17 September Tuesday

കീഴ്‌മാട്‌ ഓണത്തപ്പന്റെ സ്വന്തം നാട്‌

എം പി നിത്യൻUpdated: Monday Sep 9, 2024

ഓണത്തപ്പനെ തയ്യാറാക്കുന്ന അജിത തങ്കപ്പൻ


ആലുവ
ഓണത്തപ്പനെ മണ്ണിൽ മെനഞ്ഞ്‌, വെയിലത്തുവച്ച്‌ ഉണക്കി ചായംപൂശുന്നതുവരെ അവർക്ക്‌ വിശ്രമമില്ല. ഓണമായാൽ കീഴ്മാട് ഗ്രാമവും പരമ്പരാഗത പാത്രനിർമാണ തൊഴിലാളികളും തിരക്കിലമരും. കീഴ്‌മാട്‌ ഖാദി ഗ്രാമവ്യവസായ സഹകരണ സംഘത്തിന്റെയും പരമ്പരാഗത മൺപാത്രനിർമാണ തൊഴിലാളി കുടുംബങ്ങളുടെയും വരുമാനത്തിന്റെ പ്രധാനമാണിന്ന്‌ മണ്ണിൽ നിർമിക്കുന്ന ഓണത്തപ്പൻ.

പതിറ്റാണ്ടുകളായി ഇവർ നിർമിച്ചുവരുന്ന ഓണത്തപ്പന്‌ ആവശ്യക്കാർ ഏറുകയാണ്‌. അതിനാൽ മൺപാത്രനിർമാണത്തിലുപരിയായി സംഘത്തിലെ അംഗങ്ങളും മുപ്പതോളം പരമ്പരാഗത നിർമാണത്തൊഴിലാളി കുടുംബങ്ങളും ഓണത്തപ്പൻ നിർമാണ തിരക്കിലാണ്‌. കളിമണ്ണിൽ പാത്രങ്ങളും ചെടിച്ചട്ടികളുമൊക്കെ നിർമിക്കുന്നത്‌ കൂടാതെയാണ്‌ ഓണത്തപ്പൻ, തിരുവോണം എതിരേൽപ്പിനുള്ള രൂപങ്ങൾ എന്നിവയുടെ നിർമാണവും വിപണനവും. ബംഗളൂരു, തഞ്ചാവൂർ എന്നിവിടങ്ങളിൽനിന്നാണ്‌ കളിമണ്ണ്‌ എത്തിക്കുന്നത്‌. കീഴ്‌മാട്ടെയും സമീപത്തെയും പരമ്പരാഗത നിർമാണക്കാർക്കും ഇവിടെനിന്നാണ്‌ കളിമണ്ണ്‌ നൽകുന്നത്‌. ഏലൂർ, പാതാളം എന്നിവിടങ്ങളിലും നിരവധിപേർ മൺപാത്രനിർമാണ മേഖലയിലുണ്ട്‌.

നിർമാണത്തിലെ പ്രത്യേകതകളാണ് കീഴ്മാട് ഓണത്തപ്പനെ വേറിട്ടുനിർത്തുന്നത്. തറയിൽ അടിച്ച്‌ രൂപപ്പെടുത്തുന്ന ഓണത്തപ്പനെ ചൂളയിൽ വേവിച്ചെടുക്കാൻ പാടില്ലെന്ന വിശ്വാസമുള്ളതിനാൽ വെയിലത്ത്‌ ഉണക്കിയെടുക്കും. തുമ്പ കുത്തുന്നതിന്‌ ചെറുദ്വാരങ്ങൾ വശങ്ങളിൽ ഇടും. നന്നായി ഉണങ്ങിയശേഷമാണ്‌  നിറംപൂശുക. ഒരുസെറ്റ് ഓണത്തപ്പന് 200 രൂപയാണ് കുറഞ്ഞ വില. വലിപ്പത്തിനനുസരിച്ച് വില മാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top