങിയതെന്ന്‌ ആരോപിക്കപ്പെട്ട നീല ട്രോളിബാഗ്‌  കെപിഎം റീജൻസിയിൽ എത്തിച്ചത്‌ യൂത്ത്‌ കോൺഗ്രസ്‌ വ്യാജതിരിച്ചറിയൽ കാർഡ്‌ നിർമാണക്കേസിലെ ഒന്നാം പ്രതി. കേസിൽ അറസ്റ്റിലായ അടൂർ നെല്ലിമൂട്ടിൽ ചാർളി ഭവനിൽ ഫെനി നൈനാൻ ജാമ്യത്തിലിറങ്ങിയാണ്‌ വീണ്ടും വിവാദത്തിൽപെട്ടത്‌. കേസ്‌ നിലവിൽ ക്രൈംബ്രാഞ്ചാണ്‌ അന്വേഷിക്കുന്നത്‌. 

യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാൻ വൻതോതിൽ  വ്യാജ ഇലക്‌ഷൻ ഐഡി കാർഡുകൾ നിർമിച്ചുവെന്നാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌. ഫെനി നൈനാൻ പറഞ്ഞതിനനുസരിച്ചാണ്‌  വ്യാജ കാർഡ് നിർമിച്ചതെന്ന്‌ പത്തനംതിട്ട സ്വദേശി വികാസ്‌ കൃഷ്‌ണ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌.   ഫെനി, വികാസ്‌ കൃഷ്‌ണ തുടങ്ങിയവരുടെ വീടുകളിൽനിന്ന്‌ വ്യാജകാർഡ്‌ നിർമിച്ച  ലാപ്ടോപ്പും ഫോണും പിടിച്ചെടുക്കുകയും അവയിലെ നശിപ്പിച്ച തെളിവുകൾ സൈബർ പൊലീസ്‌ വീണ്ടെടുക്കുകയും ചെയ്‌തിരുന്നു.

താമസമില്ലാത്ത സ്ഥലത്ത്‌ 
വസ്‌ത്രങ്ങളുമായി എന്തിന്‌
നീല ട്രോളി ബാഗിൽ തനിക്കുള്ള വസ്‌ത്രങ്ങളാണെന്ന്‌ പറയുന്ന യുഡിഎഫ്‌ സ്ഥാനാർഥി ഹോട്ടലിൽ അത്‌ എന്തിന്‌ കൊണ്ടുവന്നുവെന്നതിലും ദുരൂഹത. കൽമണ്ഡപത്ത്‌ ഫ്ലാറ്റ്‌ വാടകയ്‌ക്ക്‌ എടുത്ത്‌ താമസിക്കുകയാണ്‌ രാഹുൽ.  ശ്രീകണ്‌ഠനും ഷാഫിയും നഗരത്തിൽ അവരവരുടെ വീടുകളിലാണ്‌ താമസം. ഇവർക്കുള്ള വസ്ത്രങ്ങളും കൊണ്ടുവരേണ്ടതില്ല. ആദ്യം ഫെനി നൈനാൻ വന്നില്ലെന്നുപറഞ്ഞു. അടുത്തദിവസം വന്നുവെന്ന്‌ സമ്മതിച്ചു. നീല ട്രോളി ബാഗില്ല എന്ന്‌ ആദ്യം പറഞ്ഞു. പിന്നെ അതിൽ വസ്‌ത്രങ്ങളാണെന്ന്‌ സമ്മതിച്ചു.

സമഗ്ര അന്വേഷണം വേണം: സിപിഐ എം
പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ  കോൺഗ്രസ്‌ കള്ളപ്പണം എത്തിച്ചത്‌ സംബന്ധിച്ച്‌  സമഗ്ര അന്വേഷണം വേണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു  ആവശ്യപ്പെട്ടു.

നീല ട്രോളി ബാഗിലാണ്‌ പണം കൊണ്ടുവന്നതെന്നും വസ്‌തുതകൾ പുറത്തുവരട്ടെയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ കമീഷനും പരാതി നൽകും. യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ്‌ നിർമിച്ചകേസിൽ പിടിയിലായ ഫെനി നൈനാനാണ്‌ ബാഗ്‌ കൊണ്ടുവന്നത്‌. യുഡിഎഫ്‌ സ്ഥാനാർഥിയുടെ സന്തതസഹചാരിയാണ്‌ ഫെനി.  ട്രോളി ബാഗ്‌ ഒരു മുറിയിൽനിന്ന്‌ മറ്റൊരു മുറിയിലേക്ക്‌ മാറ്റുമ്പോൾ  ഷാഫി പറമ്പിൽ എംപി,  രാഹുൽമാങ്കൂട്ടത്തിൽ, ജ്യോതികുമാർ ചാമക്കാല, ഫെനി നൈനാൻ എന്നിവരുണ്ട്‌. രാഹുൽ രാത്രി 10.39ന്‌ ഹോട്ടലിൽ വന്നതിന്‌ തെളിവുണ്ട്‌. ചാമക്കാല കോൺഗ്രസിന്റെ പണമിടപാടുകൾ കൈകാര്യം ചെയ്യുന്നയാളാണ്‌. ഇവർ ഹോട്ടലിൽ ഇല്ലെന്ന്‌ തെളിയിക്കാൻ വെല്ലുവിളിക്കുന്നു. സ്വാഭാവികമായും സംശയം ഉയരുകയാണ്‌.  പണം കണ്ടെത്താനുള്ള പൊലീസ്‌ പരിശോധന എംപിമാരടക്കം ചേർന്ന്‌ കോൺഗ്രസ്‌ തടസ്സപ്പെടുത്തി. ഹോട്ടലിലെ 12 മുറികൾ മാത്രമാണ്‌ പൊലീസിന്‌ പരിശോധിക്കാനായത്‌.  ഹോട്ടലിന്റെ പിന്നിലൂടെ  പോകാൻ ഏണിയുണ്ടായിരുന്നെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഫെനി നൈനാൻ കെപിഎം റീജൻസിയിലെ 201–-ാം നമ്പർ മുറിയിലെ താമസക്കാരനാണ്‌. ട്രോളി ബാഗ്‌ മുറിയിൽനിന്ന്‌ ആദ്യം ബോർഡ്‌ റൂമിലേക്ക്‌ കൊണ്ടുവരുകയും പിന്നീട്‌ മറ്റൊരു മുറിയിലേക്ക്‌ മാറ്റുകയുമായിരുന്നു.  വസ്‌ത്രങ്ങൾ കൊണ്ടുവന്ന ബാഗാണെന്ന്‌ രാഹുൽ പറയുന്നത്‌ ആരെങ്കിലും വിശ്വസിക്കുമോ? ഹോട്ടലിൽ വന്നിട്ടേയില്ലെന്ന്‌ ആദ്യം പറഞ്ഞല്ലോ. ഇപ്പോൾ അത്‌ തിരുത്തി.  ഇത്രമാത്രം നുണപറയുന്നയാളാണോ യുഡിഎഫ്‌ സ്ഥാനാർഥി. വ്യാജ ഐഡി കാർഡ്‌ നിർമിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റായ ആളാണ്‌ രാഹുൽ.
സ്വാഭാവികമായും അയാളിൽനിന്ന്‌ ഇത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ്‌ വിശകലനമാണെങ്കിൽ നാലുപേർ മാത്രമിരുന്നാണോ അത്‌ നടത്തുന്നത്‌.
ഡിസിസി പ്രസിഡന്റും വി കെ ശ്രീകണ്‌ഠൻ എംപിയുമെങ്കിലും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top