22 December Sunday

ചാരുതയോടെ ചങ്ങമ്പുഴ പാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


കൊച്ചി
നാടിന്‌ ഓണസമ്മാനമായി നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച നാടിന്‌ സമർപ്പിക്കും. വൈകിട്ട്‌ 5.30ന്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും. മന്ത്രി പി രാജീവ്‌ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പ്രൊഫ. എം കെ സാനു ഉൾപ്പെടെയുള്ളവർ സംസാരിക്കും.

ചങ്ങമ്പുഴ കവിതപോലെ മനോഹരമാണ്‌ ജിസിഡിഎ നേതൃത്വത്തിൽ നവീകരിച്ച പാർക്ക്‌. ഓഡിറ്റോറിയം ഉൾപ്പെടെ പുതുമോടിയിലാണ്‌. ആംഫി തിയറ്റർ, ഓപ്പൺ ജിം, നടപ്പാതകൾ, കളിസ്ഥലങ്ങൾ എന്നിവയും സജ്ജമാക്കി. ശുചിമുറി സമുച്ചയം, കൂടുതൽ ഇരിപ്പിടങ്ങൾ, ഡ്രെയിനേജ്‌ സംവിധാനം എന്നിവയും ഒരുക്കയിട്ടുണ്ട്‌.
എല്ലാവശത്തും കാറ്റ്‌ ലഭിക്കും വിധത്തിലുള്ള ഹെലികോപ്‌റ്റർ ഫാനാണ്‌ ഓഡിറ്റോറിയത്തിലുള്ളത്‌. ആംഫി തിയറ്റർ സ്‌റ്റേജിന്റെ പിൻഭാഗത്ത്‌ വാട്ടർ ഫൗണ്ടനും ഒരുക്കി. നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആർകിടെക്ടാണ്‌.

ഭിന്നശേഷി –-വയോജന സൗഹൃദമാണ്‌ നിർമിതികൾ എല്ലാം. ഇവർക്ക്‌ അനായാസമായി എത്താൻ റാമ്പുകൾ സജ്ജമാക്കി. നാനൂറിലധികം പേരെ ഉൾക്കൊള്ളൻ കഴിയും വിധമാണ്‌ സൗണ്ട്‌ പ്രൂഫായി ഓഡിറ്റോറിയം വിപുലീകരിച്ചത്‌. സ്‌റ്റേജിന്റെ ഉയരവും കൂട്ടി. ഫോട്ടോഗാലറിയുമുണ്ട്‌. പ്രധാനമായും ജില്ലയിലെ സാഹിത്യപ്രതിഭകളെ പരിചയപ്പെടുത്തുന്നതാണ്‌ ഗാലറി. ആംഫി തിയറ്ററിൽ നൂറിനടുത്ത്‌ പേർക്ക്‌ ഇരിക്കാം.

കുട്ടികൾക്കായി കായിക, വിനോദ ഉപകരണങ്ങളുമുണ്ട്‌. എട്ട്‌ ശുചിമുറികളിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കുള്ളതാണ്‌. നിലവിലുള്ളതിന്‌ പുറമേയാണ്‌ 50 ഗ്രാനൈറ്റ്‌ ബഞ്ചുകൾകൂടി നിർമിച്ചത്‌. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ പാർക്ക്‌ റോഡ്‌ നിരപ്പിലേക്ക്‌ ഉയർത്തി. 4.24 കോടിയുടെ സിഎസ്‌എംഎൽ സാമ്പത്തിക സഹകരണത്തോടെയാണ്‌ പാർക്ക്‌ നവീകരിച്ചത്‌.

ചങ്ങമ്പുഴയ്‌ക്ക്‌
 സ്‌നേഹപൂർവം
മലയാളികളുടെ എക്കാലത്തെയും പ്രിയ കവിയായ ചങ്ങമ്പുഴയുടെ ജീവചരിത്രം ഓഡിറ്റോറിയത്തിനോട്‌ ചേർന്ന ചുമരിൽ ആലേഖനം ചെയ്യും. അദ്ദേഹത്തിന്റെ സർഗചാരുത നിറഞ്ഞ കവിതകളിലെ വരികളും കൊത്തിവയ്‌ക്കും. നിലവിൽ ചങ്ങമ്പുഴയുടെ ശിൽപം പാർക്കിലുണ്ട്‌. വരുംതലമുറയ്‌ക്ക്‌ കൂടി കവിയെ പരിചയപ്പെടത്താൻ ലക്ഷ്യമിട്ടാണ്‌ ജീവചരിത്രവും വരികളും ആലേഖനം ചെയ്യുന്നത്‌.

പാരിസ്‌ ലക്ഷ്‌മി
 അരങ്ങുണർത്തും
ഉദ്‌ഘാടന ദിനത്തിൽ ചങ്ങമ്പുഴ പാർക്കിന്റെ അരങ്ങുണർത്തുന്നത്‌ പാരിസ്‌ ലക്ഷ്‌മി. വൈകിട്ട്‌ 6.30ന്‌ പാരിസ്‌ ലക്ഷ്‌മിയുടെ ഭരതനാട്യകച്ചേരി നടക്കും. 20 വരെ എല്ലാദിവസവും വൈകിട്ട്‌ വിവിധ കലാപരിപാടികളുമുണ്ടാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top