03 December Tuesday

കോടികളുടെ കോഴ: 
ഷാഫിക്ക്‌ മൗനം

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Saturday Nov 9, 2024

പാലക്കാട്‌
കോടികളുടെ കോഴയാരോപണങ്ങൾ ഉയരുമ്പോഴും മറുപടി പറയാതെ ഒളിച്ചുകളി തുടർന്ന്‌ ഷാഫി പറമ്പിൽ എംപി. കോൺഗ്രസ്‌, ബിജെപി നേതാക്കൾ ഉൾപ്പെടെ നിരവധിപേരാണ്‌ ഷാഫിക്കെതിരെ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്‌. ഏതുകാര്യത്തിലും അതിവേഗം പ്രതികരിക്കാറുള്ള ഷാഫി ഇതിൽമാത്രം മൗനംപാലിക്കുന്നത്‌ ദുരൂഹമാണെന്ന്‌ കോണഗ്രസ്‌ പ്രവർത്തകർതന്നെ പറയുന്നു.
ഷാഫിക്ക്‌ നാലുകോടി രൂപയുടെ കുഴൽപ്പണം നൽകിയെന്ന്‌ കോൺഗ്രസുകാർതന്നെ വെളിപ്പെടുത്തിയെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൊടകര കുഴൽപ്പണക്കേസിലെ മുഖ്യസാക്ഷി ധർമരാജൻ പണം നൽകിയെന്ന തരത്തിൽ വാർത്താസമ്മേളനത്തിലാണ്‌ ബിജെപി പ്രസിഡന്റ്‌ ആരോപണം ഉന്നയിച്ചത്‌. ഷാഫിക്ക്‌ ലഭിച്ച കുഴൽപ്പണത്തിന്റെ പങ്കാണ്‌ പാലക്കാട്‌ എത്തിച്ചതെന്ന ആരോപണത്തോട്‌ ആഴ്ച പിന്നിട്ടിട്ടും അദ്ദേഹം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫിറോസ്‌ കുന്നുംപറമ്പിലിനെ തവനൂരിൽ മത്സരിപ്പിക്കാൻ ഷാഫി രണ്ട്‌ കോടിരൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചത്‌ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബാണ്‌. മുസ്ലിംലീഗ്‌ നേതാവിന്റെ ഡ്രൈവറായെത്തി, ജീവകാരുണ്യ പ്രവർത്തകനായി മാറിയ, നിരവധി ആരോപണങ്ങൾ നേരിട്ട ഫിറോസ്‌ കുന്നുംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിച്ചത്‌ ദുരൂഹമാണെന്ന്‌ പറഞ്ഞത്‌ കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കളാണ്‌. ഷാഫി പറമ്പിലിന്റെ നിർബന്ധത്തിലാണ്‌ ഫിറോസിനെ കോൺഗ്രസ്‌ മത്സരിപ്പിച്ചതെന്നായിരുന്നു പ്രധാന ആരോപണം.
വടകരയിൽ മത്സരിക്കുന്നതിന്‌ ഷാഫി ആവശ്യപ്പെട്ട കൈക്കൂലിയാണ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വമെന്ന്‌ പത്മജ വേണുഗോപാൽ ആരോപിച്ചിരുന്നു. അതിനും ഷാഫി പ്രതികരിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top