23 December Monday

ബമ്പറടിച്ച്‌ ബത്തേരി ; 25 കോടിയുടെ ഒന്നാംസമ്മാനം വിറ്റത്‌ 
ബത്തേരിയിലെ എൻജിആർ ലോട്ടറിയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

നാഗരാജുവും സഹോദരൻ മഞ്ചുവും ചേർന്ന്‌ കടയിലെ സഹായി മൂർത്തിക്ക്‌ മധുരം നൽകുന്നു


ബത്തേരി
ഉരുൾ ദുരന്തത്തിന്റെ കണ്ണീർ താണ്ടിയ വയനാടിന്‌ തിരുവോണ ബമ്പറിന്റെ തിളക്കം. ബുധനാഴ്‌ച നറുക്കെടുത്ത 25 കോടിയുടെ ഒന്നാം സമ്മാനം വിറ്റത്‌ ബത്തേരിയിലെ എൻജിആർ ലോട്ടറിയിൽനിന്ന്‌. ഭാഗ്യക്കുറിയിൽ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ്‌ ചുരം കയറിയെത്തിയത്‌. കോടിപതി ആരെന്ന ആകാംക്ഷ ബാക്കിയാകുമ്പോഴും ബമ്പർ കടന്നുപോയ കൈകളും നാട്ടുകാരും ആഹ്ലാദത്തിലാണ്‌. ബത്തേരി എംജി റോഡിലെ നാഗരാജുവിന്റെ ലോട്ടറിക്കടയിൽനിന്ന്‌ ഒരുമാസംമുമ്പ്‌ വിറ്റ ടിജി 434222 നമ്പറിനാണ് സമ്മാനം. നാഗരാജു ‌ആകെ വിറ്റത്‌ 800 ബമ്പർ ടിക്കറ്റുകളാണ്‌. ദിവസവും നാലായിരത്തിലധികം ടിക്കറ്റ്‌ വിൽക്കാറുണ്ടെന്നും ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഉടമ ആരാണെന്ന്‌ ഓർമയില്ലെന്നും നാഗരാജു പറഞ്ഞു. വിദേശികളായ വിനോദസഞ്ചാരികളും സ്വദേശികൾക്ക്‌ പുറമെ തമിഴ്‌നാട്‌, കർണാടക സ്വദേശികളും  ഇവിടെനിന്ന്‌ ലോട്ടറി എടുത്തിട്ടുണ്ട്‌.

പനമരത്തെ എ എം ജിനീഷിന്റെ ഏജൻസിയിൽനിന്നാണ്‌ മൈസൂരു ഉൾസഹള്ളി സ്വദേശിയായ നാഗരാജുവിന്റെ കടയിൽ ലോട്ടറിയെത്തിയത്‌. നാലുമാസത്തിനിടെ രണ്ടാമത്തെ ഒന്നാം സമ്മാനമാണ്‌ നാഗരാജുവും സഹോദരൻ മഞ്ചുവും ചേർന്ന്‌ നടത്തുന്ന കടയിലെത്തുന്നത്‌. ജൂലൈയിൽ വിൻ–വിൻ നറുക്കെടുപ്പിൽ  കർണാടക സ്വദേശിക്ക്‌ 75 ലക്ഷംരൂപ ഒന്നാംസമ്മാനം ലഭിച്ചു.

മൊത്ത വ്യാപാരിയായ ജിനീഷ്‌ 22 വർഷമായി ലോട്ടറി ഏജൻസി നടത്തുന്നു. ഒന്നാം സമ്മാനത്തിന്റെ പത്ത്‌ ശതമാനം ഏജന്റിനും വിൽപ്പനക്കാരനും കൂടിയുള്ളതാണ്‌. നറുക്കെടുപ്പ്‌ ഫലം പുറത്തുവന്നതോടെ ബത്തേരിയിലെയും പനമരത്തെയും കടകളിൽ മധുരം വിളമ്പി സന്തോഷം പങ്കുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top