കൊച്ചി
ലങ്ക പശ്ചാത്തലമായ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ എഴുത്തുകാരനുമുന്നിൽ നോവലിന് രംഗഭാഷ്യം ചമച്ച മീനരാജ് പള്ളുരുത്തിയുടെ നാടകീയ രംഗപ്രവേശം. ശ്രീലങ്കയുടെ രാഷ്‌ട്രീയവും ചരിത്രവും ചർച്ചയായ ഇടപ്പള്ളി ചങ്ങമ്പുഴ സ്‌മാരക ഗ്രന്ഥശാലയിലെ വേദിയിലാണ് നോവലിസ്റ്റിനുമുന്നിൽ മീനരാജ് ഹാജരായത്. താനറിയാതെയാണ് ആണ്ടാൾ ദേവനായകിയ്ക്ക് മീനരാജ് രംഗഭാഷ ചമച്ചതെങ്കിലും ഉദ്ദേശ്യശുദ്ധി ബോധ്യപ്പെട്ടാണ് ടി ഡി രാമകൃഷ്‌ണൻ വേദിവിട്ടത്.
"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യെ നാടകരൂപത്തിൽ അവതരിപ്പിച്ചുവരുന്നതായി ഏതാനും ദിവസംമുമ്പാണ് ടി ഡി രാമകൃഷ്ണൻ അറിഞ്ഞത്. സുഹൃത്തിനൊപ്പം പനങ്ങാട് പോയപ്പോഴാണ് മറ്റൊരാൾ നാടകത്തെക്കുറിച്ച് പറഞ്ഞത്. ""ഞാൻപോലും അറിയാതെ എന്റെ നോവലിന് നാടകരൂപമോ'' അദ്ദേഹം ആശ്ചര്യപ്പെട്ടു. നാടകത്തിന് രംഗഭാഷ്യം ചമച്ചയാളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കഴിഞ്ഞദിവസം ചങ്ങമ്പുഴ വായനശാല സംഘടിപ്പിച്ച പ്രഭാഷണത്തിന് എത്തിയപ്പോഴാണ് ആണ്ടാളെ തട്ടിൽ കയറ്റിയ മീനരാജ് പള്ളുരുത്തി ടി ഡി രാമകൃഷ്ണന്റെ മുന്നിലെത്തിയത്.പ്രഭാഷണത്തിനൊടുവിൽ ചർച്ചയിൽ സംസാരിച്ച മീനരാജ് ക്ഷമാപണത്തോടെയാണ് തുടങ്ങിയത്. ആണ്ടാളിനെ നാടകമാക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ വിശദീകരിച്ച് മീനരാജ് നോവലിസ്‌റ്റിന്റെ അനുമതി തേടി. ""ഒരു മതം ഒരു രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ അമിത സ്വാധീനം ചെലുത്തുമ്പോൾ വലിയ ദുരന്തത്തിലേക്ക് എത്തുമെന്നതാണ് നോവൽ പറയുന്നത്. ശ്രീലങ്ക ഒരു കണ്ണാടിയാണ്. അതിൽക്കൂടി ഇന്ത്യയെയും കാണാം. ഇത്തരം നാടകങ്ങൾ ഈ കാലത്ത് അവതരിപ്പിക്കുന്നതിൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സാമ്പത്തിക ലാഭങ്ങൾ നോക്കാതെയുള്ള ശ്രമമായിരുന്നതിനാൽ തനിക്ക് പരിഭവമില്ല.''–-ടി ഡി രാമകൃഷ്ണൻ പറഞ്ഞു.
ഒരുമണിക്കൂർ ദൈർഘ്യമുള്ള നാടകം മൂന്ന് മത്സരവേദികളിൽ അവതരിപ്പിച്ചു. മൂന്നിടത്തും സമ്മാനംനേടി. ""നോവലിലെ വൈവിധ്യങ്ങളാണ് എന്നെ ആകർഷിച്ചത്. സ്ത്രീപക്ഷ വിഷയങ്ങൾ, ശ്രീലങ്കയിലെ ജനാധിപത്യക്കുരുതി, രാഷ്ട്രീയ ഇടപെടലുകൾ...അതെല്ലാം വായിച്ചപ്പോൾ നാടകമാക്കണമെന്ന് തോന്നി.''–- മീനരാജ് പറഞ്ഞു. നാടകരംഗത്ത് 55 വർഷത്തെ പരിചയമുള്ള മീനരാജ് സംഗീതനാടക അക്കാദമി പുരസ്കാര ജേതാവാണ്. ഫാലിമി, രേഖചിത്രം തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..