26 December Thursday

2 ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ റോയൽറ്റി ; എൽഡിഎഫ്‌ സർക്കാർ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നിറവേറുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


സംസ്ഥാനത്തെ രണ്ട്‌ ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ്‌ നൽകുക. രാജ്യത്ത്‌ ആദ്യമാണിത്‌‌. വെള്ളിയാഴ്‌ചമുതൽ അപേക്ഷിക്കാം. എൽഡിഎഫ്‌ സർക്കാരിന്റെ പ്രകടനപത്രികയിലെ  ഒരു വാഗ്ദാനം കൂടിയാണ്‌ സംരംഭത്തിലൂടെ നിറവേറുന്നതെന്ന്‌ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു.

നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കും കൃഷിക്കായി തയ്യാറാക്കുന്നവർക്കുമാണ്‌ റോയൽറ്റി നൽകുക. നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റംവരുത്താത്ത പയർവർഗങ്ങൾ, പച്ചക്കറികൾ, എള്ള്‌, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നവർക്കും തുക ലഭിക്കും. തുടർച്ചയായി മൂന്നു വർഷം തരിശിടുന്നവർക്ക്‌ റോയൽറ്റി ലഭിക്കില്ല. വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്‌ക്ക്‌ റോയൽറ്റി നൽകും. അപേക്ഷ  www.aims.kerala.gov.in  പോർട്ടൽ വഴി‌ നൽകാം‌. വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

പദ്ധതിക്കായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ പണം നേരിട്ട്‌ നൽകും. ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തിയാകും പണം നൽകുക. ജില്ലാ തലത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടറും സംസ്ഥാനതലത്തിൽ കൃഷി അഡീഷണൽ ഡയറക്ടറും പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഭക്ഷ്യസ്വയംപര്യാപ്‌തത ഉറപ്പുവരുത്തുക, ഭൂഗർഭ ജലം കുറയാതെ നിലനിർത്തുക, വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top