17 September Tuesday
സർക്കാർ ഉചിതമായ നിലപാട്‌ എടുത്തു , ആർഎസ്‌എസുമായി എൽഡിഎഫിലെ 
ഒരു പാർടിയും ബന്ധമുണ്ടാക്കില്ല

'ആര് തെറ്റ് ചെയ്താലും സംരക്ഷിക്കില്ല ; കടുത്ത നടപടി ' : എല്‍ഡിഎഫ് കണ്‍വീനര്‍

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2024


തിരുവനന്തപുരം
തെറ്റു ചെയ്തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കും എന്ന സർക്കാർ നിലപാടിന്‌ എൽഡിഎഫ്‌ സർവ പിന്തുണയും നൽകുമെന്നും അദ്ദേഹം  വാർത്താസമ്മേളനത്തിൽ  പറഞ്ഞു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.

പി വി അൻവർ എംഎൽഎയുടെ പരാതിയും തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയും സമഗ്രമായി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ്‌ നടപടി ആരംഭിച്ചിട്ടുണ്ട്‌. റിപ്പോർട്ട്‌ വരുന്ന മുറയ്‌ക്ക്‌ നടപടിയുണ്ടാകും എന്നതാണ്‌ സർക്കാർ നിലപാട്‌. സർക്കാർ ഉചിതമായ നിലപാട്‌ എടുത്തിട്ടുണ്ടെന്നാണ്‌ എൽഡിഎഫിന്റെ ബോധ്യം.
എഡിജിപി ആർഎസ്‌എസുകാരുമായി എന്ത്‌ ചർച്ചചെയ്‌തു എന്നതാണ്‌ പരിശോധിക്കേണ്ടത്‌. ആർഎസ്‌എസുമായി  ബന്ധമുണ്ടാക്കാനോ സഹകരിക്കാനോ എൽഡിഎഫിലെ ഒരു പാർടിയും പോകില്ല.  ആർഎസ്‌എസിന്റെ എല്ലാ നിലയിലുമുള്ള ആക്രമണങ്ങളെയും നേരിടേണ്ടി വന്നവരാണ്‌ ഞങ്ങൾ. അതിന്‌ വില കൊടുക്കേണ്ടിവന്നിട്ടുമുണ്ട്‌. അത്തരം ആളുകൾ ആർഎസ്‌എസുമായി ധാരണയ്‌ക്കോ കൂട്ടുകെട്ടിനോ പോകില്ല. അത്തരമൊരു നീക്കം സിപിഐ എമ്മിൽനിന്നോ എൽഡിഎഫിൽനിന്നോ ഉണ്ടാകില്ലെന്ന്‌ എല്ലാവർക്കും ഉറച്ചുവിശ്വസിക്കാം. ആരോപണം വന്നാൽ ശരിതെറ്റുകൾ നോക്കിയാണ്‌ തീരുമാനമെടുക്കുന്നത്‌. ആരോപണം ശരിയെങ്കിൽ കടുത്ത ശിക്ഷ നൽകണമെന്ന നിലപാടിൽനിന്ന്‌ പാർടിയോ മുന്നണിയോ മാറില്ല.  ഒരാശങ്കയും വേണ്ട. 

ഇ പിയെ മാറ്റിയ 
തീരുമാനം സംഘടനാപരം
ഇ പി ജയരാജനെ എൽഡിഎഫ്‌ കൺവീനർ സ്ഥാനത്തുനിന്ന്‌ മാറ്റിയത്‌ സംഘടനാപരമായ തീരുമാനപ്രകാരമാണ്‌. പ്രകാശ്‌ ജാവ്‌ദേക്കറെ കണ്ടതുമായി അതിന്‌ ബന്ധമില്ല.
 സ്‌പീക്കറുടേത്‌ സ്വതന്ത്ര പദവിയാണ്‌. അദ്ദേഹം എന്തു പറയണമെന്നത്‌ അദ്ദേഹംതന്നെ ആലോചിച്ച്‌ തീരുമാനിക്കേണ്ടതാണ്‌. ഫോൺ ചോർത്തൽ ആരു ചെയ്‌താലും തെറ്റാണ്‌. പി വി അൻവർ എഴുതിക്കൊടുത്ത എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്‌. അൻവറിന്റെ പരാതിയിൽ പി ശശിയെക്കുറിച്ച്‌ ഒരു പരാമർശവുമില്ല. പരാതിയുണ്ടെങ്കിൽ   എഴുതി നൽകാം. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത്‌ നല്ല ലക്ഷണമാണോ എന്നും ടി പി രാമകൃഷ്‌ണൻ ചോദിച്ചു.

എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തും
കൂടുതൽ ജനകീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാവുന്ന നിലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താൻ പരിപാടികൾ തയ്യാറാക്കിയതായി കൺവീനർ ടി പി രാമകൃഷ്‌ണൻ. മുന്നണി സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക്‌ എല്ലാ പാർടികളും പിന്തുണ അറിയിച്ചിട്ടുണ്ട്‌. വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്‌, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ പ്രാഥമിക ആലോചനകൾ നടത്തി. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള സർക്കാരിന്റെ മാതൃകാപരമായ നടപടികൾക്ക്‌ എല്ലാ പിന്തുണയും നൽകും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധമുള്ളപ്പോഴും ഓണക്കാലത്ത്‌ ജനങ്ങൾക്ക്‌ ആവശ്യമായ ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദമായാണ്‌ ഇടപെടുന്നത്‌–- അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top