10 September Tuesday

ആലുവ മാർക്കറ്റ് കെട്ടിടനിർമാണം ; ഒഴിപ്പിക്കൽ നോട്ടീസിനെതിരെ കച്ചവടക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


ആലുവ
ആലുവ മാർക്കറ്റിൽ പുതിയ കെട്ടിടസമുച്ചയം നിർമിക്കുന്നതിന്‌ നഗരസഭ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതിനെതിരെ കച്ചവടക്കാർ. താൽക്കാലിക ഷെഡുകൾ ഒമ്പതിനകം നീക്കണമെന്ന്‌ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി 51 കച്ചവടക്കാർക്ക്‌ നോട്ടീസ് നൽകി. കൂടാതെ മാർക്കറ്റിൽ  പൊതുനോട്ടീസും സ്ഥാപിച്ചു.
നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കമില്ലാതെ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റിയതിനെ തുടർന്നാണ് താൽക്കാലിക ഷെഡുകളിൽ കച്ചവടം നടത്തേണ്ട സ്ഥിതിയുണ്ടായത്‌. നിലവിലെ സ്ഥലത്തുതന്നെ താൽക്കാലികസൗകര്യം വേണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. നേരത്തേ നടന്ന ചർച്ചയിൽ
മാർക്കറ്റിനുസമീപം വ്യക്തിയുടെ ഒന്നര ഏക്കർ സ്ഥലം വാടകയ്‌ക്ക് ലഭ്യമാക്കാമെന്നും കച്ചവടക്കാർക്ക് താൽക്കാലിക ഷെഡ് കെട്ടി ഒരുവർഷത്തേക്ക് ഉപയോഗിക്കാമെന്നും നഗരസഭ അറിയിച്ചിരുന്നു. സ്ഥലവാടക മാസം നാലുലക്ഷം രൂപ കച്ചവടക്കാർ വീതിച്ചുനൽകണമെന്നും നിർദേശിച്ചു. ഇതിനെതിരെ കച്ചവടക്കാർ നൽകിയ ഹർജി 12ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി കമീഷൻ മാർക്കറ്റ് സന്ദർശിച്ച്‌ ഫയൽ പരിശോധിക്കുന്നതിനിടയിലാണ്‌ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.

പുതിയ മാർക്കറ്റ് സമുച്ചയത്തിനായി നിലവിലെ കെട്ടിടങ്ങൾ പൊളിച്ചിട്ട് പത്തുവർഷമായി. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. തുടർന്ന് കച്ചവടക്കാർ സ്വന്തം നിലയിൽ താൽക്കാലിക ഷെഡുകൾ നിർമിച്ചായിരുന്നു കച്ചവടം. ഈ ഷെഡുകളാണ് ഇപ്പോൾ നീക്കണമെന്ന് ആവശ്യപ്പെടുന്നത്. നിർദിഷ്ട കെട്ടിടത്തിൽ മുറിക്ക് മുൻകൂർ തുക നൽകിയവരാണ് 51 കച്ചവടക്കാരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top