വൈപ്പിൻ
ഗോശ്രീയുടെ ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തരപാലം നിർമിക്കാനുള്ള പ്രാഥമിക നടപടി ആരംഭിച്ചതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. വൈപ്പിൻ മേഖലയിൽ തീരദേശ ഹൈവേ സാധ്യമാകുമെന്ന സാഹചര്യവും വാഹനപെരുപ്പവും ചൂണ്ടിക്കാട്ടി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പലഘട്ടങ്ങളിലായി സമാന്തരപാലം എന്ന ആവശ്യം ഉന്നയിച്ചതാണെന്നും തുടർന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. എളങ്കുന്നപ്പുഴ–-പുക്കാട് പാലം നിർമിക്കുന്നതിന് പരിശോധനാനടപടി നടത്താനും ബ്രിഡ്ജസ് വിഭാഗത്തിന് നിർദേശവും നല്‍കി. എംഎൽഎ അവതരിപ്പിച്ച സബ്മിഷനാണ് മന്ത്രി മറുപടി നല്‍കിയത്.
ഗോശ്രീയിലെ മൂന്നു പാലങ്ങളിൽ രണ്ടാമത്തേതിന് സമാന്തരപാലമുണ്ട്. കാളമുക്ക് ജങ്ഷനിൽനിന്ന് വല്ലാർപാടത്തേക്ക് സമാന്തരപാലം നിർമിക്കുന്നതിന് അന്വേഷണ എസ്റ്റിമേറ്റ് ധനകാര്യവകുപ്പിനു സമർപ്പിച്ചു. ഒന്നാം പാലത്തിന് സമാന്തരപാലം നിർമിക്കാന്‍ വെർട്ടിക്കൽ, ഹോറിസോണ്ടൽ ക്ലിയറൻസ് ലഭിക്കുന്നതിന് ഇറിഗേഷൻ വകുപ്പിനു കത്തു നൽകി. ഈ മറുപടി അനുസരിച്ച് ബ്രിഡ്ജസ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും. മൂന്നു പാലങ്ങളുടെയും നിര്‍മാണ നടപടിക്രമം പ്രത്യേകം പരിശോധിക്കാൻ ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനിയറെ മന്ത്രി ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..