09 November Saturday

തുലാത്തുമ്പികൾ മടങ്ങുന്നു; ആഫ്രിക്കയിലേക്ക്‌

സി എ പ്രേമചന്ദ്രൻUpdated: Saturday Nov 9, 2024

തൃശൂർ
തൊടികളിൽ തുമ്പികൾ  പറന്നുയരുന്നത്‌ കണ്ടിട്ടില്ലേ. ഇവരുടെ കൂട്ടത്തിൽ  ആഫ്രിക്കയിൽ നിന്നെത്തുന്ന ദേശാടനത്തുമ്പികളുമുണ്ട്‌.  തലമുറ മാറ്റംവഴി ഭൂഖണ്ഡങ്ങൾ കടന്നാണ്‌  ഇവർ കേരളത്തിലേക്ക്‌  പറന്നെത്തുന്നത്‌.  കാലവർഷത്തിൽ മൺസൂൺകാറ്റിനൊപ്പം  ഇന്ത്യയിലേക്ക്‌  പറന്നെത്തുന്ന തുമ്പികൾ ഇതാ തുലാവർഷത്തോടൊപ്പം ആഫ്രിക്കയിലേക്ക്  മടങ്ങുകയാണ്‌.  അറബിക്കടലിന്‌ മുകളിലൂടെ ആയിരക്കണക്കിന്‌ തുമ്പികളുടെ മടക്കയാത്ര കഴിഞ്ഞ ദിവസം  കടൽ പ്പക്ഷി സർവേയ്‌ക്ക്‌ പോയ പക്ഷിനിരീക്ഷകർക്ക്‌ കാണാനായി.

പന്റാല ഫ്ളേവ്‌സെൻസ്‌ എന്നാണ്‌  ഈ തുമ്പിയുടെ ശാസ്‌ത്രനാമം.  ആഗോളത്തുമ്പി, സഞ്ചാരിത്തുമ്പി  എന്നും അറിയപ്പെടുന്നു. കേരളത്തിൽ തുലാമഴ സമയത്ത് ധാരാളമായി കാണുന്നതിനാലാണ്‌  തുലാത്തുമ്പികൾ എന്ന് വിളിക്കുന്നത്.  മൺസൂൺ കാറ്റിന്റെ ശക്തിയും  ഗതിയുമനുസരിച്ചാണ്‌ ഇവർ   രാജ്യങ്ങൾ കടന്നെത്തുന്നത്‌.  ജൂണിൽ   ഇന്ത്യയിലെത്തും.  സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കേരളത്തിൽ സജീവമാവും.  തുലാവർഷ മഴയ്‌ക്കൊപ്പമുള്ള മൺസൂൺ കാറ്റിനൊപ്പമാണ്‌  നവംബറിൽ ആഫ്രിക്കയിലേക്ക്‌  മടങ്ങുകയെന്ന്‌  ഇരിങ്ങാലക്കുട  ക്രൈസ്‌റ്റ്‌ കോളേജിലെ   തുമ്പി ഗവേഷകൻ  വിവേക്‌ ചന്ദ്രൻ പറഞ്ഞു.  ചാൾസ്‌ ആൻഡേഴ്‌സൻ എന്ന   ബ്രിട്ടീഷ്‌  ശാസ്ത്രജ്ഞനാണ്‌   ഈ തുമ്പികളുടെ ദേശാടന പാത കണ്ടെത്തിയത്‌.   ഏകദേശം 14,000  കിലോമീറ്റർ  ഇവ  സഞ്ചരിക്കുന്നതായാണ്‌ പഠനം.  ആഫ്രിക്കയിൽനിന്ന്‌  ഇന്ത്യയിലെത്തി മടങ്ങുന്നതിനിടെ നാല്‌ തലമുറ മാറ്റമുണ്ടാവും. രണ്ടു തവണ ആഫ്രിക്കയിലും രണ്ടു തവണ ഇന്ത്യയിലും   പ്രജനനം നടത്തും.  പുതിയ തലമുറകൾ വഴിയാണ്‌ വാർഷികയാത്ര പൂർത്തിയാക്കുന്നത്‌.  
ഏറ്റവും ചെറിയ ജീവിതചക്രമുള്ള  തുമ്പികളാണിവ.  മറ്റു തുമ്പികളിൽനിന്ന്‌ വ്യത്യസ്തമായി ഇവയുടെ ലാർവയ്‌ക്ക് പൂർണ വളർച്ചയെത്താൻ ഒന്നര മാസം  മതി. മൂന്നുമാസമാണ്‌ ജീവിക്കുക. എല്ലാ തുമ്പികളും ആഫ്രിക്കയിലേക്ക്‌ തിരിച്ചു പോവില്ല.  


കുറച്ച്‌ തുമ്പികൾ സ്ഥിരമായി   കേരളത്തിൽ   പ്രജനനം നടത്തി,  ജീവിതചക്രം പൂർത്തീകരിക്കാറുണ്ട്‌. തൃശൂർ–- പൊന്നാന്നി കോൾനിലങ്ങൾ തുലാത്തുമ്പികളുടെ  സങ്കേതമാണ്‌.  ചെറുകീടങ്ങളെ തുമ്പികൾ ഭക്ഷിക്കുന്നതിനാൽ കൃഷിക്ക്‌ ഗുണകരമാണെന്നും   അദ്ദേഹം പറഞ്ഞു. മഴ പെയ്യുമ്പോൾ രൂപപ്പെടുന്ന താൽക്കാലിക വെള്ളക്കെട്ടുകളാണ് ഇവയുടെ പ്രധാന പ്രജനന കേന്ദ്രം.  മഴയ്‌ക്കനുസരിച്ച്‌ രാജ്യങ്ങൾ കടക്കും.  നവംബറിൽ  പതിനായിരക്കണക്കിന് വരുന്ന കൂട്ടങ്ങളായി അറബിക്കടലും  ഇന്ത്യൻ മഹാസമുദ്രവും   കടന്ന്‌ ആഫ്രിക്കയിലേക്ക് സഞ്ചരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top