21 December Saturday

ഓണത്തിന്‌ 12 കോടി 
വിൽപ്പന ലക്ഷ്യമിട്ട്‌ ഖാദി

ശ്രീരാജ്‌ ഓണക്കൂർUpdated: Saturday Aug 10, 2024


കൊച്ചി
ഓണക്കാലത്ത്‌ ജില്ലയിൽ 12 കോടി രൂപയുടെ വിറ്റുവരവ്‌ ലക്ഷ്യമിട്ട്‌ ഖാദി ഗ്രാമവ്യവസായ ബോർഡ്‌. ഓണക്കാലത്ത്‌ കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്‌ അനുഭവം നൽകുന്ന കലൂരിലെ നവീകരിച്ച ഖാദി ടവർ 15ന്‌ പകൽ 2.30ന്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. 20 കാറുകൾ നിർത്തിയിടാനുള്ള സൗകര്യമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. പ്രവേശിക്കാനും പുറത്തിറങ്ങാനും രണ്ട്‌ ഗേറ്റുകൾ ഉൾപ്പെടെ സജ്ജമാക്കി. മൂന്നാംനിലയുടെ നവീകരണവും പൂർത്തിയായി. 2023ൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾക്ക്‌ 81 ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌. കലൂർ ഖാദി ടവറിൽനിന്ന്‌ കഴിഞ്ഞ ഓണക്കാലത്ത്‌ മൂന്നുകോടി രൂപയുടെ വസ്ത്രങ്ങളാണ്‌ വിറ്റഴിച്ചത്‌. ഇത്തവണ അഞ്ചുകോടിയുടെ വിൽപ്പനയാണ്‌ ലക്ഷ്യം.

ഖാദി വസ്‌ത്രങ്ങൾക്കുള്ള 30 ശതമാനം വിലക്കിഴിവ്‌ വ്യാഴാഴ്‌ച ആരംഭിച്ചു. സെപ്‌തംബർ 14 വരെ തുടരും. സർക്കാർ, അർധസർക്കാർ, ബാങ്ക്‌, പൊതുമേഖല ജീവനക്കാർക്ക്‌ ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ്‌ സൗകര്യവുമുണ്ട്‌. ഷർട്ടിന്റെ തുണികൾക്ക്‌ മീറ്ററിന്‌ 250 മുതൽ 3500 രൂപവരെയാണ്‌ വില. പ്രിന്റഡ്‌ ഷർട്ടിന്റെ തുണികൾക്ക്‌ 260–-400 വരെയും. കപ്പടം ഡബിൾ മുണ്ടുകൾക്ക്‌ 2362 രൂപയും കപ്പടം സാരികൾക്ക്‌ 4103 രൂപയുമാണ്‌. പയ്യന്നൂർ പട്ടുസാരികൾക്ക്‌ 4600 രൂപമുതൽ വില തുടങ്ങുന്നു. സെറ്റ്‌ മുണ്ടുകൾ 800–-1200 നിരക്കിൽ ലഭിക്കും. കോട്ടൺ ഷർട്ടുകൾക്ക്‌ 800–-3000 വരെയും സിൽക്ക്‌ ഷർട്ടുകൾക്ക്‌ 1500–-4000 രൂപവരെയുമാണ്‌ വില.

ന്യൂജെൻ ട്രെൻഡാകാൻ ‘പാപ്പിലിയോ’
പാപ്പിലിയോ ബ്രാൻഡിൽ പുറത്തിറക്കുന്ന കുന്നുകര റെഡിമെയ്‌ഡ്‌ ഖാദി വസ്‌ത്രങ്ങൾ ഈ ഓണക്കാലത്തും താരമാകും. ന്യൂജെൻ ഷർട്ടുകളും പുതിയ ഫാഷനിലുള്ള ചുരിദാറുകളുമാണ്‌ ഇത്തവണ കൂടുതൽ എത്തുക. ഈ സാമ്പത്തികവർഷം 1.2 കോടി രൂപയുടെ വസ്ത്രങ്ങൾ നിർമിക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഏഴ്‌ ജീവനക്കാരാണ്‌ കുന്നുകരയിലുള്ളത്‌. ഫാഷൻ ഡിസൈനറുടെ സഹായത്തോടെ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ്‌ വസ്‌ത്രനിർമാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top