23 December Monday

തലേസ്ഥാനത്തെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

മേലാറന്നൂരിൽ പൊതുപൈപ്പിൽ വെള്ളം 
എത്തിത്തുടങ്ങിയതോടെ 
വീടുകളിലേക്ക്‌ ജലം ശേഖരിച്ചുകൊണ്ടുപോകുന്ന 
അക്ഷയ്, അജിത, ചന്ദ്രിക, അതുല്‍ എന്നിവർ. ഫോട്ടോ: നിലിയ വേണുഗോപാല്‍

തിരുവനന്തപുരം > അഞ്ചുദിവസത്തിനുശേഷം നഗരത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്‌. ഞായർ രാത്രിയോടെ ജലവിതരണം പുനരാരംഭിച്ചിരുന്നു. തിങ്കൾ അർധരാത്രിയോടെ എല്ലായിടത്തും ജലമെത്തിച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു. മർദം കുറവായതിനാൽ ഉയർന്ന സ്ഥലങ്ങളിൽ ജലമെത്തുന്നതിന്‌ തിങ്കളാഴ്‌ചയും തടസ്സം നേരിട്ടു. ഘട്ടംഘട്ടമായ പരിശോധനകളിലൂടെ മർദം വർധിപ്പിച്ച്‌ ഉയർന്ന സ്ഥലങ്ങളിലേക്കും ജലം എത്തിച്ചു തുടങ്ങി.

തിരുവനന്തപുരം– -നാഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ അപ്രതീക്ഷിതമായി നീണ്ടുപോയതാണ്‌ ജലവിതരണം തടസ്സപ്പെടുത്തിയത്‌. സർക്കാരും ജലഅതോറിറ്റിയും കോർപറേഷനും ഒറ്റക്കെട്ടായിട്ടാണ്‌ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട്‌ പരിഹരിച്ചത്‌.

ചിരിയോടെ 
ചന്ദ്രികയും അജിതയും

ഇത്രയും ദിവസം വെള്ളം മുടങ്ങുമെന്ന്‌ പ്രതീക്ഷിച്ചില്ലെന്നും പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ആശ്വാസമായെന്നും മേലാറന്നൂർ സ്വദേശികളായ ചന്ദ്രികയും അജിതയും. വാട്ടർ അതോറിറ്റി പൈപ്പിലൂടെ ലഭിക്കുന്ന ജലം വീടിന്റെ താഴത്തെ ടാങ്കിൽ ശേഖരിച്ച്‌ മുകളിലത്തെ നിലയിലേക്ക്‌ പമ്പ്‌ ചെയ്‌ത്‌ കയറ്റുകയാണ്‌ പതിവെന്ന്‌ അജിത പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള വെള്ളം ഉണ്ടായിരുന്നു. വെള്ളം വരാൻ വൈകിയതിനാൽ സംഭരിച്ചത്‌ തീർന്നു. തുടർന്ന്‌ ജഗതിയിലെ ബന്ധുവീട്ടിൽ പോയി കൊണ്ടുവരികയായിരുന്നെന്നും അജിത പറഞ്ഞു.

വെള്ളം എത്തിത്തുടങ്ങിയതോടെ സ്‌കൂൾ തുറക്കുമല്ലോയെന്ന സന്തോഷമാണ്‌ നാലാംക്ലാസുകാരൻ അക്ഷയും മൂന്നാംക്ലാസുകാരൻ അതുലും പങ്കുവച്ചത്‌. വെള്ളമില്ലാത്തതിനാൽ ബുക്ക്‌ ചെയ്‌ത വാഹനങ്ങളുടെ സർവീസ്‌ മുടങ്ങിയതായി സമീപത്തെ സർവീസ്‌ സെന്ററുകാരും പ്രതികരിച്ചു.


