21 November Thursday
പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നത് ജമാ അത്തെ ഇസ്ലാമി പിന്തുണയോടെ

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി അഴിഞ്ഞു വീഴുന്നു : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024



തിരുവനന്തപുരം
കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി പൂർണമായും അഴിഞ്ഞുവീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്. ആ സംഘടനയുടെ  നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോയെന്നും ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിനു സാധിക്കുമോ എന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ ചോദിച്ചു.

ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ഭരണക്രമത്തെയും കണക്കിലെടുക്കുന്നില്ല.  വെൽഫയർ പാർടി രൂപീകരിച്ച് രാഷ്ട്രീയ പാർടിയായി പ്രവർത്തിക്കുന്നത് ഒരു  മറയാണ്. ആ മറയാണ് ജമ്മു കശ്മീരിൽ കണ്ടത്. ജമ്മു കശ്മീരിൽ ഇതുവരെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിർത്തിരുന്ന ജമാ അത്തെ ഇസ്ലാമി കടുത്ത വർഗീയ നിലപാടുകളാണ്‌  സ്വീകരിച്ചത്‌. ഇപ്പോൾ അവർ ബിജെപിയ്ക്ക് വേണ്ടിയാണ് നിലകൊണ്ടത്. അവിടെ മൂന്നു നാലു സീറ്റിൽ ഇത്തവണ മത്സരിക്കാൻ അവർ തീരുമാനിച്ചു. അവസാനം സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റിൽ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരിലെ ജമാ അത്തെ ഇസ്ലാമിക്കാർ മുഴുവനും അവിടെ കേന്ദ്രീകരിച്ചു.  തരിഗാമിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു ഉദ്ദേശ്യം. ബിജെപിയും ആഗ്രഹിച്ചത് അതാണ്. അവിടെയുള്ള തീവ്രവാദികളും ബിജെപിയും ഒരേ കാര്യമാണ്‌ ആഗ്രഹിച്ചത്‌. പക്ഷേ, തരിഗാമിയെത്തന്നെ ജനങ്ങൾ തെരഞ്ഞെടുത്തു. അവിടുത്തെ ജമാ അത്തെ  ഇസ്ലാമിയും തങ്ങളും രണ്ടാണെന്ന് ഇവിടത്തെ ജമാ അത്തെ ഇസ്ലാമിക്കാർ പറയുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിക്ക് ഒരു നയമേയുള്ളൂ. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അവർ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം. അവർക്കിപ്പോൾ യുഡിഎഫിനെ സഹായിക്കണമെന്ന് തോന്നുന്നു. മതനിരപേക്ഷതയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് എല്ലാത്തരം വർഗീയതകളെയും അടിയുറച്ച് എതിർക്കാൻ കഴിയണ്ടേ. മുസ്ലിം ലീഗ് അടക്കമുള്ളവർ ചില "ത്യാഗങ്ങൾ’ സഹിച്ചാണ് കോൺഗ്രസ്–- -ജമാ അത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനോടൊപ്പം നിൽക്കുന്നത്‌.  തലശ്ശേരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇഎംഎസ് പരസ്യമായി പറഞ്ഞത്‌ "ഞങ്ങൾക്ക് ആർഎസ്എസിന്റെ വോട്ട് വേണ്ട’ എന്നായിരുന്നു. കോൺഗ്രസിന്‌ അത്തരം ഒരു നിലപാട്‌ എടുക്കനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top