19 December Thursday

സ്വർണക്കച്ചവടം ; രണ്ടുപേരെ തട്ടിക്കൊണ്ടുപോയി 
വധിക്കാൻ ശ്രമം, 6 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


ബേക്കൽ(കാസർകോട്‌)
കർണാടക ബൽഗാമിൽ സ്വർണക്കച്ചവടവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ കാറിൽ തട്ടിക്കൊണ്ടുവന്ന്‌  മുറിയിൽ പൂട്ടിയിട്ട് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ആറുപേരെ ബേക്കൽ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ  വി അജയകുമാർ (36), കാസർകോട്‌ നെല്ലിക്കട്ട സ്വദേശികളായ കെ എച്ച് സൽമാൻ ഫാരീസ് (22), എ ജെ ഹംസത്തുൽ കരാർ എന്ന ഹംസ (23) , എ എച്ച് മജീദ് (23), പെരിയാട്ടടുക്കത്തെ എം  മുഹമ്മദ് അഷറഫ് (26), സി എച്ച്  മുഹമ്മദ് റംഷീദ് (35) എന്നിവരെയാണ് ഇൻസ്പെക്ടർ കെ പി  ഷൈനിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്‌റ്റുചെയ്തത്.

നീലേശ്വരം കോട്ടപ്പുറം കോട്ടയിൽ ഹൗസിൽ  ഷെരീഫ് ഇടക്കാവിൽ, കോട്ടയം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാംമൈൽ തട്ടാപ്പറമ്പ്  ടി എം സജി എന്നിവരെയാണ്  ആറംഗസംഘം വധിക്കാൻ ശ്രമിച്ചത്. ഷെരീഫും സജിയും പഴയ സ്വർണം വാങ്ങാൻ ബൽഗാമിൽ പോയിരുന്നു.  ഇവരുടെ കൈയിലുണ്ടായ ഏഴു ലക്ഷം രൂപ കർണാടകത്തിലെ സംഘം കബളിപ്പിച്ച്‌ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട് ബൽഗാമിൽനിന്ന്‌ ബസ്സിൽ മംഗളൂരുവിൽ തിരിച്ചെത്തിയ ഇവരെ  കാറിൽ തട്ടിക്കൊണ്ടുവരികയായിരുന്നു.

ആറംഗ സംഘമാണ്‌ ഏഴു ലക്ഷം നൽകി ഇവരെ ബൽഗാമിലേക്ക്‌ അയച്ചത്‌. ദേശീയപാതയിൽ പെരിയാട്ടടുക്കം ടയർകടയുടെ സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ  മുകളിലെ  മുറിയിൽ ശനി പുലർച്ചെ മൂന്നിന്‌ രണ്ടുപേരെയും എത്തിച്ച്‌ ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾകൊണ്ട്  ആക്രമിക്കുകയായിരുന്നു. നഷ്ടപ്പെട്ട പണം തിരിച്ചുനൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top