22 December Sunday

പൊട്ടാത്ത 
അമിട്ടും ‘ക്ലാസ്‌ പൂരവും’

ദിനേശ്‌ വർമUpdated: Thursday Oct 10, 2024

ശൂന്യവേളയിൽ വിരിഞ്ഞത്‌ പൂരമെങ്കിലും നിലയമിട്ടുപോലെ ക്ലാസും അധ്യാപകനും കയറിവന്നു. തൃശൂർക്കാരുടെ ഭാഷയിൽ നിയമസഭ എരമ്പി. പൂരത്തിന്‌ തോട്ടിയിട്ടതിന്റെ വസ്തുത പുറത്തുകൊണ്ടുവരുമെന്ന്‌ മന്ത്രി വി എൻ വാസവൻ. കുറേക്കൂടി സമയമെടുക്കുന്ന ജുഡീഷ്യൽ അന്വേഷണം പോരേയെന്ന്‌ പ്രതിപക്ഷം. എന്തായാലും പൂരം കലക്കൽ പ്രമേയാവതാരകൻ തിരുവഞ്ചൂരിന്‌ തിരുനക്കരയിലെ തലയെടുപ്പ്‌ സഭയിൽ കിട്ടിയില്ല.  തൃശൂരിൽ കോൺഗ്രസിന്‌ 86,000 വോട്ട്‌ കുറഞ്ഞതിന്റെ ഗുട്ടൻസ്‌ പുറത്തുവിട്ടതും കോൺഗ്രസുകാർ എട്ടുനിലയിൽ പൊട്ടിത്തുടങ്ങി. സുരേഷ്‌ ഗോപിയോടുള്ള താരാരാധനയിൽ ഞങ്ങളുടെ വോട്ട്‌ കുറേയധികം പോയിട്ടുണ്ട്‌ എന്ന തിരുവഞ്ചൂരിന്റെ കുറ്റസമ്മതം സതീശൻ കിണഞ്ഞുപരിശ്രമിച്ചിട്ടും കെടുത്താനായില്ല. ആർഎസ്‌എസ്‌ കാര്യാലയത്തിൽ തിരുവഞ്ചൂർ നിൽക്കുന്ന ചിത്രം കടകംപള്ളി പ്രദർശിപ്പിച്ചതോടെ സംഗതി ഏറ്റു.

തട്ടകത്തിൽ നിന്നുള്ള പി ബാലചന്ദ്രനും മന്ത്രി കെ രാജനും പൂരം സുഗമമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടലും കലക്കാൻനിന്നവരെ പുറത്തുകൊണ്ടുവരണമെന്ന എൽഡിഎഫിന്റെ തീരുമാനവും വിശദീകരിച്ചു. പൂരപ്രേമികളെ വിഭജിച്ച്‌ കാണുന്ന ബിജെപിയുടെ നിലപാട്‌ സഭയിൽ കോൺഗ്രസംഗങ്ങൾ അത്യാവേശപൂർവം അവതരിപ്പിക്കുന്നതിലെ ചേതോവികാരത്തെയാണ്‌ എ സി മൊയ്തീൻ ചോദ്യം ചെയ്തത്‌.

സമയനിഷ്ഠ പാലിക്കാനായുള്ള തന്റെ ഇടപെടൽ പ്രതിപക്ഷനേതാവിന്‌ തീരെ ദഹിക്കുന്നില്ലെന്ന്‌ കണ്ടാവണം പാർലമെന്ററി കാര്യങ്ങളിൽ അങ്ങാണ്‌ എനിക്ക്‌ ആദ്യം ക്ലാസെടുത്തത്‌ എന്ന്‌ സ്‌പീക്കർ എ എൻ ഷംസീറിന്‌ പറയേണ്ടിവന്നത്‌. അങ്ങാണ്‌ ഇവിടെ ഏറ്റവും കൂടുതൽ ക്ലാസെടുത്തിട്ടുള്ളതെന്ന്‌ സതീശനോട്‌ മന്ത്രി ശിവൻകുട്ടിയും പറഞ്ഞു. അപ്പോഴും വി ഡി സതീശന്റെ ധാർഷ്‌ട്യം സഭയിൽ മുഴങ്ങിക്കൊണ്ടിരുന്നുക്കൊണ്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top