23 December Monday

ഹാപ്പിയാകും ‘വാർധക്യം’ ; സർക്കാരുണ്ട്‌ കൂടെ; വയോജന പരിപാലനത്തിൽ ‘കേരള മോഡൽ’

സ്വന്തം ലേഖകൻUpdated: Monday Feb 10, 2020

പ്രായമെത്രയും ആയിക്കോട്ടേ... സർക്കാരുണ്ട്‌ കൂടെ. വയോജന പരിപാലനത്തിൽ ‘കേരള മോഡൽ’ സൃഷ്ടിക്കാനൊരുങ്ങുകയാണ്‌ സംസ്ഥാന സർക്കാർ. മുതിർന്നവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന പുതുപദ്ധതികൾ നടപ്പാക്കി രാജ്യത്തിന്‌ വീണ്ടും മാതൃകയാകാൻ ഒരുങ്ങുകയാണ്‌ സംസ്ഥാനം. സീനിയർ സിറ്റിസൺ സപ്പോർട്ട്‌ സൊസൈറ്റി ഉൾപ്പെടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഇനി വാർധക്യകാലം സന്തോഷകരമാക്കും.

ഒറ്റയ്‌ക്ക്‌ താമസിക്കുന്ന മുതിർന്നവർക്കാണ്‌ ‘സീനിയർ സിറ്റിസൺ സപ്പോർട്ട്‌ സൊസൈറ്റി’. സാങ്കേതിക സഹായത്തോടെ അത്യാവശ്യ സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കും. വയോജനങ്ങൾക്കായി സർക്കാർ ഇൻഫർമേഷൻ സെന്റർ ആരംഭിക്കും. പെൻഷൻകാരുടെ സംഘടനകളുടെയും മുതിർന്ന പൗരന്മാരുടെയും സേവനം  പ്രയോജനപ്പെടുത്തിയാണ്‌ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുന്നത്‌. ഇതിനു പുറമെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾസെന്റർ ആരംഭിക്കാനും തീരുമാനിച്ചു.

ഡയറക്ടറേറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും വയോജന സെൽ ആരംഭിക്കും. 80 വയസ്സിനു മുകളിലുള്ളവർക്ക്‌ ശ്രദ്ധ ആവശ്യമാണെന്ന്‌ മനസ്സിലാക്കി
അവർക്കായി പ്രത്യേക ഹോം ആരംഭിക്കും. സംസ്ഥാനതലത്തിൽ വയോജന കമീഷൻ സ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്‌. ഇന്ത്യയിൽ മുതിർന്നവരുടെ നിരക്ക്‌ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ്‌ കേരളം.

ഏറ്റവും ആയുർദൈർഘ്യമുള്ള സംസ്ഥാനവും കേരളമാണ്‌. 2015–-16ൽ 17,499 പേരാണ്‌ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ ഉണ്ടായിരുന്നതെങ്കിൽ 18–-19ൽ 28,209 ആയി. വൃദ്ധസദനത്തിലേക്ക്‌ മുതിർന്നവരെ അയക്കുന്ന പ്രവണത അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top