22 December Sunday

കൽപ്പിത കഥകൾക്ക് അകാലചരമം ; അടിയന്തര പ്രമേയ ചർച്ചയിൽ പതറി പ്രതിപക്ഷം

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2024


തിരുവനന്തപുരം
അസത്യങ്ങളും കൽപ്പിത കഥകളുമായെത്തിയ പ്രതിപക്ഷം അടിയന്തര പ്രമേയ ചർച്ചയിൽ പതറിവീണു. മന്ത്രിമാരും ഭരണപക്ഷാംഗങ്ങളും കണക്കും ചരിത്രസത്യങ്ങളും നിരത്തി ആഞ്ഞടിച്ചതോടെ നിലതെറ്റിയ പ്രതിപക്ഷം മന്ത്രി എം ബി രാജേഷിന്റെ മറുപടിക്കുപിന്നാലെ സഭയിൽ നിന്നിറങ്ങിപ്പോയി. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ആർഎസ്‌എസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതുമായി ബന്ധപ്പെട്ട വിഷയമാണ്‌ എൻ ഷംസുദീൻ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്‌. പ്രമേയം ചർച്ച ചെയ്യാമെന്നും കഴിഞ്ഞ ദിവസത്തെപ്പോലെ ഒളിച്ചോടരുതെന്നും ഓർമിപ്പിച്ച്‌ മുഖ്യമന്ത്രി നോട്ടീസ്‌ ചർച്ച ചെയ്യാൻ അനുമതി നൽകി.

ചർച്ചയ്‌ക്ക്‌ തുടക്കമിട്ട പി നന്ദകുമാർ കോൺഗ്രസിന്റെ സംഘപരിവാർ ബന്ധവും മലപ്പുറം രൂപീകരണത്തിനെതിരായ സമരവും മുതൽ ഉമ്മൻചാണ്ടി സർക്കാർ സംഘപരിവാറുകാർക്കെതിരായ കേസ്‌ പിൻവലിച്ചതുവരെ തുറന്നുകാട്ടി. ഇടതുപക്ഷത്തിന്റെ നയത്തിന്‌ വിരുദ്ധമായ നിലപാട്‌ ആര്‌ സ്വീകരിച്ചാലും നടപടിയുണ്ടാകുമെന്ന്‌ ഇ ചന്ദ്രശേഖരൻ പറഞ്ഞു. അതാണ്‌ എഡിജിപിയുടെ കാര്യത്തിലുണ്ടായതെന്നും അത്‌ ഇടതുപക്ഷത്തിന്റെയും മതനിരപേക്ഷ ശക്തികളുടെയും മുന്നേറ്റമാണെന്നും പറഞ്ഞു.

എല്ലാ ആരോപണവും അന്വേഷിക്കുമെന്ന വാഗ്‌ദാനം മുഖ്യമന്ത്രി പാലിച്ചുവെന്ന്‌ കെ വി സുമേഷ്‌ പറഞ്ഞു. പ്രാഥമിക റിപ്പോർട്ട്‌ ലഭിച്ചതിന്റെ പിറ്റേന്ന്‌ നടപടിയുണ്ടായി. ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്റെ തണലിലല്ല സിപിഐ എം വളർന്നത്. പൊലീസ്‌ നയം അട്ടിമറിക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സുമേഷ്‌ പറഞ്ഞു.

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണ്‌ ഇപ്പോൾ യുഡിഎഫ്‌ പ്രയോഗിക്കുന്നതെന്ന്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. ആഭ്യന്തരവകുപ്പിനെ താഴ്‌ത്തിക്കെട്ടാനാണ്‌ ശ്രമമെന്നും പൊലീസിന്റെ നേട്ടത്തെ പ്രശംസിക്കുകയാണ്‌ പ്രതിപക്ഷം ചെയ്യേണ്ടതെന്നുമാണ്‌  തോമസ്‌ കെ തോമസിന്‌ പറഞ്ഞത്‌. മാധ്യമങ്ങൾ പടച്ചുവിട്ട കഥകൾ മാത്രം സഭയിലവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ വി ജോയിയും  ആഞ്ഞടിച്ചു. എഡിജിപി ആർഎസ്‌എസിനെ കാണാൻ പോയത്‌ കൈമനം പ്രഭാകരനെന്ന കോൺഗ്രസ്‌ നേതാവിനൊപ്പമല്ലേയെന്ന്‌ ചോദിച്ച ജോയ്‌ പ്രതിപക്ഷത്തിന്റെ വായടപ്പിച്ചു. എം കെ മുനീർ ആരംഭിച്ച ട്രസ്റ്റിൽ സ്വർണക്കടത്തുകാർ ഉൾപ്പെട്ടത്‌ പറഞ്ഞതോടെ ലീഗുകാർക്ക്‌ പൊള്ളി. പ്രതിപക്ഷ നേതാവ്‌ ഗോൾവാർക്കറുടെ ചിത്രത്തിന്‌ മുന്നിൽ വണങ്ങുന്ന ഫോട്ടോ അദ്ദേഹം ഉയർത്തികാണിച്ചതും യുഡിഎഫുകാർ സീറ്റിൽനിന്ന്‌ പൊന്തിപ്പോയി.

മലപ്പുറം രൂപീകരണകാലത്ത്‌ ജനസംഘമുയർത്തിയ മുദ്രാവാക്യത്തിനൊപ്പംചേർന്ന്‌ കോൺഗ്രസ്‌ നടത്തിയ സമരങ്ങളെക്കുറിച്ച്‌ പറയാൻ തുടങ്ങിയ കെ ടി ജലീലിനെ പ്രതിപക്ഷം പലതവണ തടയാൻ ശ്രമിച്ചു. മലപ്പുറം ജില്ലയുണ്ടാക്കിയാൽ താനൂരിൽ പാകിസ്ഥാന്റെ പടക്കപ്പൽ വരുമെന്ന്‌ കോൺഗ്രസുകാർ പ്രസംഗിച്ചതും അതിന്‌ സി എച്ച്‌ മുഹമ്മദ്‌കോയ നൽകിയ മറുപടിയും ജലീൽ തുറന്നുവച്ചതോടെ പ്രതിപക്ഷത്തിന്‌ നിൽക്കക്കള്ളിയില്ലാതായി. പ്രസംഗത്തെ ബഹളത്തിൽ മുക്കാനായിരുന്നു ശ്രമം.

എം ബി രാജേഷിന്റെ മറുപടി പ്രസംഗവും പി രാജീവിന്റെ ഇടപെടലുകളും കൂടിയായതോടെ പ്രതിപക്ഷത്തിന്‌ ഹാലിളകി. അടിയന്തര പ്രമേയം വോട്ടിനിടാൻ നിൽക്കാതെ വാക്കൗട്ട്‌ പ്രസംഗം നടത്തി സതീശനും സംഘവും സഭയിൽ നിന്നിറങ്ങിയോടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top