15 November Friday

അരങ്ങേറ്റം 40 ൽ , ശ്രദ്ധിക്കപ്പെട്ടത് ‘രാഗ'ത്തിലൂടെ ; ക്ലൈമാക്‌സിൽ 
ഏകനായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

പത്രപ്രവർത്തനത്തിൽനിന്ന് സന്യാസത്തിലേക്കും പിന്നെ വെള്ളിത്തിരയിലേക്കുമുള്ള വേഷപ്പകർച്ചയായിരുന്നു ടി പി മാധവന്റേത്. വൈകിയാണ് ചലച്ചിത്രരംഗത്തെത്തിയത്നാൽപതാം വയസ്സിൽ. എന്നാൽ, നാലു പതിറ്റാണ്ട് നിറഞ്ഞുനിന്നു, സ്വപ്രയത്നവും സ്വതസിദ്ധമായ അഭിനയപാടവവുമായിരുന്നു കൈമുതൽ. ഇച്ഛാശക്തിയും സമർപണവുമാണ് സിനിമയിൽ നിലനിർത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. വലിയ സാഹിത്യസാംസ്കാരിക പാരമ്പര്യമുള്ള കുടുംബമായിരുന്നു മാധവന്റേത്. സാഹിത്യ പഞ്ചാനനൻ പി കെ നാരായണ പിള്ളയുടെ കൊച്ചുമകനും നാടക പ്രതിഭ ടി എൻ ഗോപിനാഥൻ നായരുടെ അനന്തരവനും. അച്ഛൻ എൻ പി പിള്ള  വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. എല്ലാവർഷവും ഓൾ ഇന്ത്യാ റേഡിയോയ്ക്ക് നാടകം ചെയ്യുന്നത് ടി എൻ. വീട്ടിൽ നസീറും അടൂർ ഭാസിയുമടക്കമുള്ള നടന്മാർ പലരുമെത്തി. അമ്മാവൻ അവരെ പരിചയപ്പെടുത്തും. അത് അഭിനയമോഹം മുളപ്പിച്ചു.

പല ജോലി ചെയ്യുമ്പോഴും വെള്ളിത്തിരയായിരുന്നു മാധവന്റെ  മനസ്സുനിറയെ. സിനിമയിൽ ഒന്ന് "കയറിക്കിട്ടാൻ' ഏറെ ശ്രമം വേണ്ടിവന്നു. മുന്നോടിയായി നാടകാഭിനയവും മറ്റും. കുട്ടിക്കാലം മുതൽ പാട്ടിലും അഭിനയത്തിലും അതീവ തൽപ്പരനായിരുന്നു. പത്താംക്ലാസിൽ പഠിക്കുമ്പോൾ പൊൻകുന്നം വർക്കിയുടെ "ജേതാക്കൾ' നാടകത്തിലെ  പെൺവേഷത്തിലൂടെ മികച്ച നടനായി. പിന്നീട് യൂണിവേഴ്സിറ്റി പഠനകാലത്ത് നാടകത്തിൽ സജീവം.  അമേച്വർ നാടകനടനാകണമെന്ന ആഗ്രഹം അച്ഛനോട് തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി പഠനം തുടർന്ന മാധവൻ ആഗ്ര സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമയും നേടിയശേഷമാണ്അധ്യയനം അവസാനിപ്പിച്ചത്. അക്കാലത്ത് ആർമിയിലേക്ക് സെലക്ഷൻ ലഭിച്ചെങ്കിലും വാഹനാപകടത്തിൽ കൈക്കേറ്റ പരിക്കുകാരണം ചേരാനായില്ല. തുടർന്ന് ഫ്രീപ്രസ് ജേണലിൽ. ബ്ലിറ്റ്സിന്റെയും കേരള കൗമുദിയുടെയും ബ്യൂറോ ചീഫും.

ഏറെക്കാലം കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ. നാളുകളിൽ മലയാളി കൂട്ടായ്മകളുടെ നാടകങ്ങളിലും സജീവം. ഇടക്കാലത്ത് ബംഗളൂരുവിൽ ഇംപാക്സ് പരസ്യ ഏജൻസിയും നടത്തി. അവിടെ വച്ച് നടൻ മധുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. നടനാകാനുള്ള മോഹം അറിയിച്ചു. താൻ ആദ്യമായി സംവിധാനംചെയ്യുന്ന "പ്രിയ' എന്ന സിനിമയ്ക്ക് നായികയെ തേടിയെത്തിയതായിരുന്നു മധു. അൽപ്പനേരത്തെ സംസാരം കൊണ്ടുതന്നെ അടുത്തു. ‘പ്രിയയിൽ മുഖംകാട്ടാൻ അവസരം ലഭിച്ചു.

