22 December Sunday

ആന്റിബയോട്ടിക് സാക്ഷരത ; വീട്ടിലെത്തി ബോധവൽക്കരണവുമായി ആരോഗ്യപ്രവര്‍ത്തകര്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


തിരുവനന്തപുരം
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) അവബോധ പരിപാടികളുമായി ആരോഗ്യവകുപ്പ്. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകാനുള്ള പദ്ധതി ആരംഭിച്ചത്‌ ഇതിന്റെ ഭാഗമായായിരുന്നു.

എറണാകുളം ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി ബോധവൽക്കരണം നൽകിത്തുടങ്ങി. ജില്ലയിലെ രണ്ടുലക്ഷത്തിലധികം വീടുകളിൽ എഎംആർ ബോധവൽക്കരണം പൂർത്തിയാക്കി. പരിശീലനം ലഭിച്ച 2257 ആശാപ്രവർത്തകരാണ് ബോധവൽക്കരണം നടത്തുന്നത്. ഗ്രാമീണ, നഗര, ആദിവാസി മേഖലകളിലും, അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലുമുൾപ്പെടെ ഇവരെത്തുന്നുണ്ട്‌. ഒരു മാസം ഒരാൾ 50 വീട്‌ എന്ന കണക്കിലാണ് പ്രവർത്തനം. ഇതുകൂടാതെ വാർഡ്തല കമ്മിറ്റികളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവബോധം നൽകി. മെഡിക്കൽ ഓഫീസർമാർ, എംഎൽഎസ്‌പി, ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർമാർ, മൈഗ്രന്റ് കോഓർഡിനേറ്റർമാർ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അതിഥിത്തൊഴിലാളികൾക്ക് അവരവരുടെ ഭാഷകളിലാണ് അവബോധം നൽകുന്നത്. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ വാങ്ങി കഴിക്കുകയോ ചെയ്യരുത്, ആന്റിബയോട്ടിക്കുകൾ മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല തുടങ്ങി നിരവധി നിർദേശങ്ങൾ ആരോഗ്യവകുപ്പ്‌ പൊതുജനങ്ങൾക്ക്‌ ഇതിനകം നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top