വീഴ്ച 
ആവർത്തിക്കാതിരിക്കാൻ 
നടപടി

മുന്നറിയിപ്പുനൽകിയതിലും കൂടുതൽദിവസം തലസ്ഥാന നഗരിയിൽ കുടിവെള്ളവിതരണം തടസ്സപ്പെട്ടതിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ചയുണ്ടായതായി വിമർശം. ജനപ്രതിനിധികൾക്കുൾപ്പെടെ മുന്നറിയിപ്പ്‌ നൽകുന്നതിൽ ജല അതോറിറ്റി വീഴ്‌ചവരുത്തിയെന്നാണ്‌ പരാതി. തുടർന്ന്‌ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യാഴാഴ്‌ചയാണ്‌ യോഗം.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുമെന്ന്‌ മന്ത്രി അറിയിച്ചു. അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഉണ്ടാകുമ്പോൾ മുൻകൂട്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ തീരുമാനമെടുക്കും. ജനപ്രതിനിധികളുമായി ചർച്ചചെയ്‌ത്‌ ആവശ്യത്തിനു മുന്നറിയിപ്പും ബദൽ സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള നിർദേശങ്ങളും ചർച്ച ചെയ്യും. കുടിവെള്ള വിതരണം നിർത്തിവച്ചുള്ള പ്രവർത്തനങ്ങൾക്ക് പൊതുമാർഗനിർദേശം രൂപപ്പെടുത്തുന്നതും ചർച്ച ചെയ്യും. റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ അപാകം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

കുടിവെള്ളം തടസ്സപ്പെടുമെങ്കില്‍ കോര്‍പറേഷനെയും അറിയിക്കണം


കുടിവെള്ള വിതരണത്തിൽ തടസ്സമുണ്ടാകുമെങ്കിൽ വാട്ടർ അതോറിറ്റി ഉദ്യോ​ഗസ്ഥർ മുൻകൂട്ടി കോർപറേഷനെ അറിയിക്കണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതിനുള്ള നിർദേശം വാട്ടർ അതോറിറ്റി  ഉദ്യോ​ഗസ്ഥർക്ക് നൽകണമെന്ന് മന്ത്രിയെ അറിയിക്കും. മുൻകൂട്ടി അറിയിച്ചാൽ കോർപറേഷൻ ബദൽമാർ​ഗം കണ്ടെത്തി വെള്ളമെത്തിക്കും. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള കോർപറേഷന്റെ നിയമാവലിയിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.

കുടിവെള്ള പ്രശ്നം നേരിട്ട ന​ഗരത്തിലെ 45 വാർഡിലും കഴക്കൂട്ടം മേഖലയിലും വെള്ളം എത്തിച്ചതായി കോർപറേഷൻ അറിയിച്ചു. ഞായറാഴ്ചമാത്രം വിതരണം ചെയ്തത് 25.90 ലക്ഷം ലിറ്റർ വെള്ളമാണ്. 20 ടാങ്കർ ഏർപ്പെടുത്തിയാണ് പരമാവധി സ്ഥലങ്ങളിൽ വെള്ളമെത്തിച്ചത്. കുടിവെള്ളപ്രശ്നം രൂക്ഷമായ ആദ്യദിനങ്ങളിൽത്തന്നെ കോർപറേഷൻ സൗജന്യമായി വെള്ളം എത്തിച്ചിരുന്നു. അരുവിക്കരയിൽനിന്ന് വെള്ളമെടുത്ത് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പൊതുവായി വിതരണം നടത്തുകയായിരുന്നു. വെള്ളമെത്തിക്കുന്നതിന്റെ യാത്രാച്ചെലവുകൾ കോർപറേഷൻ ഏറ്റെടുത്തു. ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെയും ജനപ്രതിനിധികളിലൂടെയും ജനങ്ങളിലേക്ക് അറിയിക്കുകയും ചെയ്തു.

മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ഞായറാഴ്ച കോർപറേഷനിൽ നടന്ന അടിയന്തര യോ​ഗത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തിക്കാൻ തീരുമാനിച്ചത്. സ്വന്തം ടാങ്കറുകൾക്കു പുറമെ ടാങ്കർ ലോറികൾ വാടകയ്ക്ക് എടുത്താണ് കോർപറേഷൻ ജലവിതരണം നടത്തിയത്. കൺ‌ട്രോൾ റൂം നമ്പർ: 9447377477, 8590036770.

വി കെ പ്രശാന്ത് മന്ത്രിക്ക്‌ പരാതി നൽകി

ജലവിതരണം മുടങ്ങിയതിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാ​ഗത്തുനിന്നുണ്ടായ വീഴ്‌ച അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വി കെ പ്രശാന്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് എംഎൽഎ പരാതി നൽകി.