24ാം വയസിൽ മുംബൈയിൽ പത്രപ്രവർത്തകനായിരിക്കെയാണ് സന്യാസിയാകാനുള്ള മോഹമുദിച്ചത്. സാന്താക്രൂസിലെ ചിന്മയാന്ദസ്വാമിയുടെ ആശ്രമത്തിലെത്തി ആഗ്രഹം അറിയിച്ചു. അച്ഛന്റെയും അമ്മയുടെയും അനുവാദം വാങ്ങിവരണമെന്ന് പറഞ്ഞപ്പോൾ മാധവന്റെ മറുപടി ഇങ്ങനെ: 24 വയസ് കഴിഞ്ഞയാളാണ് ഞാൻ. സ്വന്തം തീരുമാനമെടുക്കാൻ കഴിയും. നിശ്ചദാർഢ്യത്തിനുമുന്നിലും മലയാളി എന്ന പരിഗണനയിലും ചിന്മയാനന്ദൻ സമ്മതിച്ചു.  അവിടെവച്ചാണ് രമണമഹർഷിയടക്കമുള്ളവരെ കാണുന്നത്.  ആശ്ചര്യ ചൂഢാമണി വായിക്കവെ അമ്മയെപ്പറ്റി പറയുന്ന ഭാഗം അസ്വസ്ഥനാക്കി. അങ്ങനെ നാട്ടിലേക്ക്. അമ്മയെ കണ്ടതോടെ സന്യാസ മോഹവും അവസാനിപ്പിച്ചു. "കാമം ക്രോധം മോഹം' എന്ന സിനിമയിലൂടെയാണ് മാധവന്റെ രംഗപ്രവേശം.  ശേഷം ചെന്നൈയിലേക്ക്. സ്വാമീസ് ഹോട്ടലിൽ താമസം. അവിടെവച്ച് "തീക്കനൽ' സിനിമ. അതിലൂടെ മലയാളത്തിൽ സജീവമായി. "മറ്റൊരു സീത'യുടെ ചിത്രീകരണത്തിനിടെ കമൽഹാസനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ശുപാർശയിൽ "നളദമയന്തി'യിൽ. കമലിനൊപ്പം "അലാവുദ്ദീനും അത്ഭുതവിളക്കും'  ചിത്രത്തിൽ അഭിനയിക്കാനും അവസരമുണ്ടായി. അങ്ങനെ തമിഴിലും സാന്നിധ്യം. തുടർന്ന്  "എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി' തുടങ്ങിയ സിനിമകളിലും. ‘തെങ്കാശി പട്ടണംകണ്ടാണ് അവസരം ലഭിച്ചത്. 40 വർഷത്തിനിടെ അറുന്നൂറോളം സിനിമകളിൽ അഭിനയിച്ച മാധവൻ വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം ഒഴിഞ്ഞു. ചലച്ചിത്ര ഭ്രാന്തുമായി പൊരുത്തപ്പെടാനാവാത്തതിനാൽ ഭാര്യ ഗിരിജ മേനോൻ (സുധ) വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ മകൻ രാജാ കൃഷ്ണ മേനോൻ ബോളിവുഡിൽ ശ്രദ്ധേയ സംവിധായകനാണ്. അക്ഷയ്കുമാർ നായകനായ എയർലിഫ്റ്റ്, ബാരാ ആന, ഷെഫ് എന്നീ ഹിന്ദി സിനിമകൾ പ്രശസ്തം. 1983 പി ചന്ദ്രകുമാർ സംവിധാനം ചെയ്തആന' സിനിമ നിർമിച്ചു.

