25 December Wednesday

സ്വകാര്യ ബസുകൾക്ക്‌ സൂപ്പർ ക്ലാസ്‌ പെർമിറ്റ്‌ ; ഹൈക്കോടതി ഉത്തരവ്‌ കെഎസ്‌ആർടിസി 
പ്രതിസന്ധി രൂക്ഷമാക്കും

ബിജു കാർത്തിക്‌Updated: Friday Nov 8, 2024



കണ്ണൂർ
സൂപ്പർ ക്ലാസ്‌ പെർമിറ്റുള്ള റൂട്ടുകളിൽ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകൾ ഓടാൻ തുടങ്ങിയാൽ കെഎസ്‌ആർടിസി പ്രതിസന്ധി വീണ്ടും രൂക്ഷമാകും. വൈവിധ്യവൽക്കരണത്തിലൂടെ നഷ്‌ടത്തിൽനിന്ന്‌ കരകയറാൻ കെഎസ്‌ആർടിസി തീവ്രശ്രമം നടത്തുന്നതിനിടെയാണ്‌ ഇരുട്ടടിയായി ഹൈക്കോടതിവിധി വന്നത്‌. കെഎസ്‌ആർടിസി ഏറ്റെടുത്ത സൂപ്പർ ക്ലാസ്‌ പെർമിറ്റ്‌ റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾക്ക്‌ പെർമിറ്റ്‌ നൽകണമെന്നാണ്‌ ഹൈക്കോടതി വിധി.

ഫ്ലീറ്റ്‌ ഓണർ (വാഹനക്കൂട്ടമുള്ള ഉടമ)മാർക്കുമാത്രമേ ദീർഘദൂര സർവീസിന്‌ അർഹതയുള്ളൂ എന്ന നിലയിലാണ്‌ 140 കിലോമീറ്ററിനുമുകളിൽ സർവീസ്‌ നടത്തുന്ന പെർമിറ്റുകൾ 2023 മെയ്‌ മുതൽ കെഎസ്‌ആർടിസി ഏറ്റെടുത്ത്‌ ഗതാഗതവകുപ്പ്‌  ഉത്തരവിറക്കിയത്‌. ഇത്‌ ഹൈക്കോടതി റദ്ദാക്കിയതോടെ നിരവധി ദീർഘദൂര പെർമിറ്റുകൾ കെഎസ്‌ആർടിസി സ്വകാര്യ ബസ്സുകൾക്ക്‌ കൈമാറേണ്ടിവരും.

പയ്യന്നൂർ ഡിപ്പോ ഓപ്പറേറ്റുചെയ്യുന്ന പയ്യന്നൂർ –-ചെറുപുഴ–- കൊന്നക്കാട്‌–- ആലക്കോട്‌–- തളിപ്പറമ്പ്‌–- കണ്ണൂർ–- നെടുങ്കണ്ടം റൂട്ടും കാഞ്ഞങ്ങാട്‌ ഡിപ്പോയുടെ പാണത്തൂർ –-കോട്ടയം സർവീസുമാണ്‌ ഏറ്റവും വലുത്‌. 503 കിലോമീറ്ററാണ്‌ ദൈർഘ്യം. കോർപ്പറേഷന്‌ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന റൂട്ടുകളാണിവ. കൂടുതൽപേർ ആശ്രയിക്കുന്നതും മികച്ച വരുമാനം നൽകുന്നതുമായ ഇത്തരം റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ മത്സരിച്ച്‌ ഓടുന്നതോടെ കോർപറേഷൻ വരുമാനം കുത്തനെ ഇടിയാനാണ്‌ സാധ്യത. ഹൈക്കോടതിവിധിക്കെതിരെ അപ്പീൽ നൽകാനാണ്‌ കെഎസ്‌ആർടിസി നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top