കൊച്ചി
കക്കൂസ്‌മാലിന്യം അടക്കം തള്ളിയതിന്റെ പേരിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടൻ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി. ഇതിനായി എല്ലാ സബ് ഡിവിഷണൽ മജിസ്ട്രേട്ടുമാർക്കും അറിയിപ്പ് നൽകാൻ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഹൈക്കോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി കെട്ടണമെന്നും നേരത്തേ നിർദേശമുണ്ടായിരുന്നു. ഇത് പാലിക്കാതെ പല വാഹനങ്ങളും വിട്ടുകൊടുത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കണ്ടുകെട്ടൽ നടപടിക്ക് തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയ്ക്ക് നിർദേശം നൽകിയത്.
സംസ്ഥാനത്ത് 91 കക്കൂസ്‌മാലിന്യ സംസ്കരണ പ്ലാന്റുകളാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 40 ഇടങ്ങളിൽ സ്ഥലം കണ്ടെത്തി. നാലിടത്ത് തുടങ്ങി. 47 പ്ലാന്റുകൾക്ക് സ്ഥലം കണ്ടെത്താനുണ്ടെന്നും അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങൾക്ക് സിഎസ്ആർ ഫണ്ട് പരമാവധി സ്വരൂപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും മാലിന്യസംസ്കരണത്തിൽ സിംഗപ്പൂർ മാതൃക വിലയിരുത്തണമെന്നും അഭിപ്രായപ്പെട്ടു.
ശബരിമലയിൽനിന്ന് പമ്പയിലേക്കുള്ള നീർച്ചാലായ ഞുണങ്ങാർ മലിനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പമ്പാനദി മലിനമാകാതിരിക്കാൻ ഞുണങ്ങാറിലെ വെള്ളം ശുദ്ധീകരിക്കണം. ശബരിമലയിലെ മാലിന്യസംസ്കരണത്തിന് സമഗ്രപദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് സ്പെഷ്യൽ സെക്രട്ടറി അറിയിച്ചു. പദ്ധതി പൂർത്തിയാകുംവരെ താൽക്കാലിക ശുദ്ധീകരണനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..