ഹിന്ദിക്കാരായ കഥാപാത്രങ്ങളെ മാധവൻ അവതരിപ്പിക്കുമ്പോൾ അതിനൊരു പ്രത്യേക ചന്തമുണ്ടായി. മാർവാഡി കച്ചവടക്കാർ, അധോലോക ചുവയുള്ള സേട്ടുമാർ, ഉത്തരേന്ത്യൻ രാഷ്ട്രീയനേതാക്കൾ തുടങ്ങിയ വേഷങ്ങൾ കൈയിൽ ഭദ്രം. "പത്ര'ത്തിലെ ഹരിവംശിലാൽ പന്നേലാൽ, "ജഗതി ജഗദീഷ് ഇൻ ടൗണി'ലെ അമർബാബാസേട്ട്, "നരിമാനി'ലെ അഖിലേഷ് അവസ്തി, "പന്തയക്കോഴി'യിലെയും "വ്യൂഹ'ത്തിലെയും സേട്ടുമാർ തുടങ്ങിയവ ഉദാഹരണം. സാധാരണ മലയാളതാരങ്ങൾ ഹിന്ദി കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും സംസാരിക്കുമ്പോഴും "ഒരു മദ്രാസി' സ്റ്റൈൽ കടന്നുവരുമായിരുന്നു. എന്നാൽ, മാധവന്  അതുണ്ടായില്ല. മുംബൈയിലും കൊൽക്കത്തയിലും ഏറെക്കാലം ജീവിച്ചതുകൊണ്ടായിരുന്നു പൂർണത.

 

 ശ്രദ്ധിക്കപ്പെട്ടത് ‘രാഗ'ത്തിലൂടെ
എ ഭീംസിങ് സംവിധാനം ചെയ്ത ‘രാഗം' ചിത്രത്തിലൂടെയാണ് (1975) ടി പി മാധവൻ ശ്രദ്ധിക്കപ്പെട്ടത്. അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, ജോസ്‌ പ്രകാശ്, ശാരദ, ലക്ഷ്മി, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റു അഭിനേതാക്കൾ. അശോക്‌ കുമാർ, മൗസുമി ചാറ്റർജി, വിനോദ് മെഹ്റ, നൂതൻ തുടങ്ങിയവർ തകർത്താടിയ ഹിന്ദി മെഗാഹിറ്റ് ‘അനുരാഗി'ന്റെ റീമേക്കായിരുന്നു രാഗം. വിശാഖ്–വിവേക്–വിനോദ് സഹോദരന്മാർ സംവിധാനം ചെയ്ത് 2016ൽ ഇറങ്ങിയ ‘മാൽഗുഡി ഡെയ്സി'ൽ പ്രിൻസിപ്പലിന്റെ വേഷത്തിലാണ് മാധവൻ ഒടുവിൽ അഭിനയിച്ചത്. 1980, 90കളിൽ മലയാളസിനിമയിൽ നിറഞ്ഞുനിന്ന മാധവൻ സ്വഭാവനടൻ, വില്ലൻ, ഹാസ്യതാരം എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തു.

1980‐90‐കളിൽ ഒട്ടുമിക്ക സിനിമകളിലും ചെറിയ വേഷമെങ്കിലും മാധവന് സംവിധായകർ കരുതിവച്ചിരുന്നു. സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. രാവണപ്രഭുവിലെ നമ്പ്യാർ, നരസിംഹത്തിലെ രാമൻനായർ, രാജമാണിക്യത്തിലെ പ്രിൻസിപ്പൽ, ഒരു സിബിഐ ഡയറിക്കുറിപ്പിലെ ശ്രീധരൻ എന്നീ വേഷങ്ങളും മികവുറ്റതാക്കി. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.
സ്വന്തം പേരിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവസരമുണ്ടായി. മേലാറ്റൂർ രവിവർമയുടെ ‘അനുഗ്രഹ’ത്തിൽ കലക്ടർ ടി പി മാധവനായാണ് എത്തിയത്. മാധവൻ, മാധവൻകുട്ടി, മാധവമേനോൻ തുടങ്ങിയ പേരുകളിലും വെള്ളിത്തിരയിലെത്തി.

