23 December Monday

സഹകരണ മേഖലയുടെ സംരക്ഷണം : കേന്ദ്രനികുതി പഠിക്കാന്‍ സമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


തിരുവനന്തപുരം
കേന്ദ്ര നികുതി നിയമ മാറ്റം കേരളത്തിലെ സഹകരണസംഘങ്ങളെ എങ്ങനെബാധിക്കുമെന്ന്‌ പഠിക്കാന്‍ സ്ഥിരംസമിതി രൂപീകരിക്കുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമവിദഗ്ധർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ  ഉള്‍പ്പെട്ടതാകും സമിതി.  ഇവരുടെ റിപ്പോർട്ടിനെ ആസ്പദമാക്കി കാലാകാലങ്ങളില്‍  സംഘങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഔദ്യോഗികവും നിയമപരവുമായ നടപടി സ്വീകരിക്കുമെന്നും രാജു എബ്രഹാമിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മന്ത്രി മറുപടി നല്‍കി. 

സഹകരണ സംഘങ്ങളുടെ ബാലൻസ് ഷീറ്റ് തയ്യാറാക്കൽ,  ഓഡിറ്റ് എന്നിവയിൽ ഏകീകൃത രീതിയ്ക്കായ് മാർഗനിർദേശമുണ്ടാക്കും. ഇതിനായി ഓഡിറ്റ് മാന്വൽ പരിഷ്‌കരിക്കും. സഹകരണമേഖലയ്‌ക്ക്‌  ആനുകൂല്യമുണ്ടെന്ന രീതിയിലാണ് കേന്ദ്ര ബജറ്റ്‌ അവതരിപ്പിച്ചത്. ഇതിൽ പലതും അവ്യക്തമാണ്. നിലവിൽ സംഘങ്ങൾക്ക്‌ 30 ശതമാനം ആദായനികുതി, സർചാർജ്‌, സെസ് എന്നിവയുണ്ട്‌. ഇത്‌ കോർപറേറ്റ് കമ്പനികളുമായി തുല്യതപ്പെടുത്തുന്ന നിരക്കായ 22 ശതമാനം നികുതി, 10 ശതമാനം സർചാർജ്‌, നാലുശതമാനം സെസ് എന്ന നിരക്കിലേക്ക്‌ ആക്കുമെന്ന്‌ കേന്ദ്രബജറ്റിൽ പറയുന്നു. 22 ശതമാനം നികുതിനിരക്ക് അവസരം സ്വീകരിക്കുന്ന സംഘങ്ങൾക്ക് മറ്റ് കിഴിവുകളോ ഇളവുകളോ നൽകില്ല. കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള രീതിയിൽ മിനിമം അനുമാന നികുതി പരിധിയിൽനിന്ന്‌ സഹകരണ സംഘങ്ങളെ ഒഴിവാക്കും.

കേരളത്തിൽ പ്രാഥമിക കാർഷികവായ്‌പാ സംഘങ്ങളിൽ  ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി ആദായനികുതി നിർണയം നടത്തുന്നു. ബാങ്കുകൾക്ക് സമാനമായ പ്രവർത്തനങ്ങളാണ്‌ സംഘങ്ങൾ നടത്തുന്നതെന്നു കാട്ടിയാണ്‌ നടപടി. ഇതിനെതിരായ കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്‌. സെപ്‌തംബർ ഒന്നുമുതൽ നിലവിൽവന്ന ആദായനികുതി നിയമത്തിന്റെ 194 എൻ  വകുപ്പ് സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top