പറവൂർ
ഉപജില്ലാ സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്കായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുട്ടികളും അധ്യാപകരും. മികച്ച കളിക്കളം ഇല്ലാത്തതിനാൽ തുടർച്ചയായ 12–-ാംതവണയാണ് ഉപജില്ലയ്ക്ക് പുറത്ത് അത്‌ലറ്റിക്സ് മത്സരങ്ങൾ നടത്തേണ്ടിവരുന്നത്. കഴിഞ്ഞവർഷം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. നഗരസഭയ്ക്ക് 3.96 ഏക്കർ വിസ്തൃതിയുള്ള സ്റ്റേഡിയം ഗ്രൗണ്ട് ഉണ്ടെങ്കിലും അവിടത്തെ ശോച്യാവസ്ഥ കാരണം മത്സരം നടത്താനാകില്ല.
ഓരോ തവണയും മത്സരം കഴിയുമ്പോൾ ഗ്രൗണ്ട് നവീകരിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനും നഗരസഭാ ഭരണനേതൃത്വവും പ്രഖ്യാപനം നടത്തുമെങ്കിലും ഇക്കുറിയും ഒന്നും നടന്നില്ല. അഞ്ചുമുതൽ പ്ലസ്‌ടുവരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഇത്തവണ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച തുടങ്ങിയ കായികമേള ചൊവ്വാഴ്ച സമാപിക്കും. ഇക്കുറി പറവൂരിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള ക്രൈസ്‌റ്റ് കോളേജ് മൈതാനത്തേക്ക് ഓരോ വിദ്യാലയവും വണ്ടികളിലാണ് കുട്ടികളെ എത്തിക്കുന്നത്. മത്സരങ്ങൾ കഴിഞ്ഞ് പലരും തിരിച്ചെത്തുമ്പോൾ രാത്രിയാകും.
മുനിസിപ്പൽ സ്‌റ്റേഡിയം നവീകരിച്ചാൽ ഉപജില്ലാ കായികമേള നഗരത്തിൽത്തന്നെ നടത്താം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെ സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ വാഗ്ദാനവും എവിടെയുമെത്തിയില്ല. അശാസ്ത്രീയമായി നിർമിച്ച ഗ്യാലറി പൊളിച്ചതൊഴികെ ഒരു പ്രവർത്തനവും സ്‌റ്റേഡിയത്തിൽ നടന്നിട്ടില്ല. നിരപ്പല്ലാത്ത ഗ്രൗണ്ടാണ് ഇവിടെ. ശുദ്ധജലം, വൈദ്യുതി, ശുചിമുറികൾ എന്നീ സൗകര്യങ്ങളും ഇവിടെയില്ല. ഒരുപതിറ്റാണ്ടിലേറെയായി സ്‌റ്റേഡിയം നശിച്ചുകിടക്കുകയാണ്. സ്‌റ്റേഡിയം മികച്ച കളിസ്ഥലമാക്കിമാറ്റാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
നൂറുകണക്കിന് കായികപ്രേമികൾ ദിവസേനയെത്തുന്ന ഇവിടം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമാണ്. സ്‌റ്റേഡിയം സജ്ജമാക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നും നവീകരണം ഉടൻ തുടങ്ങണമെന്നുമുള്ള ആവശ്യം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..