സംഭവത്തിന്‌ പിന്നിൽ ബോധപൂർവമായ ശ്രമമുണ്ടായിട്ടുണ്ടോയെന്ന്  പരിശോധിക്കണം. നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖല സംബന്ധിച്ച് ധാരണയോ പരിചയസമ്പത്തോ ഇല്ലാത്ത ഉയർന്ന ഉദ്യോഗസ്ഥരുടെ വീഴ്‌ച സംശയിക്കുന്നു.

വാട്ടർ അതോറിറ്റിയുടെ അറിയിപ്പിൽ പറയാത്ത നിരവധി വാർഡുകളിൽ ജലവിതരണം പൂർണമായി തടസ്സപ്പെട്ടു. കോർപറേഷനിലെ 33 വാർഡിൽ പൂർണമായും 12 വാർഡിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഇത്ര വലിയ പ്രവൃത്തി സംബന്ധിച്ചോ അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ചോ എംഎൽഎമാരെ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു. നഗരത്തിലെ ശൃംഖലയിലെ പള്ളിമുക്ക് വാൽവ്, കണ്ണേറ്റുമുക്ക് വാൽവ്, കരമന വാൽവ് എന്നിവമാത്രം അടച്ച്‌ ചെയ്യാനാകുമായിരുന്ന പ്രവൃത്തിയായിരുന്നു ഇതെന്നാണ് നിരവധി വർഷത്തെ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരും കരാറുകാരും പറയുന്നത്‌.

ലഭ്യമാകുന്ന വെള്ളം ശുദ്ധീകരിച്ച് 
ഉപയോഗിക്കണം

ജില്ലയിൽ ജലവിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മാർഗനിർദേശം  പുറത്തിറക്കി. കുടിവെള്ളം തിളപ്പിച്ചാറിയത് മാത്രം ഉപയോഗിക്കണം. ലഭ്യമാകുന്ന വെള്ളം ടാങ്കുകളിലോ വലിയ പാത്രങ്ങളിലോ ശേഖരിച്ച് ക്ലോറിനേറ്റ് ചെയ്തതിനുശേഷം വേണം ഉപയോഗിക്കാൻ. 1000 ലിറ്ററിന് അഞ്ച് ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന തോതിൽ കലക്കി തെളിച്ച് വേണം ക്ലോറിനേറ്റ് ചെയ്യാൻ. കുട്ടികൾ, കിടപ്പു രോഗികൾ, വയോജനങ്ങൾ എന്നിവർക്ക് മുഖംകഴുകാനും കൈ കഴുകാനും തിളപ്പിച്ചാറിയവെള്ളം നൽകുന്നതാണ് ഉത്തമം.  പാചകത്തിനും പാത്രങ്ങൾ വൃത്തിയാക്കാനും ക്ലോറിനേറ്റ്ചെയ്ത വെള്ളം മാത്രം ഉപയോഗിക്കണം. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകണം, തിളപ്പിച്ച കുടിവെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുതെന്നും നിർദേശത്തിലുണ്ട്.

നേരിട്ടത്‌ ഒന്നിച്ചുനിന്ന്‌; രാഷ്‌ട്രീയ മുതലെടുപ്പും 
വ്യാജവാർത്തകളും ഏശിയില്ല


അപ്രതീക്ഷിതമായി നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിലൂടെയുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാരും ജല അതോറിറ്റിയും കോർപറേഷനും പ്രവർത്തിച്ചത്‌ ഒറ്റക്കെട്ടായി.  മന്ത്രിമാരായ റോഷി അഗസ്‌റ്റിനും വി ശിവൻകുട്ടിയും മേയർ ആര്യ രാജേന്ദ്രനും നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രനും വി കെ പ്രശാന്തും ആന്റണി രാജുവും പ്രശ്‌നപരിഹാരത്തിന്‌ മുന്നിട്ടിറങ്ങി.

