കൊച്ചി
പരീക്ഷണം വിജയിച്ച ആത്മവിശ്വാസത്തിലും ആഹ്ലാദത്തിലും അവർ വീണ്ടും കരിമ്പ് നട്ടു. ആലങ്ങാടൻ ശർക്കരമധുരം ഇനിയും നുകരാം. ആലങ്ങാടിന്റെ കരിമ്പുകൃഷി പെരുമ വീണ്ടെടുക്കുകയാണ് ആലങ്ങാട് സഹകരണ ബാങ്കും കേന്ദ്ര കൃഷിവിജ്ഞാൻ കേന്ദ്രവും. നാലുപതിറ്റാണ്ടോളം നിലച്ച കരിമ്പുകൃഷി കഴിഞ്ഞവർഷമാണ് വീണ്ടുമിറക്കി വിജയിച്ചത്. കഴിഞ്ഞതവണ ശർക്കരയുണ്ടാക്കി ബാങ്കിൽ വിൽപ്പന നടത്തിയിരുന്നു.
ഇക്കുറിയും അഞ്ചേക്കറിലാണ് കരിമ്പുകൃഷി. മൈലാപ്പുറത്ത് കരിമ്പിനൊപ്പം ഇടവിളയായി പച്ചക്കറി തൈകളും നട്ടിട്ടുണ്ട്. കൂടുതൽ വരുമാനം കണ്ടെത്താനാണ് വെണ്ട, തക്കാളി, വഴുതന തുടങ്ങിയ ഇനങ്ങൾ ഇടവിളയാക്കിയത്. ശർക്കര വിജയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് പുതിയറോഡ് കേന്ദ്രീകരിച്ചുള്ള പുരുഷസഹായ സംഘവും കരുമാല്ലൂർ സ്വദേശി രവിയും കരിമ്പുകൃഷി ചെയ്യുന്നുണ്ട്.
കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിലൂടെയാണ് ആലങ്ങാട് പഞ്ചായത്തിലെ കർഷകർ കരിമ്പുകൃഷിയിലേക്ക് മടങ്ങിയെത്തിയത്. എം പി വിജയൻ കോ–-ഓർഡിനേറ്ററായ പദ്ധതിക്ക് ആലങ്ങാട് സഹകരണ ബാങ്കിനൊപ്പം കൃഷിവകുപ്പും കേന്ദ്ര കൃഷികേന്ദ്രവും മുന്നിട്ടിറങ്ങി. കാർഷിക സർവകലാശാലയിലെ വിദഗ്‌ധരും സഹായിച്ചു. ബോർഡ് അംഗം പി പി ശിവനും ജീവനക്കാരൻ പി ടി ഉണ്ണിയുമാണ് ബാങ്കിന്റെ കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..