22 December Sunday

നിർമാണത്തിന്‌ ഇളവുമായി 
തീരദേശ പരിപാലന പ്ലാൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


തിരുവനന്തപുരം
തീരപ്രദേശങ്ങളിൽ നിർമാണപ്രവർത്തനത്തിന്‌ ഇളവ്‌ അനുവദിക്കുന്ന തീരദേശ പരിപാലന പ്ലാൻ  ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രം സംസ്ഥാന ചീഫ്‌ സെക്രട്ടറി ഡോ. വി വേണുവിന്‌  കൈമാറി. 2019ലെ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സിആർസെഡ്‌ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്ലാൻ തയ്യാറാക്കിയത്‌.

പുഴ, കായൽതീരത്തുനിന്ന്‌ 100 മീറ്റർ വിട്ടാണ്‌ നേരത്തെ നിർമാണപ്രവർത്തനം അനുവദിച്ചതെങ്കിൽ ഭേദഗതി പ്രകാരം 50 മീറ്ററായി കുറയും.  കടൽത്തീരത്ത്‌ 200 മീറ്റർ എന്നത്‌ 50 മീറ്ററുമാകും. സ്വകാര്യഭൂമിയിലെ കണ്ടൽച്ചെടികൾക്ക്‌ ബഫർസോൺ എന്ന നിബന്ധനയും എടുത്തുകളഞ്ഞു. സർക്കാർ ഭൂമിയിൽ ആയിരം ചതുരശ്ര മീറ്റർ കണ്ടൽക്കാട്‌ ഉണ്ടെങ്കിൽ മാത്രമാകും ബഫർസോൺ ബാധകമാകുക. അതേസമയം കണ്ടൽക്കാടുകൾക്ക്‌ സംരക്ഷണമുണ്ടാകും. ബണ്ടുകൾക്ക്‌ സമീപവും നിർമാണത്തിന്‌ നിയന്ത്രണങ്ങളോടെ അനുമതി ലഭിക്കും. നഗരപ്രദേശത്തെ ഇളവുകൾ 66 പഞ്ചായത്തുകൾക്ക്‌ അനുവദിക്കാനും പ്ലാനിൽ വ്യവസ്ഥ ചെയ്യുന്നു.
ഭൗമശാസ്‌ത്ര പഠന കേന്ദ്രം ഡയറക്‌ടർ പ്രൊഫ. എൻ വി ചലപതി റാവു, ഡോ. റെജി ശ്രീനിവാസ് എന്നിവർ ചേർന്നാണ്‌ പ്ലാൻ സമർപ്പിച്ചത്‌. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ 2019 തീരദേശ പരിപാലന നിയമം കേരളത്തിൽ നിലവിൽ വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top