24 November Sunday

അമേരിക്കയിലേക്ക്‌ ചെമ്മീൻ കയറ്റുമതി ; വലകളിൽ ടെഡ് ഘടിപ്പിക്കണം: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


വൈപ്പിൻ
അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി പുനരാരംഭിക്കാൻ എല്ലാ വലകളിലും കടലാമകളെ ഒഴിവാക്കുന്ന ഉപകരണം (ടെഡ്) ഘടിപ്പിച്ചെന്ന് ഉറപ്പാക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. യുഎസ് നാഷണൽ ഒഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) സർട്ടിഫൈ ചെയ്‌ത ടെഡാണ്‌ ഉപയോഗിക്കേണ്ടതെന്നു മന്ത്രി പറഞ്ഞു.

ചെമ്മീൻ ഇറക്കുമതി നിരോധിച്ചതിനാൽ കേരളത്തിലെ സമുദ്രോൽപ്പന്ന കയറ്റുമതിക്കാർക്ക് അമേരിക്കൻ വിപണിയുടെ വിഹിതം നഷ്ടപ്പെടാൻ ഇടയായി. വർഷം 800 കോടിയുടെ ചെമ്മീൻ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്ന കേരളം വളരെ കുറഞ്ഞ വിലയിൽ ആഭ്യന്തരവിപണിയിൽ വിറ്റഴിക്കേണ്ട സാഹചര്യമാണ്‌. ഇത്‌ മത്സ്യത്തൊഴിലാളികളുടെയും പീലിങ് ജീവനക്കാരുടെയും വരുമാനം ഗണ്യമായി കുറച്ചതായും മന്ത്രി പറഞ്ഞു. കടലാമസംരക്ഷണത്തിന്റെ പേരിൽ അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചത് വ്യവസായത്തിനും മത്സ്യത്തൊഴിലാളികൾക്കും ഏൽപ്പിച്ച പ്രഹരത്തെ സംബന്ധിച്ച്‌ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

ചെമ്മീൻ ഇറക്കുമതി നിരോധനംമൂലം ശരാശരി വിലയിൽ 42 ശതമാനം ഇടിവുണ്ടായി. ബോട്ടം ട്രോൾ വലകളിൽ ടെഡ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ നിയമം ഭേദഗതി ചെയ്തിരുന്നു. സിഐഎഫ്ടി വികസിപ്പിച്ച ടെഡ് ട്രോൾ നെറ്റുകളിൽ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ, മുനമ്പം, തോപ്പുംപടി, മുനക്കക്കടവ്, പൊന്നാനി, ബേപ്പൂർ, പുതിയാപ്പ, മടക്കര ഹാർബറുകൾ കേന്ദ്രീകരിച്ച്‌ പരീക്ഷണം നടത്തും. ചെമ്മീൻ കയറ്റുമതിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താൻ ഉദ്യോഗസ്ഥരും സംഘടനാപ്രതിനിധികളും ഉൾപ്പെട്ട സംഘം ഉടൻ ഡൽഹിയിലെത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top