03 December Tuesday

യുഡിഎഫ്‌ ശൂ... രാഹുൽ പോയ കാറിലല്ല നീല ട്രോളി ബാഗ്

വേണു കെ ആലത്തൂർUpdated: Friday Nov 8, 2024


പാലക്കാട്‌
നീല ട്രോളി ബാഗിൽ കോഴിക്കോട്ടുവച്ച്‌ മാറാനുള്ള വസ്‌ത്രമാണെന്ന പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം വീണ്ടും പൊളിഞ്ഞു. ചൊവ്വ രാത്രി കെപിഎം ഹോട്ടലിൽനിന്ന്‌ രാഹുൽ പോയത്‌ ആ ബാഗ്‌ വച്ച ഇന്നോവ കാറിലല്ലെന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌. കൈപ്പത്തി ചിഹ്നവും കൊടിയും വച്ച ഇന്നോവ കാറിലാണ്‌ നീലയും കറുപ്പും നിറമുള്ള രണ്ടു ബാഗ്‌ ഫെനി നൈനാൻ വച്ചത്‌. ഈ വാഹനത്തിലാണ്‌ സ്ഥാനാർഥി സ്ഥിരമായി സഞ്ചരിക്കാറ്‌. എന്നാൽ അന്ന്‌ രാത്രി 11ന്‌ രാഹുൽ ഹോട്ടലിൽനിന്ന്‌ പുറത്തുപോയത്‌ അതിനടുത്ത്‌ നിർത്തിയ മറ്റൊരു ഇന്നോവയിൽ. ഈ രണ്ട്‌ വാഹനവും പുറത്തു പോകുന്നതും ദൃശ്യങ്ങളിലുണ്ട്‌. 

അന്ന്‌ ഈ ബാഗുകൾ സ്വന്തം വാഹനത്തിൽ കയറ്റിയതും മറ്റൊരു വാഹനത്തിൽ പുറത്തുപോയതും എന്തിനെന്നത്‌ ദുരൂഹമാണ്‌. ബുധൻ പുലർച്ചെ കോഴിക്കോട്ടെ ഹോട്ടലിൽ ഏത്‌ വാഹനത്തിലാണ്‌ രാഹുൽ എത്തിയതെന്ന്‌ പൊലീസ്‌ അന്വേഷണത്തിലേ വ്യക്തമാകൂ.  ഇതിനിടയിൽ കള്ളപ്പണമടങ്ങിയ ബാഗ്‌ സുരക്ഷിതമായി മാറ്റിയോ എന്നും സംശയം ബലപ്പെടുകയാണ്‌. രാഹുൽ പറഞ്ഞ  കള്ളങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്‌. ആദ്യം ഫെനി നൈനാൻ ഇല്ലെന്ന്‌ പറഞ്ഞു. സിസിടിവി ദൃശ്യം  പുറത്തുവരുമെന്നായപ്പോൾ അത്‌ തിരുത്തി. റെയ്‌ഡ്‌ നടക്കുമ്പോൾ പാലക്കാട്ട്‌ ഇല്ലെന്നായി. തെളിവ്‌ പുറത്തുവരുമെന്നായപ്പോൾ രാത്രിയാണ്‌ ഇറങ്ങിയതെന്ന്‌ പറഞ്ഞു. നീല ട്രോളി ബാഗില്ലെന്നും പറഞ്ഞിരുന്നു. പിടിക്കപ്പെട്ടപ്പോൾ വസ്‌ത്രങ്ങളാണെന്നായി.

ഒരു കിലോമീറ്റർ; മാറിക്കയറിയത്‌ 3 കാറിൽ
നീല ട്രോളി ബാഗുമായി ഫെനി നൈനാനും രാഹുൽ മാങ്കൂട്ടത്തിലും വെവ്വേറെ കാറിലാണ്‌ സഞ്ചരിച്ചതെന്ന്‌ തെളിയിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പുതിയ വാദവുമായി യുഡിഎഫ്‌ സ്ഥാനാർഥി. കെപിഎം റീജൻസിയിൽനിന്ന്‌ ഷാഫി പറമ്പിലിന്റെ ഇന്നോവ കാറിലാണ്‌ പുറത്ത്‌ പോയതെന്നും പ്രസ്‌ ക്ലബിന്‌ മുന്നിൽനിന്ന്‌ സ്വന്തം വാഹനത്തിൽ കയറിയെന്നുമാണ്‌ വിശദീകരണം. കെപിഎം റീജൻസിയും പ്രസ്‌ ക്ലബും തമ്മിലുള്ള ദൂരം പത്തു മീറ്ററിൽ താഴെ. അവിടെനിന്ന്‌ അധികം ദൂരെയല്ലാത്ത കെ ആർ ടവറിന്റെ മുന്നിൽനിന്ന് യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനായ മറ്റൊരു സുഹൃത്തിന്റെ കാറിലാണ്‌ കോഴിക്കോട്ടേക്ക്‌ പോയതെന്നും സ്ഥാനാർഥി മാധ്യമങ്ങളോട്‌ പറഞ്ഞു. ഒരു കിലോമീറ്ററിനുള്ളിൽ മാറിക്കയറിയത്‌ മൂന്നു കാറിൽ. 

വിവരം കിട്ടിയത് കോൺഗ്രസിൽനിന്ന്
പാലക്കാട്‌ മണ്ഡലത്തിലേക്ക്‌ കള്ളപ്പണം കൊണ്ടുവരുന്നുണ്ടെന്ന്‌ പൊലീസിന്‌ വിവരം നൽകിയത്‌ കോൺഗ്രസ്‌ ക്യാമ്പിൽനിന്ന്‌. ഇവർ ചില മാധ്യമ സുഹൃത്തുക്കൾക്കും വിവരം കൈമാറി. ചൊവ്വ രാത്രി 12നുള്ളിൽ പണം ഹോട്ടലിൽ എത്തുമെന്നും അവിടെനിന്ന്‌ വിവിധ ഭാഗങ്ങളിലേക്ക്‌ വീതംവയ്‌ക്കുമെന്നുമായിരുന്നു പൊലീസിന്‌ നൽകിയ വിവരം. മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധമുള്ള കോൺഗ്രസ്‌ നേതാക്കളാണ്‌ ഇതിനു പിന്നിലെന്ന്‌ കരുതുന്നു. കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട്‌ നൽകിയകത്ത്‌ ചോർന്നത്‌ ഡിസിസിയിൽ നിന്നു തന്നെയാണെന്ന്‌  കെ സുധാകരൻ പരസ്യമായും കെ സി വേണുഗോപാൽ കോൺഗ്രസ്‌ നേതൃയോഗത്തിലും വിമർശിച്ചു. ഈ പ്രതിഷേധത്തിന്റെ തുടർച്ചയായാണ്‌ കള്ളപ്പണ വിവരം ചേർത്തിയതിനെയും വിലയിരുത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top