10 October Thursday

വന്യജീവി സങ്കേതത്തില്‍നിന്ന് ജനവാസമേഖലകളെ ഒഴിവാക്കൽ ; കേരളത്തിന്റെ ശുപാര്‍ശയ്‌ക്ക്‌ തത്വത്തില്‍ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


തിരുവനന്തപുരം
പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്ന ജനവാസമേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളും തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകളും വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ശുപാർശ കേന്ദ്ര വന്യജീവി ബോർഡ് തത്വത്തിൽ അംഗീകരിച്ചു. കേന്ദ്ര വന്യജീവി ബോർഡിന്റെ ബുധനാഴ്‌ചത്തെ യോഗത്തിലാണിത്‌. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സംഘം സ്ഥലപരിശോധനയ്‌ക്ക്‌ എത്തും. വസ്‌തുതകൾ പരിശോധിച്ചശേഷം ബോർഡിന്റെ അടുത്ത യോഗം തുടർനടപടികളിലേക്ക്‌ കടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന വന്യജീവി ബോർഡ്‌ യോഗം വിളിച്ചുചേർത്ത്‌ വീണ്ടും കേന്ദ്രത്തിനോട്‌ ഇക്കാര്യങ്ങൾ ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. കേന്ദ്ര വന്യജീവി ബോർഡ്‌ യോഗത്തിലെ അജൻഡയിൽ കേരളത്തിന്റെ ആവശ്യം ഉൾപ്പെടുത്തുന്നതിന്‌ ചീഫ് വൈൽഡ് ലൈഫ് വർഡൻ പ്രമോദ് ജി കൃഷ്‌ണനെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു.

വന്യജീവി സങ്കേതങ്ങളുടെ പരിധിയിൽനിന്ന്‌ ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കുന്നതിന്‌ സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെയാണ്‌ മുന്നോട്ടുപോകുന്നതെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top