22 December Sunday

ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷനില്‍ തമ്മിലടി ; പി ടി ഉഷയ്‌ക്കെതിരെ 
അവിശ്വാസ പ്രമേയത്തിന് നീക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


ന്യൂഡൽഹി
ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ (ഐഎഒ) 25ന്‌ നടത്താൻ തീരുമാനിച്ച പ്രത്യേക പൊതുയോഗത്തിൽ പ്രസിഡന്റ്‌ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കം. യോഗത്തിന്റെ 16 ഇന അജണ്ടയ്‌ക്ക്‌ പകരം അവിശ്വാസപ്രമേയം ഉൾപ്പെടെ 26 ഇന അജണ്ട പരിഗണിക്കണമെന്നാണ്‌ ആവശ്യം. ഉഷയ്‌ക്ക്‌ എതിരെ ഉയർന്ന ആരോപണങ്ങളിൽ ചർച്ച നടത്തുകയെന്ന ലക്ഷ്യത്തിലാണ്‌ എതിർപക്ഷത്തിന്റെ നീക്കം. 15 അംഗ എക്‌സിക്യുട്ടീവ്‌ കൗൺസിലിൽ 12 പേരും ഉഷയ്‌ക്ക്‌ എതിരാണെന്നാണ്‌ റിപ്പോർട്ട്‌. 12 അംഗങ്ങൾ ചേർന്ന്‌ ആക്‌ടിങ്‌ സിഇഒ ആയി നിയമിച്ച കല്യാൺ ചൗബെയാണ്‌ ഈ അജണ്ടപ്രകാരം ചർച്ച ആവശ്യപ്പെട്ടത്‌.
ഉഷ അംഗീകരിച്ച അജണ്ടയിൽ സിഇഒ ആയി നിയമിച്ച രഘുറാം അയ്യർക്ക്‌ സാധുത നൽകൽ, എതിർപക്ഷത്തിനെതിരെ ഉയർന്ന അഴിമതിയാരോപണം, ഭാരോദ്വഹന അസോസിയേഷന്റെ 1.75 കോടി എഴുതിത്തള്ളൽ, ട്രഷറർ സഹദേവ്‌ യാദവിനെതിരെയുള്ള ആരോപണങ്ങൾ തുടങ്ങിയവയാണ്‌ പ്രധാനം. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങളായ രാജലക്ഷ്‌മി സിങ്‌, ഭൂപീന്ദർ സിങ്‌, അളകനന്ദ അശോക്‌, അജയ്‌ പട്ടേൽ എന്നിവരുടെ യോഗ്യത, തയ്‌ക്കൊണ്ടോ അസോസിയേഷന്‌ കല്യാൺ ചൗബെ ഏകപക്ഷീയമായി അംഗീകാരം നൽകിയ വിഷയം എന്നിവയുമുണ്ട്‌. 

എന്നാൽ, അവിശ്വാസത്തിനൊപ്പം പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറയ്‌ക്കൽ അടക്കമുള്ളവയാണ്‌ എതിർപക്ഷത്തിന്റെ അജണ്ടയിൽ ഉള്ളത്‌. റിലയൻസിന്‌ ചട്ടം മറികടന്ന്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ സ്‌പോൺസർഷിപ്പ്‌ നൽകിയത്‌ വഴി  ഉഷ 24 കോടി നഷ്‌ടമുണ്ടാക്കിയെന്ന ആരോപണവും ചർച്ച ചെയ്യണമെന്നും ആവശ്യമുണ്ട്‌. അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കിൽ ചട്ടപ്രകാരം നോട്ടീസ്‌ നൽകണമെന്നും അതുണ്ടായിട്ടില്ലന്നും ഉഷ പ്രതികരിച്ചു. ചൗബെയെ ആക്‌ടിങ്‌ സിഇഒ ആയി നിയമിച്ചിട്ടില്ല. അന്താരാഷ്‌ട്ര ഒളിമ്പിക്‌ സമിതിയും കേന്ദ്ര കായിക മന്ത്രാലയവും അംഗീകരിച്ച സിഇഒ രഘുറാം അയ്യരാണ്‌. റിലയൻസുമായുള്ള കരാറിൽ 24 കോടി നഷട്‌പ്പെട്ടുവെന്ന സിഎജി റിപ്പോർട്ട്‌ തെറ്റിദ്ധാരണ മൂലമാണ്‌. അതിൽ കൃത്യത വരുത്തി. നിയമവിരുദ്ധ യോഗം നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു. 10 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങൾ അവിശ്വാസനോട്ടീസ്‌ നൽകിയെന്നാണ്‌ എതിർപക്ഷം പറയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top