09 October Wednesday
വീട്ടിലും 
സംരംഭം ആരംഭിക്കാം

30 സ്വകാര്യ വ്യവസായ 
പാർക്കുകൾക്ക്‌ അനുമതി : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ ഇതുവരെ അനുമതി നൽകിയതായി മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. കാമ്പസ്‌ വ്യവസായ പാർക്കിനായി 80 സ്ഥാപനങ്ങൾ താൽപ്പര്യം കാണിച്ചു. വ്യവസായ മേഖലയിൽ വലിയമുന്നേറ്റമാണ്‌ കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്ന്‌ മന്ത്രി പറഞ്ഞു.

മാറ്റത്തിന്‌ എല്ലാ വകുപ്പുകളുടെയും ഏകോപനമുണ്ട്‌. കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ ബ്രാൻഡിങ്‌ നടപ്പാക്കി. ആദ്യ ഘട്ടം നാല്‌ വെളിച്ചെണ്ണ നിർമാണ മില്ലുകൾക്ക്‌ നന്മ ബ്രാൻഡിങ്‌ നൽകി. സംരംഭങ്ങൾ ആരംഭിക്കാനും മുന്നോട്ട്‌ കൊണ്ടുപോകാനുമുള്ള സഹായം സർക്കാർ നൽകുന്നു. നിക്ഷേപവും വായ്പയും തമ്മിലുള്ള അനുപാതം മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവായിരുന്നു. ഇത്‌ 75 ശതമാനത്തിന്‌ മുകളിലാക്കാനായി. ബാങ്കുകൾ എംഎസ്എംഇകൾക്ക്‌ 96,000 കോടി രൂപ വായ്പ നൽകി. ബാങ്കുകളിൽ താഴേതട്ടിലും സംരംഭക സൗഹൃദ സാഹചര്യം രൂപപ്പെടണം. ‘ഒരു തദ്ദേശഭരണ സ്ഥാപനം ഒരു ഉൽപ്പന്നം പദ്ധതിയിൽ’ 456 തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

വീട്ടിലും 
സംരംഭം ആരംഭിക്കാം
സംസ്ഥാനത്ത്‌ വീടുകൾ കേന്ദ്രീകരിച്ച്‌ തുടങ്ങുന്ന സംരംഭങ്ങൾക്കും ലൈസൻസ്‌ അനുവദിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തദ്ദേശ വകുപ്പുമായി ചർച്ച ചെയ്‌തു. കേരളത്തിലെ യുവതലമുറയെ പരമാവധി സംരംഭകരാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. എൽഡിഎഫ്‌ സർക്കാരിന്റെ സംരംഭകത്വ വർഷം പദ്ധതിയിലൂടെ 3,01,647 സംരംഭങ്ങളാണ്‌ സംസ്ഥാനത്ത് ആരംഭിച്ചത്‌. ഇതുവഴി 19,545.79 കോടി രൂപയുടെ നിക്ഷേപം വന്നു. 6,41,136 തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെട്ടു. കൂടുതൽ നിക്ഷേപം ആർജിക്കാനാണ്‌ സർക്കാർ ശ്രമം. കേരളത്തിന്റെ സാധ്യതകൾക്കും പൊതുസ്ഥിതിക്കും അനുയോജ്യമായ വ്യവസായ നയമാണ്‌ സ്വീകരിക്കുന്നത്‌. തെറ്റായ നയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സർക്കാർ ഇടപെടും.

നെതർലൻഡ്‌സ്‌, യുഎസ്‌എ, യുകെ, ഫ്രാൻസ്‌ എന്നിവിടങ്ങളിൽനിന്നും ഇന്ത്യയിലെ വിപ്രോ ഉൾപ്പെടെയുള്ള കമ്പനികളിൽനിന്നും കേരളത്തിലേക്ക്‌ നിക്ഷേപം എത്തി. കോ വാക്‌സിൻ നിർമാണ കമ്പനിയായ ഭാരത്‌ ബയോടെക്കിന്റെ ഫുഡ്‌ പ്രോസസിങ്‌ കമ്പനി ഉടൻ അങ്കമാലിയിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി രാജീവ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top