22 November Friday

വയനാട് ഉരുൾപൊട്ടൽ വലിയ ആഘാതം ; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്രസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


കൽപ്പറ്റ
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വയനാട് ഉരുൾപൊട്ടൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദർശിച്ച കേന്ദ്രസംഘം. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയും ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്‌. ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിച്ചു. 

മന്ത്രിസഭാ ഉപസമിതി അംഗമായ മന്ത്രി പി എ മുഹമ്മദ് റിയാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചചെയ്‌ത്‌ ഇതുവരെയുള്ള സ്ഥിതി സംഘം മനസ്സിലാക്കി. ദുരന്തത്തിന്റെ ആദ്യദിനം മുതലുള്ള രക്ഷാപ്രവർത്തനങ്ങൾ, തിരച്ചിൽ, ദുരിതാശ്വാസ ക്യാമ്പുകൾ, പോസ്റ്റ്‌മോർട്ടം, ബന്ധുക്കൾക്ക് കൈമാറൽ, സംസ്‌കാരം, ഡിഎൻഎ ടെസ്റ്റ്, മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക ഉൾപ്പെടെയുള്ളവ കലക്ടർ ഡി ആർ മേഘശ്രീ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ വിശദീകരിച്ചു. പ്രദേശത്ത് ഉരുൾപൊട്ടലിന് കാരണമായേക്കാവുന്ന സാഹചര്യങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് വിശദീകരിച്ചു. ജനവാസമേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനുമാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ കേന്ദ്രസംഘത്തെ ധരിപ്പിച്ചു.

ഓയിൽ സീഡ് ഹൈദരബാദ് ഡയറക്ടർ ഡോ. കെ പൊന്നുസ്വാമി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ വി അമ്പിളി, കേന്ദ്ര റോഡ് ഗതാഗത സൂപ്രണ്ടിങ്‌ എൻജിനിയർ ബി ടി ശ്രീധര, ധനകാര്യ എക്‌സ്‌പെന്റീച്ചർ ഡെപ്യൂട്ടി ഡയറക്ടർ സുപ്രിയ മാലിക്, സിഡബ്ല്യുസി ഡയറക്ടർ കെ വി പ്രസാദ്, ഊർജ ഡെപ്യൂട്ടി ഡയറക്ടർ ആർ കെ തിവാരി, ഗ്രാമ വികസന ഡെപ്യൂട്ടി സെക്രട്ടറി രമാവതർ മീണ, നാഷണൽ റിമോട്ട് സെൻസിങ്‌ സെന്ററിലെ ജിയോ ഹസാർഡ് സയന്റിസ്റ്റ് ഡോ. തപസ് മർത്ത എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്‌.  എംഎൽഎമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സ്‌പെഷ്യൽ ഓഫീസർ സീറാം സാംബശിവ റാവു, റവന്യു ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, കെഎസ്ഡിഎംഎ കോ -ഓർഡിനേറ്റിങ്‌ ഓഫീസർ എസ് അജ്മൽ, സബ് കലക്ടർ മിസാൽ സാഗർ ഭഗത്, അസി. കലക്ടർ ഗൗതം രാജ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top