പുത്തൻകുരിശ്
മലങ്കരയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി കാതോലിക്കാ ബാവായ്‌ക്ക് സ്മരണാഞ്ജലി. യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40–--ാം ഓർമദിനത്തോടനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ രാവിലെ ഏഴരയോടെ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രഭാതപ്രാർഥനയും കുർബാനയും നടന്നു. മലങ്കര മെത്രാപോലീത്തയും കാതോലിക്കോസ് അസിസ്റ്റന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ്, എബ്രഹാം മാർ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, മാർ ക്ലീമിസ് ഡാനിയേൽ മെത്രാപോലീത്ത, മാർ ജോസഫ് ബാലി മെത്രാപോലീത്ത, മർക്കോസ് മാർ ക്രിസ്റ്റഫോറോസ് മെത്രാപോലീത്ത എന്നിവർ സഹകാർമികരായി.
ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ മുഖ്യപ്രഭാഷണം നടത്തി. മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപോലീത്ത പരിഭാഷപ്പെടുത്തി. ജോസഫ് മാർ ഗ്രിഗോറിയോസ്, എം എ യൂസഫലി എന്നിവർ ശ്രേഷ്‌ഠ ബാവായെ അനുസ്മരിച്ചു. സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, വൈദിക ട്രസ്റ്റി റോയി കട്ടച്ചിറ എന്നിവർ സംസാരിച്ചു. സിറിയയിലെ പ്രത്യേക സാഹചര്യത്തിൽ പരിപാടികൾ വെട്ടിച്ചുരുക്കി ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ചൊവ്വ രാവിലെ 9.30ന് മടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..