06 November Wednesday

ഭാഗ്യബമ്പർ എടുത്തവർ 25 ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

File Photo

തിരുവനന്തപുരം > ഈ ഓണത്തിന്‌ ഭാഗ്യം പരീക്ഷിക്കാൻ 25 ലക്ഷത്തിലധികം മലയാളികൾ. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ടിക്കറ്റുകളിൽ തിങ്കൾവരെ വിറ്റത്‌ 25,93,358ല്‍ അധികം. ഒരു കോടി രൂപവീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും യഥാക്രമം അഞ്ച്‌ ലക്ഷവും രണ്ടുലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന വൻഹിറ്റാണ്‌. തിങ്കളാഴ്ച മാത്രം 1.34 ലക്ഷം  ടിക്കറ്റുകൾ പൊതുജനങ്ങളിലേക്കെത്തി. അഞ്ചുലക്ഷത്തോളം ടിക്കറ്റ് വിറ്റഴിച്ച പാലക്കാട് ജില്ല ഒന്നാം സ്ഥാനത്താണ്. മൂന്നര ലക്ഷം ടിക്കറ്റ് വിൽപ്പനയുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും മൂന്നുലക്ഷത്തോളം വിൽപ്പന കൈവരിച്ച് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമീഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികൾ.

 ആകെയുള്ളത്‌ 5.34 ലക്ഷത്തോളം സമ്മാനങ്ങൾ. 500 രൂപയാണ് ഒരു ടിക്കറ്റിന് വില. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒമ്പതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ ആറുലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യദിനം തന്നെ വിറ്റഴിഞ്ഞതിനെത്തുടർന്ന് കൂടുതൽ ടിക്കറ്റുകൾ വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നു. അത്തരത്തിൽ പരമാവധി അച്ചടിക്കാൻ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top