22 December Sunday

വിഗ്രഹ കവർച്ച: ബിജെപിക്കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തിരുവനന്തപുരം
കന്യാകുമാരി കുഴിത്തുറ തിക്കുറിശ്ശി മഹാദേവർ ക്ഷേത്രത്തിൽനിന്ന്‌ ശീവലി വിഗ്രഹം മോഷ്ടിച്ച കേസിൽ പിടിയിലായത്‌ തിരുവനന്തപുരത്തെ ബിജെപിയുടെ സജീവ പ്രവർത്തകൻ. അമ്പലത്തറ വികാസ്‌ നഗറിൽ വെട്ടിതിരുത്തിയിൽ ഹൗസിൽ സതീഷ്‌ ബാബുവാണ്‌(49) കഴിഞ്ഞ ദിവസം തമിഴ്‌നാട്‌ പൊലീസിന്റെ പിടിയിലായത്‌. ബിജെപിയുടെയും ആർഎസ്‌എസിന്റെയും സജീവപ്രവർത്തകനായ ഇയാളുടെ ഭാര്യ സംഗീത വനിതാമോർച്ച നേമം മണ്ഡലം പ്രസിഡന്റാണ്‌.

കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അമ്പലത്തറ വാർഡിൽ ബിജെപി സ്ഥാനാർഥിയായി സംഗീതയെ മത്സരിപ്പിക്കുകയും ചെയ്‌തിരുന്നു. അമ്പലത്തറയിലെ പ്രധാന ബിജെപി പ്രവർത്തകനായ സതീഷ്‌ ബാബു മോഷണവിഗ്രഹങ്ങൾ വാങ്ങുന്നയാളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.   2018 ആഗസ്‌ത്‌ 31നാണ്‌ തിക്കുറിശ്ശി ക്ഷേത്രത്തിലെ വിഗ്രഹം കവർന്നത്‌. ആദ്യം തമിഴ്‌നാട്‌ ലോക്കൽ പൊലീസ്‌  അന്വേഷിച്ചിട്ടും തുമ്പുണ്ടാകാതെ വന്നതിനെ തുടർന്ന്‌ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.

തുടർന്നാണ്‌ കഴിഞ്ഞ ദിവസം സതീഷ്‌ ബാബു ഉൾപ്പെടെ ഇപ്പോൾ നാലുപേർ പിടിയിലായത്‌. തമിഴ്‌നാട്‌ തേങ്ങാപ്പട്ടണം കല്ലടിതോപ്പിൽ ഷാനവാസ്‌ (36), തിരുവനന്തപുരം പരുത്തിക്കുഴി പുതുവൽപുത്തൻപുരയിൽ ഹുസൈൻ (37), നെയ്യാറ്റിൻകര കൈക്കോട്ടുകോണം കുളത്താമൽ സ്‌മിതാഭവനിൽ സ്‌മിത (36) എന്നിവരും സതീഷ്‌ ബാബുവിനൊപ്പം പിടിയിലായിട്ടുണ്ട്‌. പിടിയിലായ മൂന്നുപേർ ചേർന്ന്‌ മോഷ്ടിച്ച പഞ്ചലോഹത്തിലുള്ള വിഗ്രഹം  സതീഷ്‌ ബാബുവിന്‌ കൈമാറുകയായിരുന്നു.  സതീഷ്‌ ബാബു ഇത്‌ വിദേശത്ത്‌ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ പിടി വീണത്‌. കവർച്ച ചെയ്യുന്ന വിഗ്രഹങ്ങൾ വിറ്റ്‌ സതീഷ്‌ ബാബു ലക്ഷങ്ങൾ സമ്പാദിച്ചതായും വിവരമുണ്ട്‌.

സജീവ ബിജെപിക്കാരനും  വിവിധ ഹൈന്ദവസംഘടനകളുടെ പ്രദേശിക ഭാരവാഹിയായി പ്രവർത്തിച്ചുവരികയും ചെയ്‌തതിനാൽ നാട്ടുകാർക്ക്‌ സംശയമുണ്ടായില്ല. കവർച്ചയിലൂടെ ലഭിക്കുന്ന പണം പലിശയ്‌ക്ക്‌ നൽകാൻ  കോവളം ബൈപാസിൽ കോറഡോവ സ്‌കൂളിന്‌ സമീപം സതീഷ്‌ ബാബു സ്വകാര്യ ധനസ്ഥാപനവും നടത്തുന്നുണ്ട്‌. അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top