22 December Sunday
‘ശൂ’ അല്ല ‘ഷുവറാ’ണ്‌

സർവം വ്യാജം ; കള്ളങ്ങളെല്ലാം പൊളിയുന്നു , പൊതുസമൂഹത്തിനുമുന്നിൽ പ്രഹസനമായി വ്യാജവാദങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 

പാലക്കാട്‌
‘കള്ളപ്പണം’ അടങ്ങിയതെന്ന്‌ സംശയിക്കുന്ന ബാഗ്‌ കൊണ്ടുവന്നതിനെ പ്രതിരോധിക്കാൻ കോൺഗ്രസും പാലക്കാട്‌ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥിയും ഉയർത്തുന്ന കള്ളങ്ങളെല്ലാം പൊളിയുന്നു. പുതിയ വാദങ്ങൾ ഉയർത്തുമ്പോൾ അതെല്ലാം തിരിഞ്ഞുകുത്തുകയാണ്‌. ആ വ്യാജവാദങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ പ്രഹസനമാകുന്നു.

കള്ളപ്പണം കൊണ്ടുവന്നുവെന്ന്‌ സംശയിക്കുന്ന കെപിഎം റീജൻസിയിൽ പൊലീസ്‌ പരിശോധന തടഞ്ഞ കോൺഗ്രസ്‌ നേതാക്കളുടെ ആസൂത്രിതനീക്കത്തിലെ ദുരൂഹത ഇപ്പോഴും ചർച്ചയാണ്‌. അതിനിടെയാണ്‌ ഓരോദിവസവും ആവർത്തിക്കുന്ന നുണകൾ അൽപ്പായുസാകുന്നതും.  കള്ളപ്പണ വിഷയത്തിൽ കോൺഗ്രസ്‌ നേതാക്കളുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന്‌ തെളിയിക്കുന്നതാണ്‌ പുറത്തുവരുന്ന തെളിവുകൾ. പുതിയ തെളിവുകൾ വരുമ്പോഴെല്ലാം പുതിയ വാദങ്ങൾ നിരത്തുകയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ്‌ നിർമിച്ച്‌ പ്രസിഡന്റായ വ്യക്തിയിൽനിന്ന്‌ ഇതിനപ്പുറമുള്ള കള്ളങ്ങളും പ്രതീക്ഷിക്കാം.

‘ശൂ’ അല്ല ‘ഷുവറാ’ണ്‌
കോൺഗ്രസ്‌ വലിയബാഗിൽ കടത്തുന്ന കള്ളപ്പണക്കഥ നന്നായി അറിയാവുന്ന യുഡിഎഫ്‌ അനുകൂല പത്രത്തിന്‌ പാലക്കാട്‌ ഹോട്ടലിൽ കണ്ടത്‌ ‘ചെറിയ ബാഗെ’ന്ന്‌ പരിഭവം. പറയുന്നത്ര കള്ളപ്പണമൊന്നും അതിൽ കൊള്ളില്ലെന്നാണ്‌ പത്രം ആണയിട്ട്‌ പറയുന്നത്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ വോട്ടർ ഐഡി വ്യാജമായുണ്ടാക്കിയ കേസിലെ പ്രതിയും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ ഫെനി നൈനാൻ ട്രോളി ബാഗുമായി വരുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടും എല്ലാം ‘ശൂ’ ആണെന്ന്‌ പറയാനുള്ള തൊലിക്കട്ടിക്കാണ്‌ ഗിന്നസ്‌ റെക്കൊഡ്‌ കൊടുക്കേണ്ടത്‌.

കോൺഗ്രസ്‌ നേതാക്കളായ ബിന്ദു കൃഷ്ണയുടേയും ഷാനിമോൾ ഉസ്മാന്റേയും മുറി മാത്രമേ പൊലീസ്‌ പരിശോധിച്ചുള്ളുവെന്ന്‌ വരുത്താനും പത്രം വല്ലാതെ വിയർത്തിട്ടുണ്ട്‌.  ഇടിച്ചുകയറി എന്നും കൊടുംഭീകരരോടെന്ന പോലെ പെരുമാറിയെന്നുമൊക്കെ കരഞ്ഞ്‌ പറയുന്നത്‌ കേട്ടാൽ ആർക്കും കരളലിയും. എന്നാൽ, വാർത്തയ്‌ക്കൊപ്പം കൊടുത്ത ചിത്രം പത്രത്തെ തിരിഞ്ഞുകൊത്തിയാൽ എന്തുചെയ്യും.

ചിരിച്ചുകൊണ്ട്‌ പൊലീസിനെ സ്വാഗതം ചെയ്യുന്ന ബിന്ദു കൃഷ്ണയുടെ ചിത്രം കാട്ടിയിട്ട്‌ ഇടിച്ചുകയറി എന്നുപറഞ്ഞാൽ കലിപ്പിൽ നിൽക്കുന്ന സതീശൻ പോലും ചിരിച്ചുപോകും. താൻ ആവശ്യപ്പെട്ടതുപ്രകാരം വനിത പൊലീസ്‌ കാര്യങ്ങൾ എഴുതി നൽകിയെന്ന്‌ ഷാനിമോൾ പറഞ്ഞ രേഖയും വലിയ കോളം നൽകി. ’കൊടുംഭീകരത’ കാട്ടുന്നവർ ഇങ്ങനെ എഴുതി നൽകാറുണ്ടാകും അല്ലേ.

