എടക്കര > ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കള്ളപ്പണം നിക്ഷേപിക്കാനായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വാടകയ്ക്കെടുത്ത മുപ്പതോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മൂത്തേടത്തെ കോൺഗ്രസ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലക്ഷങ്ങളുടെ കള്ളപ്പണമിടപാടാണ് ഇതിലൂടെ പുറത്തുവന്നത്. പ്രദേശത്തെ അമ്പതോളം സാധാരണക്കാരുടെ അക്കൗണ്ട് വാടകയ്ക്കെടുത്താണ് തട്ടിപ്പ് നടത്തിയത്.
10 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അക്കൗണ്ട് നമ്പർ നൽകിയാൽ 10,000 രൂപ കമീഷൻ ലഭിക്കുന്ന രീതിയിലാണ് യുവാക്കളുള്‍പ്പെടെയുള്ളവരെ കെണിയിലകപ്പെടുത്തിയത്. ഇങ്ങനെ അക്കൗണ്ട് വിവരം നല്‍കി കമീഷന്‍ കൈപ്പറ്റിയവരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും മൂത്തേടം പഞ്ചായത്തംഗവുമായ കോൺഗ്രസ് നേതാവാണ് തട്ടിപ്പിനുപിന്നില്‍. ഇതരസംസ്ഥാനങ്ങളിലെ വാടകയ്ക്കെടുത്ത അക്കൗണ്ടുകളില്‍നിന്നാണ് പണം വന്നിരുന്നത്. നിക്ഷേപിച്ച അക്കൗണ്ട് ഉടമയ്ക്കും പണം ലഭിച്ച അക്കൗണ്ട് ഉടമയ്ക്കും പരസ്പരം ബന്ധമുണ്ടായിരുന്നില്ല. കോൺഗ്രസ് നേതാവ് നേരിട്ടെത്തിയാണ് അക്കൗണ്ടുകളില്‍നിന്ന് തുക പിൻവലിച്ചിരുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ പണം നിക്ഷേപിക്കാനായി അക്കൗണ്ട് കൈമാറിയവരുടെ പരാതിയുടെ അന്വേഷണത്തിനൊടുവിലാണ് കള്ളപ്പണ ശൃംഖലയെക്കുറിച്ച് മനസ്സിലാകുന്നത്. തുടര്‍ന്നാണ് പണം പിന്‍വലിച്ച അക്കൗണ്ടുകളും മരവിപ്പിച്ചത്. ഇതോടെ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയവരും വെട്ടിലായി.
അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുന്ന പണം മലപ്പുറത്തുള്ള ചിലര്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് നല്‍കിയതെന്നാണ് സൂചന. ഇതിലെ ചിലര്‍ വെള്ളിയാഴ്ച എടക്കര പൊലീസ് സ്റ്റേഷനിലെത്തി കോൺഗ്രസ് നേതാവ് തങ്ങള്‍ക്ക് നല്‍കാനുള്ള പണം തിരികെത്തരുന്നില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍, സൈബര്‍ പൊലീസിന്റെ സഹായത്തോടെ അക്കൗണ്ട് പരിശോധിച്ച് വിവരങ്ങള്‍ ചോദിച്ചതോടെ സംഘം പരാതി പിന്‍വലിച്ച് മടങ്ങി.
തട്ടിപ്പ് വിവരം എടക്കര പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കോടികളുടെ തട്ടിപ്പ് നടന്നതായി പ്രാഥമികാന്വേഷണത്തിൽ വിവരം ലഭിച്ചു. എടക്കരയില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയവരും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ മാസങ്ങള്‍ക്കുമുമ്പ് വയനാട് ചെക്ക്പോസ്റ്റിൽ സ്വർണക്കടത്തിനും പിടികൂടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..