കൊച്ചി
ബോൾഗാട്ടി പാലസിൽ പ്രശസ്ത ഡിജെ അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ 35 മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. 21 ഐ ഫോണുകൾ ഉൾപ്പെടെ നഷ്ടമായതായി മുളവുകാട് പൊലീസിനാണ് പരാതി ലഭിച്ചത്. രണ്ട് പരാതികളിൽ കേസെടുത്തു. സംഗീതപരിപാടിക്കിടെ കഞ്ചാവുമായി നാലുപേർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജു, ആന്റണി പോൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഞായറാഴ്ച വൈകിട്ടാണ് ഇ സോൺ എന്റർടെയ്ൻമെന്റ്‌സ് നേതൃത്വത്തിൽ ‘സൺബേൺ അറീന ഫീറ്റ് അലൻ വാക്കർ’ സംഗീതനിശ അരങ്ങേറിയത്. വാക്കർ വേൾഡ് എന്നപേരിൽ അലൻ വാക്കർ രാജ്യത്ത് 10 നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടികളുടെ ഭാഗമായിരുന്നു ഇത്. ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ മോഷ്ടിച്ചത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടത് ആസൂത്രിതമാണെന്നാണ് പൊലീസ് വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..