വി കെ ശ്രീകണ്ഠനേയും ഷാഫിയെയും സിപിഐ എമ്മുകാർ തടഞ്ഞതിലെ രോഷവും ഒട്ടും കുറച്ചിട്ടില്ല ! എന്നാൽ മാധ്യമങ്ങളെയടക്കം പുളിച്ച തെറിപറഞ്ഞ ഇവരുടെ ‘ചീപ്പ്‌ ഷോ’ എന്തായിരുന്നെന്ന് നാട്ടുകാർക്ക് നന്നായി തിരിഞ്ഞിട്ടുണ്ട്. ‘ ഞാൻ കോഴിക്കോടാണല്ലോ ’ എന്ന്‌ നിഷ്കളങ്കഭാവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കൊടുത്ത  ‘ലൈവി ’ന്റെ ഹൃദയംനുറുങ്ങുന്ന കഥ വേറെയുമുണ്ട്‌. പെട്ടിവന്ന സമയത്ത്‌ ഹോട്ടലിൽ തട്ടിത്തടഞ്ഞ ‘കുട്ടി’യെ പത്രം കണ്ടിട്ടുണ്ടാവാനിടയില്ല. പെട്ടിയിൽ പൊട്ടിയ വാദങ്ങൾ കേട്ടിട്ടുമുണ്ടാകില്ല.

പരിശോധന 
തടയാൻ 
സംഘർഷം
കോൺഗ്രസുകാർ കള്ളപ്പണമെത്തിച്ചുവെന്ന്‌ സംശയിക്കുന്ന കെപിഎം റീജൻസിയിൽ പൊലീസിന്‌ മുഴുവൻ മുറികളും പരിശോധിക്കാൻ കഴിയാത്തത്‌ എം പിമാരുടെ എതിർപ്പിനെത്തുടർന്ന്‌. വി കെ ശ്രീകണ്‌ഠൻ, ഷാഫിപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം സംഘർഷവും നാടകീയരംഗങ്ങളും സൃഷ്ടിച്ച്‌ പരിശോധന തടയുകയായിരുന്നു. ബിജെപി പ്രവർത്തകരും സംഘർഷമുണ്ടാക്കാൻ ഒപ്പംനിന്നു. മാധ്യമപ്രവർത്തകരെ കെെയേറ്റം ചെയ്യാൻ ശ്രമിച്ച സംഘം പൊലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പൊലീസ്‌ നടപടി തടയാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇത്‌.

ചോദ്യങ്ങളോട്‌ ക്ഷുഭിതനായി സതീശൻ ഇറങ്ങിപ്പോയി
ഇഷ്‌ടമില്ലാത്ത ചോദ്യങ്ങളിൽ പതിവായി കോപിഷ്‌ഠനാകുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വാർത്താസമ്മേളനത്തിൽനിന്ന്‌ ഇറങ്ങിപ്പോയി. ട്രോളി ബാഗുമായി ബന്ധപ്പെട്ട  വിവാദത്തെപ്പറ്റി ചോദിച്ചപ്പോഴാണ്‌ ക്ഷുഭിതനായത്‌. പൊലീസ്‌ എത്തുന്നതിന്‌ മുമ്പ്‌ കൈരളി ചാനൽ പ്രതിനിധി ഹോട്ടലിൽ എങ്ങനെയെത്തിയെന്ന് പറഞ്ഞായിരുന്നു സതീശന്റെ പ്രകോപനം. കള്ളപ്പണവുമായി ബന്ധപ്പെട്ട്‌  ഒരുചോദ്യത്തിനും മറുപടി പറയുന്നില്ലെന്നും പറഞ്ഞു. ചോദ്യങ്ങൾ ആവർത്തിച്ചതോടെയാണ്‌ സതീശൻ ഇറങ്ങിപ്പോയത്‌.

പണമെത്തിച്ചത്‌ സതീശന്റെ 
വാഹനത്തിൽ: എ കെ ഷാനിബ്‌
പ്രതിപക്ഷനേതാവിന്റെ സുരക്ഷ പ്രയോജനപ്പെടുത്തി വി ഡി സതീശന്റെ വാഹനത്തിലാണ്‌ പാലക്കാട്ടേയ്‌ക്ക്‌ പണമെത്തിച്ചതെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എസ്‌പി ഓഫീസ്‌ മാർച്ചിന്റെ മറവിൽ എക്കോ സ്‌പോട്ട്‌ വാഹനത്തിൽ ഇവിടെനിന്ന്‌ മറ്റുസ്ഥലങ്ങളിലേക്ക്‌ പണം കടത്തി.  രണ്ട്‌ പ്രധാന നേതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നില്ല. അവരാണ്‌ കടത്തിയത്‌. ഈ തുക മണ്ഡലം തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിലേക്ക്‌ എത്തിയോ എന്നറിയില്ല. സതീശന്റെ വിദേശയാത്രകളിലടക്കം സന്തതസഹചാരിയാണ്‌ നവാസ്‌ മാഞ്ഞാലി. അദ്ദേഹത്തിന്റെ ബിനാമിയായി പ്രവർത്തിക്കുന്ന ഇയാൾ കഴിഞ്ഞ പത്ത്‌ ദിവസം പാലക്കാട്ടും ചേലക്കരയിലുമായി ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ്‌ മാറ്റിയ സാഹചര്യത്തിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള വിഹിതംവയ്-പ്പായിരുന്നു കെപിഎം റീജൻസിയിലെ കൂടിക്കാഴ്‌ച. വാർത്ത ചോർന്നിരുന്നില്ലെങ്കിൽ കോടികളുടെ കള്ളപ്പണം പിടികൂടാൻ കഴിയുമായിരുന്നു–-ഷാനിബ്‌ പറഞ്ഞു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top