22 December Sunday

യുഡിഎഫ്‌ പ്രചാരണത്തിന്‌ കൊലക്കേസ്‌ പ്രതികളും

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2024

തൃശൂർ
തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ കോൺഗ്രസ്‌ കൊലക്കേസ്‌ പ്രതികളേയും നിയോഗിക്കുന്നതായി  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട്ട്‌ നിരവധി കൊലക്കേസ് പ്രതികൾ കോൺഗ്രസിനുവേണ്ടി രംഗത്തുണ്ട്‌.

ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്‌എഫ്‌ഐ  പ്രവർത്തകൻ  ധീരജിനെ കൊലപ്പെടുത്തിയ കേസിലെ  പ്രതി നിഖിൽ പൈലിയെ കോൺഗ്രസ്‌ ഇതുവരെ തള്ളിപ്പറഞ്ഞില്ല.   ഇതെന്റെ കുട്ടിയാണെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ പറയുന്നത്‌.  എത്ര ക്രൂരമായ കൊലപാതകം നടത്തിയവരേയും കോൺഗ്രസ്‌  സംരക്ഷിക്കുകയാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

പാലക്കാട്ടെ സംഭവങ്ങളിൽ കോൺഗ്രസിന് നിരന്തരം കളവു പറയേണ്ടിയും കളവ് ആവർത്തിക്കേണ്ടിയും വന്നു. ഷാഫി നടത്തിയ നാടകംകൂടിയാണ്‌ പാലക്കാട്ട്‌ നടന്നത്. ബിജെപി നൽകിയ നാലുകോടി ചിലർ കൈപ്പറ്റിയെന്ന്‌  പേര്‌ സഹിതം  ബിജെപി സംസ്ഥാന പ്രസിഡന്റ്  പറഞ്ഞു. ഇതോടെ  കോൺഗ്രസ്‌–- ബിജെപി ഡീൽ പുറത്തുവന്നു.    
തെരഞ്ഞെടുപ്പിൽ പണം ഉപയോഗിക്കുന്നത് തടയാനാണ്‌ പാലക്കാട്ട്‌ പരിശോധന നടത്തിയത്.  ഈ റെയ്‌ഡ്‌ തടഞ്ഞത്‌ കോൺഗ്രസാണ്‌. പരിശോധന തടഞ്ഞവർക്കാണ്‌ മറയ്‌ക്കാനുള്ളത്‌. റെയ്‌ഡുമായി ബന്ധപ്പെട്ട്‌ തുടർനടപടികൾ  പൂർത്തീകരിക്കേണ്ടത്‌ ഭരണസംവിധാനങ്ങളാണ്‌.

തെരഞ്ഞെടുപ്പുകാലത്ത്‌ മന്ത്രിമാർക്ക്‌  ഉദ്യോഗസ്ഥരെ വിളിക്കാൻ പാടില്ലെന്ന് ഏതു പെരുമാറ്റച്ചട്ടത്തിലാണുള്ളതെന്നും  ഇല്ലാത്ത  ചട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട്‌ കോടതിയിൽ ദിവ്യ കൈക്കൊള്ളുന്നത്‌ വ്യക്തിപരമായ നിലപാടാണ്.  ആരോപണം വന്ന്‌ 24 മണിക്കൂറുകൊണ്ട് ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയത്‌ പാർടിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു

പാലക്കാട് പെട്ടി വിഷയത്തിൽ തന്റെ പേരിൽ  ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

പാലക്കാട്ടെ പെട്ടി പ്രശ്നം കുഴൽപ്പണത്തിന്റെ പ്രശ്നം തന്നെയാണ്‌. അതുൾപ്പെടെയുള്ള  വിഷയങ്ങൾ  തെരഞ്ഞെടുപ്പിൽ ചർച്ചയാകും.  ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്യും.  ഇക്കാര്യമാണ് പറഞ്ഞത്. അതിനുപകരം ചിലയാളുകളെ അംഗീകരിച്ചിരിക്കുന്നു എന്ന രീതിയിൽ പറയുന്നത്‌ തെറ്റായ വാർത്തയാണ്.

പി വി അൻവറിന്റെ ആയിരം വീട് പ്രഖ്യാപനം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനമാണ്‌. വോട്ടർമാരെ സ്വാധീനിക്കുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്‌ തെരഞ്ഞെടുപ്പ് നിയമങ്ങൾക്ക് എതിരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top