ക്ലൈമാക്‌സിൽ 
ഏകനായി
സിനിമയിൽ വിജയിച്ച ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയപ്പോഴും ടി പി മാധവന്റെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അഭിനയപ്രണയം കുടുംബത്തെയടക്കം നഷ്ടപ്പെടുത്തി. ബംഗളൂരുവിൽ പരസ്യക്കമ്പനി നടത്തിയപ്പോൾ സ്വന്തമായി സ്‌റ്റാൻഡേർഡ്‌ ഹെറാൾഡ്‌ കാറുണ്ടായിരുന്ന മാധവന്‌ അവസാനം സ്ഥലമോ വീടോ ഉണ്ടായിരുന്നില്ല. നടനായും സംഘാടകനായും നാലുപതിറ്റാണ്ട്‌ ചലച്ചിത്രലോകത്ത്‌ നിറഞ്ഞുനിന്ന മാധവൻ, അന്ത്യനാളുകളിൽ ഏകനായിരുന്നു.
കുടുംബവുമായി മൂന്നു പതിറ്റാണ്ടിലേറെയായി അകന്നുകഴിയുകയായിരുന്നു. സിനിമയിലെത്തി അധികം വൈകാതെ വിവാഹബന്ധം വേർപെട്ടു. 2015ൽ സിനിമയിലെ തിരക്കുകളിൽനിന്ന്‌ ഒഴിഞ്ഞ് ആശ്രമവാസത്തിനായി ഹരിദ്വാറിലേക്കുപോയ മാധവന് അവിടെവച്ച് പക്ഷാഘാതമുണ്ടായി. തുടർന്ന് നാട്ടിലേക്ക്. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിനുസമീപത്തെ ഗാമ ലോഡ്ജിലെ കുടുസുമുറിയിലായിരുന്നു താമസം. അമേരിക്കയിലും പുണെയിലുമുള്ള സഹോദരങ്ങൾ അയച്ച കാശും താരസംഘടനയുടെ സഹായവുംകൊണ്ടാണ് വാടകയും ചെലവും നടത്തിയത്.

2016 ഫെബ്രുവരി 28ന്‌ സീരിയൽ സംവിധായകൻ പ്രസാദ് നൂറനാടാണ്‌ അദ്ദേഹത്തെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്. എട്ടുവർഷത്തെ ഗാന്ധിഭവൻ ജീവിതത്തിന്റെ തുടക്കത്തിൽ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചെങ്കിലും മറവിരോഗം ബാധിച്ചതോടെ അതുംനിന്നു.

അമ്മ'യുടെ ആദ്യ ജനറൽ സെക്രട്ടറി
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന ‘അമ്മ’ 1994-ൽ രൂപീകൃതമായപ്പോൾ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടി പി മാധവൻ. എം ജി സോമനായിരുന്നു പ്രസിഡന്റ്. 1994 മുതൽ ’97 വരെ അമ്മയുടെ ജനറൽ സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ്‌ സെക്രട്ടറിയുമായി ടി പി മാധവൻ പ്രവർത്തിച്ചു. പല സാമൂഹ്യ പ്രശ്നങ്ങളിലും ഉറച്ച നിലപാടെടുത്തു. അമ്മയിൽനിന്നും രാജിവെച്ച നടിമാരെ പിന്തുണക്കാൻ സംഘടനയുടെ സ്ഥാപക നേതാവായ അദ്ദേഹം മടിച്ചില്ല. കേസ്‌ നിലനിൽക്കുമ്പോൾ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത്‌ ശരിയായില്ലെന്ന്‌ തുറന്നുപറഞ്ഞിരുന്നു.

അവസാനകാലത്തും സിനിമയും പഴയ സഹപ്രവർത്തകരുമായിരുന്നു മാധവന്റെ മനസ്സിൽ. കവിയൂർ പൊന്നമ്മയെ ഒരുനോക്കു കാണാനാണ്‌ അവശതകൾ അവഗണിച്ച്‌ അവസാനമായി കൊച്ചിയിൽ എത്തിയത്‌. സെപ്‌തംബർ 21ന്‌ പൊന്നമ്മയുടെ കരുമാലൂർ പുറപ്പിള്ളിക്കാവിലെ വീടായ ശ്രീപീഠത്തിൽ എത്തിയാണ്‌ അന്ത്യോപചാരം അർപ്പിച്ചത്‌. പത്തനാപുരം ഗാന്ധിഭവനിലെ രണ്ട്‌ ജീവനക്കാർക്കൊപ്പം എത്തിയ അദ്ദേഹം, വീടിനടുത്തേക്ക് നടന്നടുക്കുമ്പോൾ ബോധരഹിതനായതിനാൽ കസേരയിൽ താങ്ങിയെടുത്താണ് അകത്തെത്തിച്ചത്. പ്രിയ സുഹൃത്തിനെ അവസാനമായി കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. സംസ്കാരച്ചടങ്ങുകൾക്കുശേഷം ബന്ധുക്കളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top