14 November Thursday
8 പേർക്ക്‌ കൂടി കോവിഡ്‌ 19

ഒന്നിക്കാം, പ്രതിരോധിക്കാം, പിടിച്ചുകെട്ടാം ; പ്രതിരോധ നടപടികളുമായി സംസ്ഥാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ എട്ടുപേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന നാലുപേർക്കും കോട്ടയത്ത്‌ രണ്ടുപേർക്കും ചൊവ്വാഴ്ച രാവിലെ വൈറസ്‌ സ്ഥിരീകരിച്ചിരുന്നു. വൈകിട്ട്‌ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു വയസ്സുകാരന്റെ മാതാപിതാക്കൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയി.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 85 വയസ്സിന് മുകളിലുള്ള രണ്ടുപേർ അതിതീവ്ര പരിചരണത്തിലാണ്‌. വാർധക്യ സഹജമായ പ്രശ്‌നങ്ങളുമുണ്ട്‌. ഇരുവരുടെയും ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. വിവിധ ജില്ലകളിലായി 1495 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1236 പേർ വീടുകളിലും 259 പേർ ആശുപത്രികളിലുമാണ്. 980 സാമ്പിൾ എൻഐവിയിൽ പരിശോധിച്ചതിൽ 815 എണ്ണം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.


 

തിരുവനന്തപുരം
ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ഇടപഴകിയ ആറുപേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ ആരോഗ്യഅടിയന്തരാവസ്ഥയ്ക്ക്‌ സമാനമായ  പ്രതിരോധ നടപടികളുമായി സംസ്ഥാന സർക്കാർ.

സർക്കാരിന്റെ  എല്ലാ പൊതുപരിപാടികളും മാറ്റിവയ്‌ക്കും. ഏഴാംക്ലാസ് വരെ വാർഷികപരീക്ഷ ഉപേക്ഷിച്ച്‌ സ്കൂളുകൾ  അടച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ കലാലയങ്ങളും മദ്രസകളും പാരലൽകോളേജുകളും മാർച്ച്‌ 31 വരെ പ്രവർത്തിക്കില്ല. സിനിമാശാലകൾ പൂട്ടി. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചടങ്ങുകൾ മാത്രമാക്കാൻ മുഖ്യമന്ത്രി അഭ്യർഥിച്ചു. അങ്കണവാടികൾ അടച്ചിടുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിൽ എത്തിക്കും. നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്ക് ഭക്ഷണമെത്തിക്കും.  ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്തി മുടക്കമില്ലാതെ ലഭ്യമാക്കുമെന്നും പ്രത്യേക മന്ത്രിസഭായോഗത്തിന്‌ ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ, ചൈന, സിംഗപ്പുർ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവർ സ്വയം സന്നദ്ധരായി മുൻകരുതലെടുക്കണം.  നേരിയ അനാസ്ഥപോലും നാടിനെയാകെ പ്രതിസന്ധിയിലാക്കും. 

ആശുപത്രികളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും. സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും.  എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുൻകരുതൽ ഏർപ്പെടുത്തും. സാനിറ്റൈസർ ലഭ്യമാക്കും. വിമാനത്താവളത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നൽകും. സാമ്പിൾ പരിശോധിക്കാൻ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകി. ടെസ്റ്റിങ് ലാബുകളുടെ എണ്ണം വർധിപ്പിക്കും. കുവൈത്തും സൗദിഅറേബ്യയും കൊറോണ സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നതിനാൽ മാർഗനിർദേശം പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

കോവിഡുമായി ബന്ധപ്പെട്ട്‌ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ കെ ശൈലജ,  ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


 

ഏഴാം ക്ലാസ്‌ വരെ പരീക്ഷയില്ല
കോവിഡ്‌ ബാധയുടെ പശ്‌ചാത്തലത്തിൽ അങ്കണവാടികളും ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകളും മാർച്ച് 31 വരെ അടച്ചിടും. സിബിഎസ്‌ഇ, ഐസിഎസ്ഇ വിദ്യാലയങ്ങൾക്കും അൺഎയ്ഡഡ് വിദ്യാലയങ്ങൾക്കും ഇത്‌ ബാധകമാണ്. എസ്എസ്എൽസി, എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾക്ക്‌ മാറ്റമില്ല. രോഗലക്ഷണമുള്ള വിദ്യാർഥികളെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടും. ട്യൂഷൻ, സ്പെഷ്യൽ ക്ലാസ്‌, അവധിക്കാല ക്ലാസ്‌ എന്നിവ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.


 

വ്യാജ പ്രചാരണം: 8 കേസ്; 4 അറസ്റ്റ്‌
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിന്റെ എണ്ണം എട്ടായി.

എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രണ്ടും തൃശൂർ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാർ, കോഴിക്കോട് റൂറലിലെ കാക്കൂർ, വയനാട്ടിലെ വെള്ളമുണ്ട സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്‌തത്. നാലുപേർ അറസ്റ്റിലായി.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രവീഷ് ലാൽ, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് സ്റ്റേഷനിൽ സുകുമാരനും വെള്ളമുണ്ട സ്റ്റേഷനിൽ ഹാരിസ് ഈന്തനുമാണ്‌ അറസ്റ്റിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top