24 November Sunday

കൊടകര കുഴൽപ്പണക്കേസ്‌; തുടരന്വേഷണ ഹർജി ഫയലിൽ

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2024

തൃശൂർ  
കൊടകര കുഴൽപ്പണക്കടത്ത്‌ കേസിൽ തുടരന്വേഷണത്തിന്‌  അനുമതിതേടിയുള്ള ഹർജി ഫയലിൽ സ്വീകരിച്ചു.അന്വേഷകസംഘം വെള്ളിയാഴ്‌ച  കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തൃശൂർ ജില്ലാ സെഷൻസ്‌ ജഡ്‌ജി പി പി സെയ്‌തലവി വാദം കേട്ടു.  ഉത്തരവ്‌ പിന്നീട്‌.

ബിജെപി  തൃശൂർ ജില്ലാ കമ്മിറ്റി  ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പത്‌  കോടി രൂപ എത്തിയെന്ന്‌ ഓഫീസ്‌ മുൻ സെക്രട്ടറി തിരൂർ സതീശ്‌ മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ തുടരന്വേഷണഹർജി നൽകിയത്‌. വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന്‌ ഹർജിയിൽ പറയുന്നു. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നിർദേശത്തോടെയാണ്‌ ബിജെപി തെരഞ്ഞെടുപ്പിൽ കുഴൽപ്പണം  ഇറക്കിയതെന്ന്‌ നേരത്തേ  കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്‌.  കൊടകര കവർച്ചക്കേസിലെ 14-ാം സാക്ഷിയായ സതീശിന്റെ പുതിയ വെളിപ്പെടുത്തൽ ഇത്‌ ശരിവയ്‌ക്കുന്നു.  

തുടരന്വേഷണത്തിന്‌ സർക്കാർ തീരുമാനിച്ചിരുന്നു. നേരത്തേ കുറ്റപത്രം സമർപ്പിച്ച കേസായതിനാൽ അന്വേഷണത്തിന്‌ കോടതിയുടെ അനുമതി വേണമെന്നതിനാലാണ്‌ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണിക്കൃഷ്ണൻ വഴി പ്രത്യേക അന്വേഷകസംഘത്തലവൻ ഡിവൈഎസ്‌പി വി കെ രാജു ഹർജി സമർപ്പിച്ചത്‌.
 
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌  കെ കെ അനീഷ്‌ കുമാർ എന്നിവർ കുഴൽപ്പണക്കടത്തുകാരൻ ധർമരാജനെ പരിചയപ്പെടുത്തിയതായി സതീശിന്റെ വെളിപ്പെടുത്തലിലുണ്ട്‌. 2021 ഏപ്രിൽ നാലിന്‌ കൊടകരയിൽ മൂന്നരക്കോടി കുഴൽപ്പണം കവർച്ച ചെയ്ത കേസിലെ അന്വേഷണത്തിലാണ്‌ ബിജെപിയുടെ ഹവാല ഇടപാട് കേരള പൊലീസ് കണ്ടെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിൽനിന്ന്‌ 41.4 കോടി രൂപയും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടിയും ഇറക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top