28 December Saturday

കുടുംബശ്രീ തണലിൽ ഉയർന്നത് 89,424 വീട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


തിരുവനന്തപുരം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും മുനിസിപ്പാലിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയിൽ ഇതുവരെ നിർമാണം പൂർത്തിയാക്കിയത്‌ 89,424 വീട്‌. ആകെ 1,32,327 വീട്‌ നിർമിക്കാൻ 5293.08 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രാനുമതി. 1,12,628 വീടുകളിൽ 89,424 എണ്ണത്തിന്റെ നിർമാണമാണ് പൂർത്തിയായത്. 23,204 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. 2025 മാർച്ച് 31ന് മുമ്പായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 മുനിസിപ്പാലിറ്റികളിലും ലൈഫ് മിഷനുമായി സംയോജിച്ചുകൊണ്ടാണ് പദ്ധതി നടത്തിപ്പ്. മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് നാല് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഇതിൽ മുനിസിപ്പാലിറ്റി വിഹിതമായി രണ്ട് ലക്ഷം രൂപയും കേന്ദ്ര വിഹിതമായി ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 50,000 രൂപയും ഗുണഭോക്താവിന് ലഭിക്കും.
പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതി വഴിയും 33,293 കുടുംബങ്ങൾക്ക് വായ്പ ലഭ്യമാക്കി. കൂടാതെ ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട് ഭൂരഹിത ഭവനരഹിതർക്കുവേണ്ടി 970 യൂണിറ്റുകൾ ഉൾപ്പെടുന്ന 11 ഭവന സമുച്ചയം നിർമിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ സ്വന്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top