27 December Friday

വിസ തട്ടിപ്പിനിരയായി യുവതിയുടെ തൂങ്ങിമരണം ; എറണാകുളത്തെ 
ഏജൻസിയെക്കുറിച്ച്‌ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


മങ്കൊമ്പ്
വിസ തട്ടിപ്പിനിരയായി തലവടി സ്വദേശിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ച് അന്വഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ നിരവധി ആളുകളുടെ കൈയിൽനിന്ന് പണം വാങ്ങി ഏജൻസിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. തട്ടിപ്പിനിരയായ തലവടി മാളിയേക്കൽ ശരണ്യ (34) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്‌തത്‌. ഇവരുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടിൽനിന്ന്‌ അരക്കോടിയിലേറെ രൂപ ഏജൻസിക്ക് കൈമാറിയതിന്‌ തെളിവ് ലഭിച്ചു. ശരണ്യയുടെ സുഹൃത്തിന്റെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷത്തോളം രൂപ ഈ എജൻസിക്ക് കൈമാറിയിട്ടുണ്ട്.

വിദേശത്ത്‌ ജോലി വാഗ്‌ദാനംചെയ്‌ത്‌ നിരവധി ആളുകളുടെ പണമാണ് ഏജൻസി കൈക്കലാക്കിയത്. ശണ്യയെ വിശ്വസിച്ച്‌ പണം കൈമാറിയവർ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടു. വിദേശത്തേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് തട്ടിപ്പ് വിവരം ശരണ്യക്ക് ബോധ്യമാകുന്നത്‌.

ഇതോടെയാണ്‌ ആത്മഹത്യ. ശരണ്യയുടെ മൃതദേഹം ചൊവ്വ രാവിലെ 10ന്‌ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മരണവിവരം അറിഞ്ഞ ഭർത്താവ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ്, എടത്വ എസ്ഐ എൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top