24 December Tuesday

ലഹരിക്കേസ്‌ ; ശ്രീനാഥ്‌ ഭാസിയെയും 
പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്‌തു , ഓംപ്രകാശിനെ അറിയില്ലെന്ന്‌ താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


കൊച്ചി
കൊച്ചിയിലെ ആഡംബരഹോട്ടലിൽ ലഹരിപ്പാർടി നടത്തിയ ഗുണ്ടാനേതാവ് ഓംപ്രകാശിനെ സന്ദർശിച്ച നടൻ ശ്രീനാഥ്‌ ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും പൊലീസ്‌ ചോദ്യം ചെയ്‌തു. എസിപി രാജ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഹോട്ടലിൽ എത്തിയ സാഹചര്യം, ഓംപ്രകാശുമായുള്ള ബന്ധം, പാർടിയിൽ പങ്കെടുത്തവരുമായുള്ള പരിചയം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇരുവരുടെയും മൊഴികൾ പരിശോധിച്ചശേഷം ഓംപ്രകാശിനെയും കൂട്ടാളി ഷിഫാസ്‌, ബിനു ജോസഫ്‌ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും.

അഭിഭാഷകനൊപ്പം പകൽ 11.50നാണ്‌ ശ്രീനാഥ്‌ ഭാസി മരട്‌ പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരായത്‌. വൈകിട്ട് 5.30 ഓടെ ചോദ്യം ചെയ്യൽ പൂർത്തിയായി. തൊട്ടുപിന്നാലെ സൗത്ത്‌ പൊലീസ്‌ സ്‌റ്റേഷനിൽ നടി പ്രയാഗ മാർട്ടിനെത്തി. നടൻ സാബുമോനും ഒപ്പമുണ്ടായിരുന്നു. രാത്രി 7.30 നാണ്‌ ചോദ്യം ചെയ്യൽ പൂർത്തിയായത്‌.
ലഹരിപ്പാർടിയിൽ പങ്കെടുത്ത മുഴുവൻപേരുടെയും വിവരങ്ങൾ പൊലീസിന്‌ ലഭിച്ചു. ഇവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിൽ ഇതുവരെ ഓംപ്രകാശ്‌, കൂട്ടാളി ഷിഫാസ്‌, താരങ്ങളെ ഹോട്ടലിൽ എത്തിച്ച ബിനു ജോസഫ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ഓംപ്രകാശിനെ അറിയില്ലെന്ന്‌ താരങ്ങൾ
ഗുണ്ടാനേതാവ് ഓംപ്രകാശിനെ അറിയില്ലെന്നാണ്‌ സിനിമാതാരങ്ങളായ പ്രയാഗയും ശ്രീനാഥും നൽകിയ മൊഴി. ആഡംബര ഹോട്ടലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾവന്നശേഷം ഗൂഗിളിൽ സെർച്ച്‌ ചെയ്താണ്‌ ഓംപ്രകാശിനെക്കുറിച്ച്‌ മനസ്സിലാക്കിയതെന്ന്‌ മാധ്യമങ്ങളോട്‌ പ്രയാഗ പറഞ്ഞു. സുഹൃത്തുക്കളെ കാണാനാണ്‌ ഹോട്ടലിൽ എത്തിയത്‌. അവിടെ ഓംപ്രകാശിനെ കണ്ടതായി ഓർക്കുന്നില്ല. ഹോട്ടലിൽ പാർട്ടി ഉണ്ടായിരുന്നില്ലെന്നും പ്രയാഗ പറഞ്ഞു.
ഓംപ്രകാശിനെ പരിചയമില്ലെന്ന്‌ ശ്രീനാഥ്‌ അന്വേഷകസംഘത്തോട്‌ പറഞ്ഞു. ലഹരി ഉപയോഗിക്കാറില്ല. അറസ്റ്റിലായ ബിനു ജോസഫിനെ പരിചയമുണ്ട്‌. സാമ്പത്തിക ഇടപാടുണ്ടെന്നും മൊഴി നൽകിയെന്നാണ്‌ വിവരം. മാധ്യമങ്ങളോട്‌ പ്രതികരിച്ചില്ല. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top