22 November Friday

ലാവോസിലേക്ക്‌ മനുഷ്യക്കടത്ത്‌; ഒരാൾ അറസ്‌റ്റിൽ , 6 പേർ രക്ഷപ്പെട്ട്‌ മടങ്ങിയെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


മട്ടാഞ്ചേരി
ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോർച്ചുഗലിലെ ലാവോസിലേക്ക്‌ മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു. പള്ളുരുത്തി തങ്ങൾനഗർ സ്വദേശി അഫ്സർ അഷറഫി(34)നെയാണ്‌ മട്ടാഞ്ചേരി അസിസ്‌റ്റന്റ്‌ കമീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. എറണാകുളം പനമ്പിള്ളിനഗർ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്. എപ്രിൽ നാലിനായിരുന്നു മനുഷ്യക്കടത്ത്‌.

ലാവോസിലെ ‘യിങ് ലോൺ’ എന്ന ചൈനീസ്‌ കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറുപേരെ ലാവോസിലേക്ക് കൊണ്ടുപോയത്. 50,000 രൂപവീതം വാങ്ങിയിരുന്നു. ലാവോസിൽ എത്തിച്ചശേഷം നാലുലക്ഷം രൂപവീതം വാങ്ങി ഓരോരുത്തരെയും യിങ് ലോൺ കമ്പനിക്ക് വിറ്റെന്ന്‌ പരാതിയിൽ പറയുന്നു.

ലാവോസിൽ എത്തിയശേഷമാണ് നിയമവിരുദ്ധ പ്രവർത്തികൾക്കായാണ്‌ കൊണ്ടുവന്നതെന്ന് ഇവർക്ക്‌ മനസ്സിലായത്. ഇവരെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇന്ത്യൻ എംബസിയിൽ അറിയിച്ചതിനെതുടർന്നാണ്‌ മൂന്നിന് മടങ്ങിയെത്താനായത്‌. ഷുഹൈബ് ഹസൻമാത്രമാണ് പരാതി നൽകിയത്. യിങ് ലോൺ കമ്പനിയിലെ ജീവനക്കാരായ രണ്ടുപേർകൂടി കേസിൽ പ്രതികളാണ്. സ്ഥാപനത്തിൽ നൂറിലേറെപ്പേർ ഇത്തരത്തിൽ ജോലി ചെയ്യുന്നതായാണ് വിവരം. തോപ്പുംപടി ഇൻസ്പെക്ടർ സി ടി സഞ്ജു, എസ്ഐ ജിൻസൻ ഡൊമിനിക്, സിപിഒമാരായ ബിബിൻ മോൻ, രൂപേഷ് എന്നിവരാണ്‌ അന്വേഷകസംഘത്തിലുള്ളത്‌.

ജോലി ഓൺലൈൻ തട്ടിപ്പ്‌; 
ശിക്ഷ ഇലക്‌ട്രിക്‌ ഷോക്ക്‌
സ്‌മിത ബഷീർ
മനുഷ്യക്കടത്തിലെ ഇരകളെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനായാണ്‌ സൈബർ അടിമകളാക്കി ഉപയോഗിച്ചിരുന്നത്‌. ഫെയ്‌സ്‌ബുക്‌, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ഇവരെക്കൊണ്ട്‌ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിച്ചായിരുന്നു തട്ടിപ്പ്‌. വമ്പൻ ഐടി കെട്ടിടങ്ങളിലായിരുന്നു ജോലി. ക്യാബിനും ഐ ഫോണും  ലാപ്‌ടോപ്പും നൽകിയിരുന്നു. 65,000 മുതൽ 70,000 രൂപവരെ ശമ്പളമായിരുന്നു വാഗ്‌ദാനം.  വാഗ്‌ദാനം ചെയ്‌തത്‌ പലർക്കും  ലഭിച്ചിരുന്നില്ലെന്നാണ്‌ വിവരം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ആളുകളെ വീഴ്‌ത്താൻ ടാർജറ്റും നിശ്‌ചയിച്ചിരുന്നു. ടാർജറ്റ്‌ പൂർത്തിയാക്കാനായില്ലെങ്കിൽ ഇലക്‌ട്രിക്‌ ഷോക്കും മർദനവുമാണ്‌ ശിക്ഷ. ടാർജറ്റ്‌ എത്തിയാൽ അഭിനന്ദനവും വിരുന്നുസൽക്കാരവും. അമേരിക്കൻ സമയത്താണ്‌ ജോലി. അവിടെയുള്ള ഇന്ത്യൻ വംശജരെയാണ്‌ തട്ടിപ്പിനിരയാക്കിയിരുന്നത്‌. ‘നിങ്ങളുടെ പേരിൽ വന്ന പാഴ്‌സലിൽ മയക്കുമരുന്ന്‌ കണ്ടെത്തിയെന്നും പിഴയായി വൻ തുക അടയ്‌ക്കണ’മെന്നുമെല്ലാം ഭീഷണിപ്പെടുത്തി തട്ടിപ്പ്‌ നടത്തിയിരുന്നുവെന്നാണ്‌ ജോലിതട്ടിപ്പിനിരയായവർ പറയുന്നത്‌.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top