പാലക്കാട് > ഉള്ളിവടയിൽ ഉള്ളിയില്ലാത്തതിന് പിണങ്ങരുത്. ബിരിയാണിക്കൊപ്പം വിളമ്പുന്ന സാലഡിൽ സവാളയുടെ പൊടിപോലും കാണാൻ കിട്ടില്ല. കക്കിരിയും വെള്ളരിയും കാബേജുമാണ് പകരക്കാർ. അവയൊന്നും സവാളയുടെ അത്ര വരില്ല. വില കുത്തനെ ഉയർന്നതോടെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഉള്ളി കിട്ടാക്കനിയായി.
നഗരങ്ങളിലെ ശരാശരി കച്ചവടം നടക്കുന്ന ഹോട്ടലുകളിൽ പ്രതിദിനം അര ക്വിൻറലിന്‌മുകളിൽ സവാളയെങ്കിലും വേണം. നിലവിലെ വിലയടിസ്ഥാനമാക്കിയാണെങ്കിൽ കുറഞ്ഞത് പതിനായിരം രൂപവരെ വരും. കിലോയ്ക്ക് 120 മുതൽ 170 രൂപവരെയാണ് വില. അത്രയും വില നൽകി സവാള വാങ്ങാൻ കഴിയാത്തതിനാലാണ് ഹോട്ടലുകളിൽ ഭക്ഷണശാലകളിലും കക്കിരിയേയും വെള്ളരിയേയും കാബേജുമൊക്കെ പകരക്കാരനാക്കുന്നത്.
ആഹാര സാധനത്തിന്റെ വിലകൂട്ടിയാൽ ഉപഭോക്താക്കളുടെ എണ്ണം കുറയും. ചിലർ സവാളയുടെ അളവ് പകുതിയായി കുറച്ചു. ചിലർ ഉപയോഗിക്കുന്നതേയില്ല. തട്ടുകടകളിൽ ഓംലെറ്റിൽ വരെ കാബേജ് സ്ഥാനം പിടിച്ചു. ബിരിയാണിക്കുപയോഗിക്കുന്ന ‘പുണെ ഉള്ളി’ കിലോയ്ക്ക് 150 രൂപയാണ്. പ്രധാനമായും മഹാരാഷ്ട്രയിൽ നിന്നും കർണാടകത്തിൽ നിന്നുമാണ് സംസ്ഥാന വിപണിയില്‍ സവാളയെത്തുന്നത്. പകരക്കാരായ വെള്ളരിക്ക കിലോയ്ക്ക് 15 രൂപയും കാബേജിന് 30 രൂപയുമാണ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..