കോർപറേഷൻ 17 ടാങ്കറുകളിൽ 46 വാർഡിലും ജലമെത്തിച്ചു. വാട്ടർ അതോറിറ്റിയുടെ ടാങ്കറുകളും ആവശ്യക്കാർക്ക്‌ വെള്ളമെത്തിച്ചു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ട്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത്‌ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ശനി രാത്രി 11 മുതൽ മന്ത്രി റോഷി അഗസ്‌റ്റിനും ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നു. ആവശ്യമെങ്കിൽ കൂടുതൽ ജോലിക്കാരെ നിയോഗിച്ച്  വേഗം പണി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു.
ബിജെപിയും കോൺഗ്രസും മാധ്യമങ്ങളും ചേർന്ന്‌ പ്രശ്‌നത്തിൽ മുതലെടുപ്പിന്‌ ശ്രമിച്ചെങ്കിലും ജനം വിശ്വാസമർപ്പിച്ചത്‌ ജല അതോറിറ്റിയേയും കോർപറേഷനേയുമായിരുന്നു. കോർപറേഷന്റെ കൺട്രോൾറൂമും ജല അതോറിറ്റിയുടെ ടോൾഫ്രീ നമ്പറും ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുത്ത്‌ ഇടപെട്ടു.

കുടിവെള്ളത്തിലും ‘വിഷംകലർത്തി’ മനോരമ; മനോരമ ഓഫീസുകളിലും വെള്ളം മുടങ്ങിയില്ല

നഗരത്തിൽ അപ്രതീക്ഷിതമായി കുടിവെള്ളവിതരണം തടസ്സപ്പെട്ടതിലും ‘രാഷ്‌ട്രീയ വിഷം കലർത്തി’ മലയാള മനോരമ. ജനങ്ങൾനേരിട്ട ബുദ്ധിമുട്ട്‌ മറികടക്കാൻ സർക്കാരും ജല അതോറിറ്റിയും കോർപറേഷനും ചേർന്ന്‌ രാപ്പകൽ കഷ്‌ടപ്പെട്ടതിനെ അപഹസിക്കുക എന്ന ലക്ഷ്യത്തോടെ വസ്‌തുതകൾ മറച്ചുവച്ച്‌ വാർത്ത നൽകിയതിനെതിരെ വ്യാപക പ്രതിഷേധം. ‘മന്ത്രിമന്ദിരങ്ങളിൽ വെള്ളം മുടങ്ങിയില്ല, എ കെ ജി സെന്ററിലും’–- എന്നാണ്‌ മനോരമ പ്രചരിപ്പിച്ചത്‌. എന്നാൽ, മന്ത്രിമന്ദിരങ്ങൾ ഉൾപ്പെടുന്ന വഴുതക്കാട്‌ വാർഡിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഉൾപ്പെടെ ഔദ്യോഗിക വസതികളിൽ ഒന്നിലേറെ ദിവസം ജലം സംഭരിക്കാനുള്ള സംവിധാനങ്ങളുണ്ട്‌. എ കെ ജി സെന്റർ ഉൾപ്പെടുന്ന കുന്നുകുഴി വാർഡിൽ ജലവിതരണം മുടങ്ങുമെന്ന്‌ മുന്നറിയിപ്പുമുണ്ടായിരുന്നില്ല. ഇവിടെയും രണ്ടുദിവസത്തേക്ക്‌ ജലം സംഭരിക്കാനുള്ള സംവിധാനമുണ്ട്‌. ഈ വസ്‌തുതകൾ മറച്ചുവച്ചുകൊണ്ടാണ്‌ മന്ത്രിമന്ദിരങ്ങളിലും എ കെ ജി സെന്ററിലും വെള്ളം മുടങ്ങിയില്ല എന്ന് മനോരമ വാർത്ത പ്രചരിപ്പിച്ചത്‌.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും ബിജെപി ആസ്ഥാന മന്ദിരത്തിലും വെള്ളം മുടങ്ങാത്തത്‌ മനോരമ അറിഞ്ഞമട്ടില്ല. മലയാള മനോരമ പത്രത്തിന്റെയും ചാനലിന്റെയും ഓഫീസിലും ഈ ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സർക്കാരിനും മന്ത്രിമാർക്കും സിപിഐ എമ്മിനും എതിരാക്കിമാറ്റുക എന്ന തന്ത്രമാണ്‌ ഈ വിഷയത്തിലും മനോരമ സ്വീകരിച്ചത്‌. സത്യം അറിയാവുന്ന തലസ്ഥാനവാസികൾ ഉൾപ്പെടെയുള്ളവർ വ്യാജപ്രചാരണം തള്ളിക്കളഞ്ഞിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top